2014, മാർച്ച് 22, ശനിയാഴ്‌ച

മഗലത്തു വീട്

            മംഗലത്തു വീട്ടിലെ മാധവിയമ്മ എല്ലാകാര്യത്തിലും വളരെ കണിശക്കാരിയാണു.അടുത്തു വരുന്ന അവരുടെ ഷഷ്ടിപൂര്‍ത്തി ആര്‍ഭാടമാക്കാനുള്ള ഒരുക്കത്തിലാണവരിപ്പോള്‍. ബന്ധുക്കളെയും നാട്ടുകരെയും ക്ഷണിച്ചു അന്നേദിവസം കേമമക്കണമെന്ന ഏക ആഗ്രഹം.വയസ്സു അറുപതോടു അടുത്തെങ്കിലും അഴകിനേയും ആരോഗ്യത്തിനേയും വാര്‍ദ്ധക്യത്തിനു വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിക്കുന്നു.കാതിനു അല്പം കേഴ് വി കുറവാണങ്കിലും കണ്ണിനു കാഴ്ചയുള്ളതു കൊണ്ടു താന്‍ എന്തു കേട്ടാലും അതാണു ശരിയെന്ന മട്ടിലാ‍ണു മാധവിയമ്മയെന്നും.
         
        മാധവിയമ്മയുടെ കേള്‍വിക്കുറവു മംഗലത്തു വീട്ടിലും അയല്‍പക്കത്തും ചില രസകരമായ സംഭവങ്ങള്‍ക്കു വഴിയൊരുക്കിയട്ടുണ്ട്.മരുമകള്‍ ശ്രീദേവിറ്റീച്ചറും ചെറുമകള്‍ കാര്‍ത്തുവും ഈ രസകരമായ സംഭവങ്ങളില്‍ പലപ്പോഴും മാധവിയമ്മയുടെ സരസ്വതീ കീര്‍ത്തനം കേട്ടു കണ്ണും കാതും പൊത്തിയിരിക്കാറുണ്ടു.
മാധവിയമ്മയുടെ ഏകമകന്‍ രാമകൃഷ്ണന്റെ ഭാര്യയാണു ശ്രീദേവിറ്റീച്ചര്‍. രാമകൃഷ്ണന്‍ ഗള്‍ഫിലും ശ്രീദേവിറ്റീച്ചര്‍ നാട്ടിലെ സര്‍ക്കാര്‍ സ്കൂളീലും ജോലി നോക്കുന്നു.ഇവരുടെ അരിമകിടാവാണു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാര്‍ത്തു.
        
        മാധവിയമ്മയുടെ അറുപതാം പിറന്നാളു ആഘോഷിക്കുന്ന ദിവസം തന്നെയാണു ശ്രീദേവിറ്റീച്ചര്‍ടെ ജീവിതത്തിലേയും പ്രധാനപ്പെട്ട ആദിനം കടന്നുവരുന്നതു. അതിന്റെ സന്തോഷത്തിലാണു റ്റീച്ചറെങ്കിലും മാധവിയമ്മയുടെ ഷഷ്ടിപൂര്‍ത്തി ചടങ്ങു ആ സന്തോഷത്തിനു അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ടു.രാമകൃഷ്ണന്‍ ശ്രീദേവീ ദമ്പതികളുടെ വിവാഹ വാര്‍ഷികവും അന്നു തന്നെ വന്നു കൂടി.അറുപതു തികയുകയാണങ്കിലും പതിനാറിന്റെ ലാഘവത്തോടെയാണു മാധവിയമ്മ ചട്ടവട്ടങ്ങള്‍ ഒരുക്കുന്നതു.ഈ ചടങ്ങിനു മകന്‍ രാമകൃഷ്ണന്‍ ഇല്ലാത്തതും മാധവിയമ്മയുടെ മനസ്സില്‍ ഒരു കാര്‍മേഘം മൂടി നില്‍ക്കുകയണു.
      
       ശ്രീദേവിറ്റീച്ചര്‍ സ്കൂളീല്‍ നിന്നിം വരുന്ന വഴി സുപ്പര്‍മാര്‍ക്കറ്റില്‍ കയറി ആഘോഷദിവസത്തിലെ സാദനങ്ങള്‍ക്കു വേണ്ട ലിസ്റ്റു കോടുത്തു നേരം വൈകിയാണു വീട്ടില്‍ എത്തിയതു .റ്റീച്ചറെ കണ്ടപ്പോള്‍ തന്നെ മാധവിയമ്മയുടെ വായില്‍ നിന്നും ശകാരവര്‍ഷങ്ങള്‍ പെയ്തു തുടങ്ങി.ഒരുമ്പെട്ടവള്‍....തറവാടിനു മാനക്കേടുണ്ടാക്കാനായി കയറി വന്ന ജന്തു...എന്റെ രാമകൃഷ്ണാ നിനക്കു ഈ പൂതനയെ ആണല്ലോ കിട്ടിയതു...ഇവള്‍ ശ്രീദേവിയല്ല ...മൂതേവിയാണു മൂതേവി...
സന്ധ്യാസമയത്തു നാമം ജപിക്കേണ്ട തള്ളക്കു ഇതെന്തു പറ്റിയന്നറിയാതെ ശ്രീദേവിറ്റീച്ചറൊന്നു പരിഭ്രമിച്ചു.കാര്‍ത്തുവിനോടു തിരക്കി അവള്‍ക്കും അറിയില്ല കാര്യം.ഏതോ വലിയ കാര്യം കിളവിക്കു കിട്ടിയട്ടുണ്ടു. അതാ ഇങ്ങനെ കിടന്നു ചിലക്കുന്നതു.എന്താണാവോ.അതറിയണം. അറിഞ്ഞു കൊണ്ടു ഒരു തെറ്റും ചെയ്തില്ല.രാവിലെ പോകുമ്പോള്‍ വീട്ടിലെ ജോലിയെല്ലാം തീര്‍ത്തു ഭക്ഷണവും ഉണ്ടാക്കി വെച്ചിട്ടാണല്ലോ പോയ്യതു.പിന്നെ തള്ളക്കു തിന്നു കൊണ്ടൂ വേറുതെയിരിക്കുമ്പോള്‍ എന്തിന്റെ കേടാ.കാര്യം അറിയണാമല്ലോ വയസ്സു കാലത്തു പൊന്നു പോലെ നോക്കുന്നതിന്റെ നന്ദിയില്ലാത്തതള്ള എന്നൊക്കെവിചാരിച്ചു റ്റീച്ചര്‍ കാര്യം മാധവിയമ്മയോടു തന്നെ തിരക്കി.
 
“എന്താണമ്മേ ഇങ്ങനെയൊക്കെ പറേണതു....? എന്തുണ്ടയ്യീന്നു പറയ്”
“എടീ കെട്ടിയോന്മാരേ വഞ്ചിക്കരുതു....അങ്ങനത്തവളുമാരു ഒരിക്കലും കൊണം പിടിക്കില്ല”
“ അതിനിപ്പം ഞാനാരെ വഞ്ചിച്ചെന്നാ അമ്മ പറയണേ”
“എന്റെ മോന്‍ രാമകൃഷ്ണനെ....അല്ലാതാരാ നിന്റെ കെട്ടിയോന്‍”
“ദേ...തള്ളേ ...എന്നെക്കൊണ്ടൊന്നു പറയിക്കല്ലേ...ദൈവത്തേപ്പോലെയാ എനിക്കു രാമേട്ടന്‍....ഇങ്ങനൊക്കെ പറഞ്ഞാല്‍ ദൈവദോഷം കിട്ടും”
“ അതേടി ദൈവദോഷം കിട്ടും...നിനക്കു”
“അതിനിപ്പം എന്താ ഉണ്ടായന്നു പറഞ്ഞു തുലക്കു”

“പറയാടി ...നിന്റെ രഹസ്യക്കാരന്‍ ഫോണില്‍ വിളിച്ചു...ഇതു ശ്രീദേവീടെ വീടല്ലേന്നു...അവനു ശ്രീദേവിയെ ഒന്നു വേണവന്നു പോലും.വീട്ടീല്‍വരാന്‍ വഴി ചോദിച്ചേക്കുന്നു ഒരു കൂസലുമില്ലാതെ....ആരാടീ അവന്‍ ആ കുര്യന്‍”
“അമ്മേ....എനിക്കങ്ങനെയൊരു രഹസ്യക്കാരനില്ല...ആരെങ്കിലും നമ്പരു തെറ്റി വിളിച്ചതായിരിക്കും”
“നമ്പരുതെറ്റിയങ്കില്‍ നിന്റെ പേരു തെറ്റിയില്ലാല്ലോ അവനു....ഫോണ്‍ വെക്കടാ പട്ടീന്നു ഞാന്‍ പറഞ്ഞിട്ടുണ്ടു അവനോടു.ഇതിനി എന്റെ രാമകൃഷ്ണനെ അറിയിച്ചിട്ടെ ബാക്കി കാര്യള്ളു.. അതു വരെ നീ ഈ വീട്ടില്‍ മിണ്ടിയേക്കരുതു” ഇതു മരുമകള്‍ക്കു നേരേ മാധവിയമ്മേടേ കര്‍ശ്ശന ഉത്തരവായിരുന്നു.
 
         ശ്രീദേവിറ്റീച്ചര്‍ ഒന്നും മനസ്സിലാകാതെ ഓരൊരോ ചിന്തകള്‍ മനസ്സിലെടുത്തിട്ടു ചികഞ്ഞു നോക്കി. “ഈ കിളവി തള്ള പറഞ്ഞതോരൊന്നും മനസ്സിനെ കുത്തി നോവിച്ചിരുന്നു.എങ്ങും ഒരു തുമ്പും കിട്ടിയില്ല.ആരാണു ഫോണില്‍ വിളിച്ചതു ...ഏതു കുര്യന്‍ ....ആരാണയാള്‍...ആലോചിച്ചു നോക്കുമ്പോള്‍ ബാങ്ക് മാനേജര്‍ കുര്യന്‍ സാറിന്റെ കാര്യം ഓര്‍മ്മ വന്നു.ഇനി അയാളാണോ, ആണങ്കില്‍ അയാളെന്തിനു ഫോണില്‍ വിളിക്കണം.അയാള്‍ വളരെ മര്യാധയോടെ ഇതു വരെ ഇടപെട്ടിട്ടുള്ളു.അയാളാണങ്കില്‍ ഈ തള്ള വെക്കടാ പട്ടീന്നു വിളിച്ചതു...ശ്ശേ , അങ്ങേരുടെ മുഖത്തു എങ്ങനെ നോക്കും...ആബാങ്കിലേക്കു ഇനി എങ്ങനെ ചെല്ലും.ഇയാളിനി മാന്യത മാറ്റി വെച്ചു തനി ആണിന്റെ സ്വഭാവം കാണിച്ചതാണോ,ഈശ്വര ഒരു സമദാനവും കിട്ടുന്നില്ലാലോ, നാളെ രാമേട്ടന്‍ വിളിക്കുമ്പോള്‍ തള്ള എന്തെല്ലാമായിരിക്കും പറഞ്ഞു കൊടുക്കുക,രാമേട്ടന്‍ തന്നെ തെറ്റുകാരിയായി കാണുമോ , ആ മനസ്സു വിഷമിക്കില്ലേ ,അങ്ങനെയെങ്കില്‍ ജീവിച്ചിരുന്നിട്ടെന്താകാര്യം ,അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്കു വരുന്നവരൊക്കെ അറിയില്ലേ , എല്ലാവരും തന്നെ തെറ്റായികാണില്ലേ.സന്തോഷത്തോടെ വരവേല്‍ക്കാനിരുന്ന വിവാഹവാര്‍ഷികത്തിനു ഇനിയും എന്തു സന്തോഷം.....”ഇങ്ങനെ നൂറു ചിന്തകളുമായി മനസ്സു നൊന്തു പുലരും വരെ ശ്രീദേവിറ്റീച്ചര്‍ ഉറങ്ങാതെ കിടന്നു.

         പുലര്‍ച്ചതന്നെ ശ്രീദേവിറ്റീച്ചര്‍ കുളിച്ചൊരുങ്ങി അടുത്തുള്ള കൃഷ്ണനമ്പലത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു മനസ്സിലെ ദു:ഖത്തിനു ശന്തി കിട്ടാന്‍ കേട്ടതൊന്നും സത്യമാകാതിരിക്കാന്‍ വഴുപാടുകളും നടത്തി കലങ്ങിയമനസ്സിന്റെ ഭാരവും പേറി വീട്ടിലേക്കു മടങ്ങി.വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ ഒരു ഇന്നോവാ കാര്‍ അവിടെ വന്നു നിന്നു.അതില്‍ നിന്നും പരിചയ മില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു.ഇതല്ലേ മംഗലത്തു ശ്രീദേവിയൂടെ വീട് അല്പം ഗൌരവത്തോടെ അയാള്‍ ചോദിച്ചു.അതേന്നു മടിച്ചു മടിച്ചു റ്റീച്ചര്‍ മറുപടി നല്‍കി.ഇന്നലെ ഇവിടെക്കു വിളിച്ചിരുന്നു വീടൊന്നു കണ്ടു പിടിക്കാന്‍ എന്നു പറഞ്ഞു അയാള്‍ കാറിനരികിലേക്കു തിരിച്ചു നടന്നു. കാറിനുള്ളിലിരുന്ന ഡ്രൈവര്‍ക്കു എന്തോ നിര്‍ദ്ദേശം കൊടുത്തു.
ശ്രീദേവിറ്റീച്ചര്‍ക്കു നെഞ്ചിടുപ്പും അങ്കലാപ്പും കൂടി വന്നു .ഒരു രാത്രി മുഴുവനും തീ തീറ്റിച്ച ദ്രോഹി ദാ മുന്നില്‍ എത്തിയിരിക്കുന്നു.ഇയാള്‍ എന്തിനു വന്നു.എന്തു ചെയ്യണമന്നറിയാതെ പരിഭ്രമം കൂടി വന്നപ്പോള്‍ മാധവിയമ്മയും വീട്ടിനുള്ളില്‍ നിന്നും പുറത്തെക്കിറങ്ങി വന്നു .അയാള്‍ കാറിനരികില്‍ നിന്നും അവരുടെ അരികിലേക്കു നടന്നടുത്തു . ഒരു പേപ്പര്‍ നീട്ടിക്കൊണ്ടു ഇതിലൊന്നു ഒപ്പിടാന്‍ ആവശ്യപ്പെട്ടു.എന്തിനു എന്ന ഭാവത്തില്‍ നോക്കുന്ന റ്റീച്ചറേയും മാധവിയമ്മയേയും നോക്കി അയാള്‍ ചോദിച്ചു ഇന്നലെ ഫോണ്‍ എടുത്തു ചീത്ത പറഞ്ഞ അമ്മച്ചിയല്ലേ ഇതു.വീണ്ടും വിളിക്കാതിരിക്കാന്‍ അമ്മച്ചി റിസീവറും മാറ്റി വെച്ചിരിക്കയാണല്ലേ.അമ്മച്ചി ഞങ്ങള്‍ പെണ്ണു പിടുത്തക്കാരല്ല. എന്റെ പേരു കുര്യനെന്നുമല്ല . കൊറിയര്‍ സര്‍വ്വീസാണ്.രാമകൃഷ്ണന്‍ ശ്രീദേവിയുടെ പേരില്‍ ഒരു പാഴ്സല്‍ അയച്ചിരുന്നു .അതു തരാന്‍ വേണ്ടിയാ ഫോണ്‍ ചെയ്തു വീടു തിരക്കിയതു.അമ്മച്ചീടെ കേള്‍വി കാരണം കുറച്ചൊന്നു ചുറ്റേണ്ടി വന്നു.

       സങ്കടം നിറഞ്ഞ സന്തോഷം കൊണ്ടു പൊട്ടിക്കരഞ്ഞ ശ്രീദേവിറ്റീച്ചറെ കുറ്റബോധം കടിച്ചമര്‍ത്തി യ മാധവിയമ്മ ആശ്വസിപ്പിച്ചു....അമ്മയുടെ ഷഷ്ടിപൂര്‍ത്തിയും റ്റീച്ചര്‍ടെ വിവാഹ വാര്‍ഷികത്തിനുമുള്ള സമ്മാനമായിരുന്നു ആപാഴ്സല്‍. അവരതങ്ങു അടിച്ചു പൊളിച്ചു നടത്താന്‍ തീരുമാനിച്ചു .

2014, മാർച്ച് 20, വ്യാഴാഴ്‌ച

മരവും വള്ളിചെടിയും


   










 മറ്റു മരങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ പൂവിട്ടു കായിച്ചു നിന്ന മരം ഒരു തണലും ആശ്രിതര്‍ക്കു ഒരു ആശ്രയവുമായിരുന്നു.ആശ്രയം തേടി ആമരത്തിന്റെ തണലില്‍ ഒരു വള്ളിച്ചെടി മുളച്ചു വന്നു.മരത്തിന്റെ തണലില്‍ വളര്‍ന്നു വലുതായ വള്ളിച്ചെടിക്കു മരത്തിനോടു പ്രണയത്തിന്റെ മൊട്ടുകള്‍ നാമ്പിട്ടു.

    നിലാവിള്ള ഒരു രാത്രിയില്‍ ശിഖരങ്ങളും ചില്ലകളും നിശ്ചലമാക്കി ശയിച്ചിരുന്ന ആ മരത്തിനരികിലേക്കു നാമ്പുകള്‍ നീട്ടി വള്ളിച്ചെടിയുടെ പടലുകള്‍ നീങ്ങി.മെല്ലെ ആമരത്തിലെക്കു ഇഴഞ്ഞു കയറന്‍ ശ്രമിച്ച വള്ളിചെടിയെ ആവേശത്തോടെ ആമരം തന്റെ ശിഖരങ്ങളിലേക്കു ആനയിച്ചു.പിന്നീടുള്ള രാവുകളിലെല്ലാം മരത്തിനെ ചുറ്റിപ്പുണര്‍ന്നു എല്ലാശിഖരങ്ങളിലും പടര്‍ന്നു കയറി മരത്തിനെ സ്വന്തമാക്കിയ വള്ളിചെടി തളിരുകളും പൂവുകളും കൊണ്ടു സുഗന്ധം പരത്തി.

   മരത്തിന്റെ മേനിയില്‍ പടര്‍ന്നു കയറി ഊര്‍ജ്ജം വലിച്ചെടുത്തു വള്ളിച്ചെടി നിത്യയൌവ്വനമായി പുഷ്പിച്ചു കൊണ്ടിരുന്നു.കാലങ്ങള്‍ പിന്നിട്ടപ്പോഴും കൂടുതല്‍ കരുത്തോടെ തന്റെ മേനിയില്‍ പടര്‍ന്നു കയറുന്ന വള്ളിപ്പടര്‍പ്പിനെ താങ്ങി നിര്‍ത്താണുള്ള കരുത്തു ആമരത്തി നഷ്ടപ്പെട്ടു കൊണ്ടിരുന്നു.ശുഷ്കിച്ചു തുടങ്ങിയ ആ മരത്തിന്റെ ഇലകള്‍ ചുരുണ്ടു പച്ചിപ്പു മങ്ങി പഴുത്തു കൊഴിഞ്ഞു തുടങ്ങി.അപ്പോഴും പടര്‍ന്നു കയറാനുള്ള മോഹവുമായി വള്ളിചെടിക്കു പുത്തന്‍ നാമ്പുകള്‍ മുളപൊട്ടിക്കൊണ്ടെയിരുന്നു..

   ചുറ്റുമുള്ള മരക്കൂട്ടങ്ങളുടെ ചില്ലകള്‍ കാറ്റിലാടി വന്നു തഴുകി ചുംബിക്കുമ്പോള്‍ മുളപൊട്ടിയ പുതുനാമ്പുകള്‍ ആ ചില്ലയില്‍ ചുറ്റിപടരുവാന്‍ മോഹിക്കുന്നു.തന്റെ ചുമലില്‍ ചുറ്റിപിണഞ്ഞു മറ്റു മരചില്ലകള്‍ക്കു ഉമ്മ വെക്കുന്ന വള്ളിക്കെട്ടിനെ താങ്ങാന്‍ ശക്തിയില്ലാതെ അടി വേരുകള്‍ ക്ഷയിച്ചു ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങി ചില്ലകള്‍ തളര്‍ന്നു ഇലകള്‍ കൊഴിഞ്ഞു മറ്റു മരക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഹാസവും വാങ്ങി നില്‍ക്കുന്നു ഒരു പടുവൃക്ഷം.
  

  ഇതായിരുന്നു ഇപ്പോള്‍ ആമരം നട്ടുവളര്‍ത്തിയ അയാളുടേയും അവളുടെയും അവസ്ഥ....
വാര്‍ദ്ധക്യത്തിലേക്കു പിച്ചവെക്കുന്ന ശക്തി ക്ഷയിച്ച അയാളും യൌവ്വനത്തിന്റെ പടവുകള്‍ വീണ്ടും ചവുട്ടുന്നതിനു മറ്റു മനസ്സുകളില്‍ ഇടം തേടുന്ന അവളും..


ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...