2011, ജൂലൈ 28, വ്യാഴാഴ്‌ച

മഹത് വചനങ്ങള്‍


ആത്മബോധം
ആനന്ദത്തെ തനിക്കുള്ളില്‍ കണ്ടെത്തുന്നവന്‍, ഉള്ളിലെ വിളക്ക് കൊളുത്തിയവന്‍, ചിത്തത്തെ ബ്രഹ്മത്തില്‍ പ്രതിഷ്ഠിച്ചവന്‍ ആരോ അവന്‍ ശാശ്വതമോചനം നേടുന്നു. - ഭഗവദ്ഗീത
കാറ്റേല്‍ക്കാത്ത ഒരിടത്ത് ഒരു മണ്‍വിളക്കുണ്ട്. അതിലെ തീനാളം അനങ്ങാതെ നില്‍ക്കുന്നു, ചാഞ്ചല്യമില്ലാത്ത മനസ്സോടെ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവനും അതുപോലെയാണ്. യോഗസാധനയിലൂടെ മനസ്സിനെ അധീനത്തിലാക്കി, പ്രശാന്തിയെ അറിഞ്ഞവനു കേവലമായ ആത്മദര്‍ശനം തന്നെ തൃപ്തിയേകുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക് അതീതനായി സഞ്ചരിക്കുന്ന ആ യോഗി താന്‍ അനുഭവിച്ചറിഞ്ഞ അതിരറ്റ ആത്മാനുഭൂതി അമൂല്യമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ ആ ആത്മജ്ഞാനത്തില്‍നിന്നു പിന്നീടൊരിക്കലും അകലുന്നുമില്ല. ആ നേട്ടത്തിനു മുന്നില്‍ മറ്റു നേട്ടങ്ങളെല്ലാം നിഷ്പ്രഭമായിരിക്കുന്നു. ഇപ്പോള്‍ വന്‍ ദുഃഖങ്ങള്‍ പോലും ആ മനസ്സിനെ മുക്കിക്കളയുന്നില്ല. സാധാരണഗതിയില്‍ ദുഃഖങ്ങള്‍ വരുമ്പോള്‍ തകര്‍ന്നിരുന്ന മനസ്സ് ഇപ്പോള്‍ അതില്‍നിന്നു പോലും അകന്നു കഴിഞ്ഞിരിക്കുന്നു.
വ്യാമോഹങ്ങള്‍ ഒഴിഞ്ഞ മനസ്സോടെ എല്ലാ ദിശയില്‍നിന്നും ഇന്ദ്രിയ കവാടങ്ങള്‍ അടച്ചവന്‍ മനസ്സിനെ അന്തരാത്മാവില്‍ പ്രതിഷ്ഠിച്ച് പടിപടിയായി പരമാനന്ദത്തെ പുല്‍കട്ടെ. കാറ്റാടി മരം കണക്കെ ബാഹ്യവിഷയങ്ങളിലേക്ക് മനസ്സ് ആടി ഉലയുന്നുവെങ്കില്‍ അതിനെ വീണ്ടും ആത്മനിയന്ത്രണത്തിലാക്കൂ.

ഒരു യോഗി ഹൃദയകേന്ദ്രീകരണം നിത്യസാധനയാക്കണം. സ്ഥൂല-സൂക്ഷ്മ ശരീരങ്ങളെ ജയിച്ച് ഏകാന്തതയില്‍ വസിക്കണം. ശുദ്ധമായൊരു ഇടം കണ്ടെത്തി അവിടെ ആസനസ്ഥനായി അവന്‍ ഏകാഗ്രചിത്തനായി ആത്മശുദ്ധീകരണത്തില്‍ മുഴുകണം. പ്രശാന്തമായ ഹൃദയത്തോടെ ഭയരഹിതനായി ബ്രഹ്മചര്യനിഷ്ഠയില്‍ ഈശ്വരനെ പരമലക്ഷ്യമായി വരിക്കുന്നവന്‍ നിത്യമോചനം നേടി ഈശ്വരനെത്തന്നെ പ്രാപിക്കുന്നു.

എന്നാല്‍ അര്‍ജ്ജുനാ, യോഗമാര്‍ഗം അമിതാഹാരികള്‍ക്കും ഉറക്കപ്രിയന്‍മാര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അത്രതന്നെ അല്‍പ്പാഹാരികള്‍ക്കും നിദ്രാവിഹീനന്‍മാര്‍ക്കും ചേര്‍ന്നതല്ല. അന്നത്തിലും ഉറക്കത്തിലും കര്‍മ്മത്തിലും മിതത്വം പാലിക്കുന്നവന്റെ സകല ദുരിതങ്ങളും അകറ്റാനുള്ള വഴിയാണ് യോഗ. മോഹങ്ങള്‍ പെയ്‌തൊഴിഞ്ഞ മനസ്സിനെ പരമാത്മാവില്‍ വിശ്രമിപ്പിക്കുന്നവനെ 'യുക്തന്‍' (ആത്മജ്ഞാനത്തില്‍ അതിവേഗം പുരോഗമിക്കുന്നവന്‍) എന്നു പറയുന്നു. - ഭഗവദ്ഗീത

ആത്മബോധം
ആനന്ദത്തെ തനിക്കുള്ളില്‍ കണ്ടെത്തുന്നവന്‍, ഉള്ളിലെ വിളക്ക് കൊളുത്തിയവന്‍, ചിത്തത്തെ ബ്രഹ്മത്തില്‍ പ്രതിഷ്ഠിച്ചവന്‍ ആരോ അവന്‍ ശാശ്വതമോചനം നേടുന്നു. - ഭഗവദ്ഗീത





മനസ്സ് അസ്വസ്ഥവും ചഞ്ചലവുമാണ്. അതിനെ കാത്തുവെക്കാനും പിടിച്ചുനിര്‍ത്താനും പാടാണ്. ശരങ്ങള്‍ പണിയുന്നവന്‍ അവ നേരെയാക്കുന്ന പോലെ ഒരു വിവേകി സ്വന്തം മനസ്സിനെ നേരെയാക്കണം. അനശ്വരതയിലേക്കുള്ള വഴിയാണ് ശ്രദ്ധ. അശ്രദ്ധ മറ്റൊരു ജന്മത്തിലേക്കുള്ളതും. ശ്രദ്ധയുള്ളവനു മരണമില്ല. അദൃശ്യവും സൂക്ഷ്മവുമാണ് മനസ്സ്. വലിയ സ്വപ്‌നാടകനുമാണ്. എന്നാല്‍ വിവേകികള്‍ അതിനെ നന്നായി കാക്കുന്നു. നിയന്ത്രിക്കപ്പെട്ട മനസ്സ് പരമാനന്ദത്തിന്റെ ഉറവിടമാണ്.
ജേതാവായ ഒരു യോദ്ധാവിന്റെ ജീവന്‍ കാക്കുന്ന പടച്ചട്ട കണക്കെ നേരായ ചിന്ത പഞ്ചേന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക തിരമാലകളില്‍ നിന്ന് മാനസത്തെ കാക്കുന്നു. മനസ്സ് അസ്വസ്ഥവും ജന്മാന്തരങ്ങളുടെ നിയമം അജ്ഞാതവുമായവന്റെ അറിവ് സദാ അപൂര്‍ണ്ണമായിരിക്കും. ഏതൊരുവന്റെ ചിന്തകളാണോ സഞ്ചാരപ്രിയമല്ലാത്തത്, നന്മതിന്മകളെ കുറിച്ചുള്ള ചിന്തകള്‍ ഒരുപോലെ വെടിഞ്ഞത്, ആ മാനസം സദാജാഗരൂകമാണെങ്കില്‍ സംസാരജീവിതത്തിന്റെ പ്രലോഭനങ്ങളെ കുറിച്ചുള്ള ഭയം വേണ്ട. ഈ ശരീരം എളുപ്പം ഉടയാവുന്ന ഒരു കുംഭമാണെന്ന ബോധമുള്ളവന്‍ ചിന്തകളെ ദൃഢമാക്കി അതിനെ ഭൗതികതൃഷ്ണകളില്‍നിന്ന് അകറ്റി നിര്‍ത്തുന്നു. പ്രലോഭനങ്ങളെ ജയിക്കേണ്ടത് ജ്ഞാനത്താലാണ്. ഒരുതവണ കീഴടക്കിയാലും അതിനെ സദാ നിരീക്ഷണത്തില്‍ വെക്കണം.
ഒരു വിദ്വേഷി അപരനോട് വിദ്വേഷം പുലര്‍ത്തുന്നു. ഒരു ശത്രു മറ്റൊരു ശത്രുവിനെ നോവിക്കുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയ വിനാശമാണ് വഴിതെറ്റി അലയുന്ന മനസ്സ് അതിന്റെ ഉടമയ്ക്കു സമ്മാനിക്കുന്നത്. മാതാവിനെക്കാള്‍, പിതാവിനെക്കാള്‍, ബന്ധുമിത്രാദികളെക്കാള്‍ ശ്രേഷ്ഠമാണ് ഉള്‍ക്കാഴ്ച നേടിയ മനസ്സിന്റെ സേവനം. - ശ്രീബുദ്ധന്‍


ഏകാഗ്രത
രാഷ്ട്രീയം, യുദ്ധം, വ്യാപാരം തുടങ്ങി മനുഷ്യസംബന്ധിയായ സകല വിഷയങ്ങളുടെയും ശക്തിസ്രോതസ്സെന്ന് പറയുന്നത് ഏകാഗ്രതയാണ്. - എമേഴ്‌സണ്‍

ഏകാഗ്രതയിലേക്ക് നയിക്കുന്ന നിയമങ്ങളെ അറിയൂ -
ശ്വസന നിയന്ത്രണം, ഇന്ദ്രിയപാലനം, ധ്യാനം, ശ്രദ്ധ, ആത്മവിശകലനം, ഏകാഗ്രചിത്തത - ഇവയെ ഷഡ്ക്രമയോഗ എന്ന് പറയുന്നു. ആ യോഗയിലൂടെ ഒരുവന്‍ ഹേമവര്‍ണ്ണനായ ബ്രഹ്മത്തെ കാണുന്നു. മൈത്രായണ - ബ്രാഹ്മണ ഉപനിഷത്ത്


ഏകാഗ്രതയില്‍ ഒരുവന്റെ മനസ്സ് പരിണാമരഹിതമായ ആത്മസ്വരൂപത്തില്‍ വിശ്രമിക്കുന്നു. അല്ലാത്തപ്പോഴാകട്ടെ മാറിക്കൊണ്ടിരിക്കുന്ന മനസ്സ് താനാകുന്നുവെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്നു.
'ഹൃദയേ ചിത്തസംവിത്' - ഹൃദയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന യോഗിക്ക് ചിത്തജ്ഞാനം നേടാനാകുന്നു. ശിരസ്സിന്റെ ഉള്‍ഭാഗത്തിന് വിശേഷിച്ച് തലച്ചോറിന് ഉള്ള പൊതുനാമമാണ് 'ഹൃദയം'. ശരീരത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയമല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. തലകീഴായി നില്‍ക്കുന്ന ഒരു വെള്ളത്താമര പോലെയാണത് എന്നു പറയുന്നു. അതിനെ 'സഹസ്രാരപത്മദലം' എന്ന് വിശേഷിപ്പിക്കാം. തലച്ചോറിലും ശരീരത്തിലും വ്യാപിച്ചു കിടക്കുന്ന നാഡികളില്‍ നിന്നാണ് നമ്മുടെ എല്ലാ സ്വഭാവവിശേഷങ്ങളുടെയും ഉത്ഭവം. നാഡികളാകട്ടെ തലച്ചോറില്‍നിന്ന് ഉത്ഭവിച്ച് ശരീരത്തിലേക്ക് വേരുകള്‍ പോലെ പടരുന്നവയാണ്. ശിരോമധ്യത്തിലെ ഉള്‍ഭാഗത്തുനിന്നും ഉത്ഭവിച്ച് ബാഹ്യശരീരത്തിലെത്തുന്നതാണ് നാഡികളില്‍ പ്രധാനപ്പെട്ട 'സുഷുമ്‌ന'. സൂക്ഷ്മവും പരിശുദ്ധവുമായ ഈ നാഡിയിലൂടെ കടന്നുപോവുന്ന ഒരു ജീവാത്മാവ് പ്രപഞ്ചാത്മാവില്‍ ചെന്നുചേരുന്നു. - പതഞ്ജലി, യോഗസൂത്രം



മനസ്സ് പ്രശാന്തമായിരിക്കവെ ഒരുവന് ഈശ്വരദര്‍ശനമുണ്ടാവുന്നു. മാനസസരസ്സില്‍ മോഹക്കൊടുങ്കാറ്റുകള്‍ വീശവേ അതിന് ഈശ്വരനെ പ്രതിഫലിപ്പിക്കാനാവുന്നില്ല. അവന് ഈശ്വരദര്‍ശനവും സാധ്യമാവുന്നില്ല. - ശ്രീരാമകൃഷ്ണപരമഹംസര്‍ജീവിതദുഃഖങ്ങളില്‍നിന്ന് ശാന്തനും സ്വതന്ത്രനുമായി മനുഷ്യന്‍ വിരമിക്കുന്നത് സ്വന്തം ആത്മാവിലേക്കല്ലാതെ മറ്റെവിടേക്കാണ്; വിശേഷിച്ചും പരമാനന്ദമേകുന്ന ദൈവികസ്മൃതികള്‍ അവന്‍ ഉള്ളില്‍ കൊണ്ടുനടക്കുമ്പോള്‍. മനസ്സിനെ ക്രമീകരിക്കുന്നതല്ലാതെ പരമാനന്ദം മറ്റൊന്നുമല്ലെന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക് സ്വന്തമായ ആ ആന്തരികലോകത്തിലേക്ക് വാര്‍ദ്ധക്യത്തിലെങ്കിലും വിരമിക്കണമെന്ന കാര്യം മറന്നുപോകരുത്. മറ്റു ശല്യങ്ങളൊന്നുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകമാണത്. വസ്തുക്കള്‍ ആത്മാവിനെ സ്​പര്‍ശിക്കുന്നില്ല. കാരണം, അവ ബാഹ്യമാണ്, അചേതനവുമാണ്. ആ നിലയ്ക്ക് മനുഷ്യന്റെ സകല അസ്വസ്ഥതകളും തലപൊക്കുന്നത് അവന്റെ മനസ്സിന്റെ അഭിപ്രായങ്ങളില്‍നിന്നുതന്നെയാണ്. - മാര്‍ക്കസ് ഓറേലിയസ്

സൗഹൃദം, കാരുണ്യം, സന്തോഷം മുതലായ വിഷയങ്ങളെ ധ്യാനിക്കുന്നവന്റെ ഉള്ളില്‍നിന്ന് സകല വിഷമതകളും വിട്ടൊഴിയുന്നു.
നീചവിചാരങ്ങളെ പുറത്തെറിഞ്ഞു ശ്വസനത്തെ നിയന്ത്രിക്കുന്നവന് അസാമാന്യമായ ഏകാഗ്രതയും മനോനിയന്ത്രണവും സാധ്യമാവുന്നു.
വികാരങ്ങള്‍ക്ക് അതീതമായ ഉള്‍വെളിച്ചത്തെ, വിഷയാസക്തി വെടിഞ്ഞ ചിത്തത്തെ, ഉറക്കത്തില്‍ ഉണ്ടായ ഒരു ആത്മജ്ഞാനത്തെ, ഇതൊന്നുമല്ലെങ്കില്‍ തനിക്കും ലോകത്തിനും നന്മവരുത്തുന്ന ഒരു വിഷയത്തെ ധ്യാനിക്കുന്ന യോഗി ശരീരത്തെ പടുത്തുയര്‍ത്തുന്ന അണുശൃംഖലയില്‍നിന്ന് അനശ്വരതയിലേക്ക് പ്രയാണം ചെയ്യുന്നു.
ഒരു വസ്തുവിലേക്കു മാത്രം മനസ്സ് കേന്ദ്രീകരിക്കലാണ് 'ധാരണ' (ഏകാഗ്രത).
ആ വസ്തുവിലേക്ക് മാത്രമുള്ള അളവറ്റ ജ്ഞാനമാണ് 'ധ്യാനം'.
അങ്ങനെ ഏകാഗ്രമായ അന്തരംഗം മറ്റു രൂപഭാവങ്ങളെല്ലാം കയ്യൊഴിഞ്ഞ് ആത്മാവിന്റെ പൊരുളിനെ മാത്രം പ്രതിഫലിപ്പിക്കുന്നത് 'സമാധി'യും. - പതഞ്ജലി, യോഗസൂത്രം

ധ്യാനം ആത്മാവിനു ചിറകുകള്‍ പ്രദാനം ചെയ്യുന്നു. ഭൗതിക വസ്തുക്കളില്‍നിന്ന് പതുക്കെ നമ്മുടെ താത്പര്യങ്ങള്‍ അകറ്റാനും അലൗകികമായവയെ ധ്യാനിക്കാനും അതു നമ്മെ പ്രാപ്തരാക്കുന്നു. ഭൂമിയും ക്ഷണികമായ ഈ ശരീരവും തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ വന്നുചേര്‍ന്ന അഴുക്കുകളെ കഴുകിക്കളയുന്നു. ഇപ്രകാരം അതു നമ്മെ നവീകരിക്കുന്നു. തനിയേ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പരിശുദ്ധി നിറയ്ക്കാനും ശാശ്വതമായ വിജ്ഞാനപൂര്‍ണ്ണതയിലേക്ക് കൂടണയാനും അതു വഴിയൊരുക്കുന്നു. -ഹിറോക്ലിസ് 
വിജ്ഞാനങ്ങളില്‍ പരിശുദ്ധമായ, സര്‍വ്വശക്തിയായ ഈശ്വരന്‍ എന്നൊന്നുണ്ട്. അറിവുകളുടെ മാറാപ്പുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് മാത്രം അറിയാന്‍ കഴിയുന്നത്; നിലനില്‍ക്കുന്ന സകലതില്‍നിന്നും മനസ്സ് വേറിടുകയും സ്വയം അതിനെത്തന്നെ
വെടിഞ്ഞുകൊണ്ട് ആ മഹാതേജസ്സില്‍ വിലയം പ്രാപിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ അറിവ് സിദ്ധമാവുന്നുള്ളൂ. അവിടെ വിവേകത്തിന്റെ അളവറ്റ പ്രകാശം മാത്രം ഒളിവീശുന്നു.-ഡയോണിസസ്

സ്വയം പവിത്രീകരിക്കപ്പെട്ട പ്രാണന്‍, കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്ന, ഇച്ഛിക്കുന്നതെല്ലാം സാക്ഷാത്കരിക്കുന്ന, കല്‍പ്പിക്കുന്നതെല്ലാം അനുസരിക്കപ്പെടുന്ന ഒരു മഹോന്നത തലത്തിലേക്ക് ഉയരുന്നു.- അവിസെന്ന
മനസ്സിനെ കയറൂരിവിടുന്നതോടെ, സൗമ്യതയിലേക്ക് തിരിച്ചു വിളിക്കാനാവാത്ത വിധം അതു കൈവിട്ടു പോവുന്നത് നീ കാണുന്നില്ലെന്നോ? അക്കാരണത്താലാണ് തത്ത്വജ്ഞാനികള്‍ ഇങ്ങനെ ഉപദേശിച്ചത്: കേവലമായ വിജ്ഞാനസമ്പാദനം കൊണ്ടു മാത്രം തൃപ്തിയടയരുത്; അതിനു സമാന്തരമായി ധ്യാനിക്കുക കൂടി വേണമെന്ന്. പരിശുദ്ധമായ മനസ്സുകൊണ്ടും ദൈവകൃപയാലും സ്വയം മാറ്റപ്പെടാന്‍ കൊതിക്കൂ.
എപ്പിക് റ്റൈറ്റസ്



ഹൃദയപത്മത്തില്‍ അഥവാ ശിരോകേന്ദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 'ധാരണ'യാകുന്നു. ഒരിടത്തു മാത്രമിരുന്ന് ഒന്നിനെ മാത്രം സ്മരിക്കവേ അലൗകികമായ ഓളങ്ങള്‍ മാത്രം ഹൃദയതീരത്ത് അലയടിക്കുന്നതിനെ ധ്യാനമെന്നു പറയുന്നു. യാതൊന്നിനേയും ആധാരമാക്കാതെതന്നെ മാനസം ഒരു മഹാതിരമാലയായിത്തീരുന്നതാണ് 'സമാധി'.
ശിരസ്സിനുമേല്‍ ഒരു താമരപ്പൂ ഉള്ളതായി സങ്കല്‍പ്പിക്കൂ. അതിന്റെ മധ്യഭാഗം ധര്‍മ്മമാണെന്നും വിജ്ഞാനം അതിന്റെ തണ്ടാണെന്നും വിഭാന ചെയ്യൂ. ആ കമലത്തിന്റെ എട്ടു ദലങ്ങള്‍ ഒരു യോഗിയുടെ അഷ്ടശക്തികളാണ്. ആത്മാര്‍പ്പണം അതിന്റെ കേസരങ്ങളാണ്. ബാഹ്യശക്തികളെ തിരസ്‌കരിക്കുമ്പോള്‍ ആ യോഗി മോചനം നേടുന്നു. ആ കമലത്തിനു മധ്യത്തിലായി അസ്​പര്‍ശ്യവും അവര്‍ണ്ണനീയവുമായ ഓംകാരം സ്വര്‍ണ്ണപ്രഭ പരത്തി സ്ഥിതിചെയ്യുന്നതായി സങ്കല്‍പ്പിക്കൂ. അതിനെ ധ്യാനിക്കൂ. ഇനി മറ്റൊരു വഴിയുണ്ട്. ഹൃദയമധ്യത്തില്‍ ശൂന്യമായ ഒരു ഇടമുണ്ടെന്നു കരുതുക. അവിടെ ഒരു തീനാളം ജ്വലിച്ചു നില്‍ക്കുന്നു. അത് നിങ്ങളുടെ ആത്മാവാണെന്നു സങ്കല്‍പ്പിക്കൂ. ആ തീനാളത്തിനുള്ളിലും ശൂന്യമായ ഒരിടമുണ്ട്. അതാകട്ടെ ആത്മാവിന്റെയും ആത്മാവായ ഈശ്വരനാണ്. ഹൃദയത്തിലെ ആ ഭഗവല്‍ ചൈതന്യത്തെയും ഒരു ധ്യാനവിഷയമാക്കി മാറ്റാം.

സംസാരമെന്നാല്‍ ജന്മത്തില്‍നിന്നു മൃത്യുവിലേക്കുള്ള പ്രയാണം എന്നാണര്‍ത്ഥം. ഈ ചക്രത്തില്‍ ചുറ്റുന്ന ജീവജാലങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുക്തിയെ പ്രാപിക്കും. എങ്കില്‍പ്പിന്നെ നാം അതിനുവേണ്ടി ആയാസപ്പെടുന്നതെന്തിനാവും? എല്ലാവരും മുക്തരാകുമെങ്കില്‍ നമുക്ക് അതും കാത്തു സ്വസ്ഥമായിരിക്കാമല്ലോ. ഒന്നിനും നാശമില്ല, എല്ലാം ബ്രഹ്മപദം പ്രാപിക്കയും ചെയ്യും. പിന്നെ യത്‌നിച്ചു കഷ്ടപ്പെടുന്നതെന്തിന്? കാരണം, ഈ പ്രയത്‌നമാണ് കേന്ദ്രസ്ഥാനത്തു ചെന്നെത്തുവാനുള്ള ഏകമാര്‍ഗ്ഗം. നാം എന്തിനു യത്‌നിക്കുന്നു എന്ന് ഇപ്പോള്‍ നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അതു വേണ്ടിയിരിക്കുന്നു എന്നേ പറയാനാവൂ. അനേകലക്ഷത്തില്‍ ഒരാള്‍ക്കു മുക്തി പ്രാപിക്കാമെന്നു ബോധമുണ്ടാവുന്നു. മറ്റുള്ളവര്‍ വിഷയങ്ങളില്‍ സംതൃപ്തരായി കഴിയുന്നു. ചുരുക്കം ചിലര്‍ ഉണര്‍ന്ന്, കളി മതിയാക്കി, മടങ്ങിപ്പോകാന്‍ ബോധപൂര്‍വ്വം പ്രയത്‌നിക്കുന്നു. ശേഷിച്ചവര്‍ ലക്ഷ്യമറിയാതെ ജീവിക്കുന്നു. - സ്വാമി വിവേകാനന്ദന്‍

മഹത് വചനങ്ങളീല്‍ നിന്ന്......ഷിബു. ജി

2011, ജൂലൈ 26, ചൊവ്വാഴ്ച

രാമായണമാസം......കര്‍ക്കിടകം ....മനസ്സിന്റെ പുണ്യമാസം.

വീണ്ടും ഒരു രാമായണമാസം! എത്ര സന്തോഷവും വിജ്ഞാനവും നല്‍കുന്ന മാസം. കര്‍ക്കിടകത്തിന്റെ കറുത്തിരുണ്ട ഗതകാലം ഇന്നില്ല. പ്രസ്തുത ആഹ്ലാദിക്കാനും സല്ലപിക്കാനും വേണ്ടുവോളം സമയമുള്ള ദിനങ്ങളാണ് നനഞ്ഞുകിടക്കുന്ന ഇന്നത്തെ കര്‍ക്കിടകം. പുതുവര്‍ഷത്തിനു തൊട്ടുമുമ്പുള്ള മാസം അഥവാ ഒരു വര്‍ഷാവസാനം കൂടിയായ കര്‍ക്കിടകം  പിതൃക്കളുടെ മാസം കൂടിയാണ്. പരേതാത്മാക്കള്‍ക്ക് പിണ്ഡം നല്‍കി. തൃപ്തി വരുത്തുന്നു ഈ ആഷാഡമാസം നന്മയുടെയും മേന്മയുടെയും ലോകം കൊതിക്കുന്നവര്‍ക്ക് വേണ്ട ഉപദേശം നല്‍കുന്ന രാമായണം മിഴി തുറക്കുന്ന ഈ ദിനരാത്രങ്ങള്‍ മലയാളികള്‍ക്ക് വര്‍ഷം കഴിയും തോറും കൂടുതല്‍ ഉന്മേഷവും ഉത്തേജനവും നല്‍കുന്നു. അജ്ഞത തമോഗുണമാണ്. തമോഗുണത്തില്‍ നിന്ന് ദുഷ്ടതകളും നീചകൃത്യങ്ങളും പിറക്കുന്നു. അതിനാല്‍ “”തമസോമ: ജ്യോതിര്‍ഗമയ” എന്ന പ്രാര്‍ത്ഥന സഫലീകരിക്കുവാന്‍ കൂടി സഹായിക്കുന്നു രാമായണം.
ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം വേദങ്ങളും ഇതിഹാസങ്ങളും  പുരാണങ്ങളുമാണ്. ഇതിഹാസങ്ങളില്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് രാമായണമാണ്. “രമയന്തി പ്രജാം ഇതി രാമ:’ എന്നാണ് പ്രശസ്തി. ജനങ്ങളെല്ലാം രമിപ്പിക്കുന്നവനാണ് രാമന്‍. കൂടാതെ വൃക്ഷം, വാനരന്‍, സത്തുക്കള്‍, പക്ഷികള്‍, ലോകങ്ങള്‍ തുടങ്ങി എല്ലാത്തിനെയും രാമന്‍ സമര്‍ത്ഥനാണ്. ആരെയും ആദരിക്കുവാനും അടുത്തറിയുവാനുമേ രാമന്‍ പഠിച്ചിട്ടുള്ളൂ. സത്യവും ധര്‍മ്മവും മുറുകെ പിടിച്ച് ലോകജനതയുടെ ആരാധനാ പാത്രമാകുവാന്‍ ശ്രീരാമചന്ദ്രനു മാത്രമേ കഴിയുകയുള്ളൂ. വനത്തില്‍ പോകുമ്പോഴും പത്‌നിയെ ഉപേക്ഷിക്കുമ്പോഴും സ്വന്തം സഹോദരനെതിരെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ പക്വതയോടുകൂടി ലോകഹിതത്തിനായി ആ സൂര്യവംശ തേജസ്സ് നിലകൊണ്ടു.
മാന്യതയുടെയും മഹത്വത്തിന്റെ ഉയര്‍ന്ന മണ്ഡപത്തിലിരിക്കുവാന്‍ ശ്രീരാമ ദേവന്‍ അര്‍ഹന്‍ തന്നെയാണ്. എന്ത് കള്ളത്തരവും കാപഠ്യവും കാണിച്ച് നേടിയ സ്ഥാനം നഷ്ടപെടാതിരിക്കാന്‍ നക്തദ്ദിവം പ്രയത്‌നിക്കുന്ന ഭരണാധികാരികള്‍ രാമായണം അര്‍ത്ഥമറിഞ്ഞൊന്നു വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
“” ന വനം ഗന്തു കാമസ്യ
ത്യജതശ്ച വസുന്ധരാം
സര്‍വ്വ ലോകാതി ഗസ്യേവ
ലക്ഷ്യതേ ചിത്ത വിക്രിയ” എന്ന പ്രഖ്യാപനം ഭാരതീയനുമാത്രമല്ല സര്‍വ്വ ലോകര്‍ക്കുമായി നല്‍കുന്ന ജീവിത സന്ദേശമാണ്. അനായാസമായി കൈയ്യില്‍ കിട്ടിയ രാജ്യം അച്ഛന്റെ സത്യം പാലിക്കുന്നതിനുവേണ്ടി തൃണം പോലെ ഉപേക്ഷിക്കാനും 14 വര്‍ഷം കാന്താരവാസം നടത്താനും തുനിഞ്ഞിറങ്ങുന്ന സഹിഷ്ണതയുടെയും ക്ഷമയുടെയും ത്യാഗത്തിന്റെയും ഉഗ്രരൂപമാണ് ശ്രീരാമചന്ദ്രന്‍. രാജ്യാഭിഷേകത്തിന് ക്ഷണിച്ചപ്പോഴും കാട്ടിലേക്കു പോകാന്‍ പറഞ്ഞപ്പോഴും രഘുവംശ കുലതിലകന്  യാതൊരു ഭാവഭേദവും ഉണ്ടായില്ല. രക്തനാണുഭയേ സൂര്യന്‍, രക്തനസ്തമയത്തിലും എന്നു പറയുന്ന സൂര്യന്റെ മഹത്വം തന്നെയാണ് സൂര്യവംശ രാജാവിനുമെന്ന് നാം അറിയണം. അയോദ്ധ്യാപുരിയില്‍ കൂരിരുട്ട് വ്യാപിപ്പിച്ചി രാമാഭിഷേക വിക്‌നം, വനവാസി ഗമനം എന്നീ വാര്‍ത്ത കേട്ടിട്ടും ശ്രീരാമന്റെ നൈസര്‍ഗ്ഗികമായ ശോഭയും പ്രസന്നതയും യാതൊരു മാറ്റവും വന്നില്ല. കൂടാതെ ആ മുഖത്തെ മ്ലാനത വാട്ടിയതുമില്ല.
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണം കെട്ടു നടക്കുന്ന ജനാധിപത്യ സ്ഥാനാര്‍ത്ഥി(ത്തി)കള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകാട്ടുമ്പോള്‍ നമ്മുടെ ആരാധ്യരായ പൂര്‍വ്വികര്‍ കാട്ടിത്തന്ന മാതൃക എത്ര മഹത്വമുള്ളതായിരുന്നു വെന്ന് നാം ഓര്‍ക്കണം.
ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, പത്‌നീധര്‍മ്മം, ദീനാനുകമ്പ, സമഭാവന തുടങ്ങിയ മനുഷ്യജീവിതത്തിനുതകുന്ന ഉന്നതമൂല്യങ്ങള്‍ ഈ ഇതിഹാസത്തെ പാദാദികേശം സുന്ദരമാക്കുന്നു. ഒരു കാലഘട്ടത്തിന്റെ ഭൂമിശാസ്ത്രം, വാസ്തുവിദ്യ, ആയുധകല, വൈദ്യശാസ്ത്രം, യോഗശാസ്ത്രം, രാഷ്ട്രതന്ത്രം, നിയമം, ആരോഗ്യശാസ്ത്രം, വന്ധ്യതാചികിത്സ, വിദഗ്ധമായ എഞ്ചിനീയറിംഗ് (രാമേശ്വരം-ലങ്കാ സേതുബന്ധനം) തുടങ്ങിയ വിഷയങ്ങള്‍ രാമായണത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കരവാഹനം, ജലവാഹനം, ആകാശവാഹനം എന്നിവയാണ് രഥം, ഗുഹന്റെ തോണി, പുഷ്പകവിമാനം, വാനരന്മാരുടെ സംഗമം സഹകരണ മനോഭാവവും ഹനുമാന്റെ സേവനം പ്രതിഫലേച്ഛ കൂടാതെ സ്വാമിസേവനവും കാണിച്ചുതരുന്നു. തപതപ്തമായ മനുഷ്യമനസ്സില്‍ സാന്ത്വനമേകുന്ന അനവധി ധര്‍മ്മോപദേശഹ്ങളുടെ തൂണീരം കൂടിയാണ് ഈ ആദികാവ്യം. ആയുധങ്ങളെക്കാള്‍ ശക്തമായ ആശ്വാസവചനങ്ങള്‍ക്ക് ഏതാനും ഉദാഹരണം കാണുക.
1. പാരില്‍ സുഖം ദുഃഖമൂലമല്ലോ നൃണാം.
2. താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍തന്നനുഭവിച്ചീടുകെന്നേ വരൂ.
3. ആപത്തു വന്നടുത്തീടുന്ന കാലത്ത് ശോഭിക്കയില്ലെടോ സജ്ജനഭാഷിതം
4. പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
5. സുഖസ്യാനാനന്തരം ദുഃഖം ദുഃഖസ്യാനന്തരം സുഖം.
6. സജ്ജനമാനന്ദിച്ചു നല്‍കിടുമനുഗ്രഹം
ദുര്‍ജ്ജന ദുര്‍ഭാഷണം ബഹുമാനിച്ചിടേണ്ട. ഇങ്ങനെയുള്ള എത്രയോ ധര്‍മ്മോപദേശം രാമായണത്തില്‍ ഉണ്ട്. രാമന്റെ കഥ പഠിച്ചാല്‍ പോര, ജീവിതത്തില്‍ പകര്‍ത്തണം. ഇപ്പറഞ്ഞതിന് ധര്‍മ്മപത്‌നിയായ സീതയെ ഉപേക്ഷിച്ചതുപോലെ നമ്മളും പത്‌നിമാരെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. സത്യവും ധര്‍മ്മവും നീതിബോധവും ഊട്ടിവളര്‍ത്തുവാന്‍ രാമായണം ഉപദേശിക്കുന്നു. മനോമാലിന്യം നീക്കി മനഃശുദ്ധി വരുത്തുവാന്‍ രാമചരിതം മാര്‍ഗ്ഗം കാണിക്കുന്നു. ഗാത്രപുഷ്ടി, പ്രതിപാദ്യ പ്രതിപാദന മാഹാത്മ്യം അത്യാശ്ചര്യജനകമായ കാവ്യഗുണ പൂര്‍ണ്ണത തുടങ്ങിയ മൂല്യങ്ങള്‍ നിറഞ്ഞ രാമായണം ജാതിമതഭേദമെന്യേ പാരായണം ചെയ്യാവുന്ന ഇതിഹാസം തന്നെയാണ്.
ഷിബു.ജി

2011, ജൂലൈ 22, വെള്ളിയാഴ്‌ച

പത്മനാഭപ്രഭോ


പത്മനാഭസ്വാമി ക്ഷേത്രം

 തിരുപനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണു ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതില്‍ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നല്‍കുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേകോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമിയുടെ ഭക്തനായ തിരുവിതാംകൂര്‍  മാര്‍ത്താണ്ഡവര്‍മ്മ  മഹാരാജാവ് രാജ്യം ഭഗവാന് സമര്‍പ്പിച്ച രേഖകള്‍ ആണ്  തൃപ്പടിദാനം  എന്നറിയപ്പെടുന്നത്.ഇതിനെത്തുടർന്ന് ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികള്‍  പദ്മനാഭദാസര്‍ എന്നറിയപ്പെട്ടിരുന്നു.108 ദിവ്യദേശങ്ങളീലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദര്‍ശനമായാണ്. നാലുവശവും തമിഴ് ശൈലിയില്‍തീര്‍ത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീര്‍ത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കല്‍പ്പുരയില്ല.
ശ്രീകോവില്‍ ദീര്‍ഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശര്‍ക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങള്‍ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി ശ്രീകോവിലില്‍ വാഴുന്നു. രണ്ടരികത്തും ഭൂമിദേവിയും ലക്ഷ്മീദേവിയുമുണ്ട്.
പഴയ കാലത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും അതിന്റെ സ്ഥാവരജംഗമവസ്തുക്കളും സൂക്ഷിച്ചിരുന്നതു അന്നത്തെ പ്രബല പ്രമാണിമാരായിരുന്ന എട്ടുവീട്ടില്‍പിള്ളമാരായിരുന്നു.
2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാന്‍ ഹൈകോടതി കേരളാ സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയുണ്ടായി. എന്നാല്‍ ഈ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂണ്‍ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ 
ആറുനിലവറകളില്‍ ഒന്ന് തുറന്നപ്പോള്‍ തന്നെ 450 കോടി വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ലഭിച്ചു. ഇനി അഞ്ചുനിലവറകള്‍ കൂടി തുറന്നു പരിശോധിക്കാനുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നിലവറകളുടെ കണക്കെടുപ്പ് തുടങ്ങിയത്. പൈതൃകമൂല്യം വിലയിരുത്താതെയാണ് ഒന്നാം നിലവറയിലെ നിക്ഷേപങ്ങള്‍ക്ക് വില കണക്കാക്കിയിട്ടുള്ളത്.എ മുതല്‍ എഫ് വരെയുള്ള നിലവറകളില്‍ ക്ഷേത്രത്തിന്റെ തെക്ക് വടക്കേമൂലയിലെ വ്യാസര്‍കോണ്‍ കല്ലറ എന്ന 'സി' നിലവറയാണ് കമ്മീഷന്‍ ആദ്യം തുറന്നുപരിശോധിച്ചത്. ഉത്സവങ്ങള്‍ക്കും മറ്റ് വിശേഷദിവസങ്ങള്‍ക്കും തുറക്കുന്ന നിലവറയാണിത്. ഈ നിലവറയില്‍ 450 ഓളം സ്വര്‍ണക്കുടങ്ങള്‍, 20 വെള്ളി നിലവിളക്കുകള്‍, 30 വെള്ളിക്കിണ്ടികള്‍, നാല് വെള്ളി ഉരുളികള്‍, സ്വര്‍ണത്തിലുള്ള കാരയം, വെള്ളി കുടംമൂടി, നടവരവായി ലഭിച്ച വെള്ളിയും സ്വര്‍ണവും ഉള്‍പ്പെടെയാണ് 450 കോടിയുടെ ആസ്തിയുണ്ടായിരുന്നത്. 2000 മുതലുള്ള നടവരവ് അതത് വര്‍ഷങ്ങള്‍ രേഖപ്പെടുത്തി ചാക്കുകളില്‍ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്.
ആകെയുള്ള ആറ് രഹസ്യഅറകളില്‍ നാല് അറകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്......
ആറു നിലവറകളില്‍ നാലെണ്ണത്തിലെ പരിശോധന പൂര്‍ത്തിയായപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള ക്ഷേത്രമായി പദ്മനാഭസ്വമിക്ഷേത്രം മാറി. 13 കോടി വിലവരുന്ന തിരുമുഖം, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയുള്‍പ്പെടെ അമ്പരപ്പിക്കുന്ന കോടികളുടെ കണക്കാണ് ശനിയാഴ്ച നിലവറ ലോകത്തെ അറിയിച്ചത്. 300 കിലോഗ്രാമോളം തങ്കവും സ്വര്‍ണവുമാണ് അളന്ന് തിട്ടപ്പെടുത്തിയത്.രഹസ്യ അറകളില്‍ പ്രധാനപ്പെട്ട ശ്രീപണ്ടാരവക നിലവറയായ 'എ'യില്‍ നിന്നുമാത്രം എണ്‍പതിനായിരം കോടിയിലേറെ രൂപയുടെ അത്യപൂര്‍വ നിധി ശേഖരമാണ് കണ്ടെടുത്തത്. നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന 'ബി' നിലവറയും നിത്യാദി നിലവറയായ 'ഇ'യും ഇനി തുറക്കാനുണ്ട്. നിധിയുടെ മൂല്യം ഒരുലക്ഷം കോടിയിലേക്ക് അടുത്തു വന്നിരിക്കയാണിപ്പോള്‍. 
പദ്മനാഭവിഗ്രഹത്തില്‍ ചാര്‍ത്തുന്ന 13 കോടിയോളം വിലയുള്ള തിരുമുഖം കണ്ടെത്തി. തനി തങ്കത്തിലുള്ള ഈ തിരുമുഖത്തിന് 55 കിലോഗ്രാം തൂക്കം വരും. 18 അടിയോളം വരുന്ന വിഗ്രഹത്തില്‍ ചാര്‍ത്തുന്ന കട്ടിത്തങ്കപ്പാളികളാണ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത്. ആയിരത്തിലധികം രത്‌നങ്ങള്‍ പതിച്ച മഹാവിഷ്ണുവിന്റെ തങ്കവിഗ്രഹത്തിന് 500 കോടി രൂപ വില കണക്കാക്കിയിട്ടുണ്ട്. 5 കിലോഗ്രാം തൂക്കം വരുന്ന മറ്റൊരു തങ്കത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹവും കണ്ടെുത്തു. ഒരു കിലോഗ്രാം തൂക്കം വരുന്ന തങ്കത്തിലുള്ള ആള്‍ രൂപങ്ങള്‍, കങ്കണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, കൈവള, അരപ്പട്ട, സ്വര്‍ണ്ണ നാണയങ്ങള്‍, സ്വര്‍ണക്കയര്‍, രത്‌നക്കല്ലുകള്‍, വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തുന്ന സ്വര്‍ണച്ചട്ട തുടങ്ങിയവയാണ് 'എ' നിലവറയില്‍നിന്ന് കണ്ടെടുത്തത്. വിഷ്ണുവിഗ്രഹത്തിന് ഒന്നരയടി ഉയരം വരും. ഓരോ ഇനങ്ങളും പ്രത്യേകം പ്രത്യേകം തരംതിരിച്ച് ചാക്കുകളിലും ഇരുമ്പ് പെട്ടികളിലുമാക്കിയാണ് സീല്‍ചെയ്ത് അതത് അറകളില്‍ തിരികെ വെച്ചത്.
നിധിശേഖരത്തിനിടയില്‍ നിന്ന് കിട്ടിയ പഴകിപ്പൊടിഞ്ഞ ഒരു കടലാസില്‍ 'കൊല്ലവര്‍ഷം 1109' എന്ന് അവ്യക്തമായി എഴുതിയിട്ടുണ്ട്. മറ്റുചില വാക്കുകള്‍ എഴുതിയിട്ടുണ്ടെങ്കിലും പൊടിഞ്ഞ ചകടലാസില്‍നിന്ന് അവ വായിച്ചെടുക്കാനായില്ല.
അയ്യായിരം കിലോ തനിത്തങ്കം, അപൂര്‍വ രത്നങ്ങള്‍, സ്വര്‍ണ രഥം, കിരീടങ്ങള്‍, മറ്റനേകം തരത്തിലുള്ള അപൂര്‍വവും അമൂല്യവുമായ വസ്‌തുക്കള്‍- ഇവയുടെ മൂല്യം എങ്ങനെ കണക്കാക്കും ...?
തനിത്തങ്കക്കട്ടികള്‍ക്കു പുറമേ എല്ലാ ഉരുപ്പടികളിലും പലതരത്തിലുള്ള അമൂല്യ രത്നങ്ങള്‍ പതിച്ചിട്ടുണ്ട്‌. ഭഗവാന്റെ മാതൃകയില്‍തീര്‍ത്ത വിഗ്രഹത്തില്‍ പതിപ്പിച്ചിട്ടുള്ള ഓരോ രത്നങ്ങളും ഓരോ ഗ്രഹത്തിന്റെ പ്രതീകങ്ങളാണ്‌. ചന്ദ്രപ്രഭയെ തോല്‍പ്പിക്കുന്ന തരത്തില്‍ പ്രകാശം ചൊരിയുന്ന അനേകായിരം രത്നങ്ങളാണ്‌ നിലവറയ്‌ക്കുള്ളിലുള്ളത്‌. എണ്ണിയാല്‍ ഒടുങ്ങാത്ത രത്നശേഖരമാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ഇന്ദ്രനീലവും പുഷ്യരാഗവും മുത്തും വൈഡൂര്യവും വജ്രവും അനവധിയാണ്‌ ഇവിടത്തെ ഓരോ നിലവറയിലും നിറഞ്ഞിരിക്കുന്നത്‌. അമൂല്യ രത്നങ്ങളില്‍ ഗോമേദകം മാത്രം കണ്ടെത്തിയിട്ടില്ല. രാഹുവിന്റെ രത്നമാണിത്‌. ശ്രീപത്മനാഭസ്വാമി ശയിക്കുന്നത്‌ അനന്തന്റെ പുറത്താണ്‌. രാജയോഗം നിലനിര്‍ത്തുക, അധികാര ശക്‌തിക്കു കോട്ടം തട്ടാതിരിക്കുക എന്നിവയ്‌ക്കു വേണ്ടിയാണ്‌ രത്നങ്ങള്‍ ധരിക്കുക. ഇവയ്‌ക്കെല്ലാം കൃത്യമായ രേഖകള്‍ മതിലകത്തും പട്ടം കൊട്ടാരത്തിലും സൂക്ഷിക്കുന്നു.

പതിനെട്ടടി നീളമുള്ള തങ്ക അങ്കി, നൂറിലധികം സ്വര്‍ണ കുടകള്‍, തങ്ക വില്ല,്‌ നവ രത്നങ്ങള്‍ പതിച്ച ഉരുളി തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സാധനങ്ങളാണ്‌ അറകളില്‍നിന്നു കണ്ടെടുത്തത്‌. ഇവയ്‌ക്കുപുറമെ സ്വര്‍ണ നാണയങ്ങള്‍, ശരപ്പൊളി മാലകള്‍, ലോക്കറ്റുകള്‍, അരപ്പട്ടകള്‍ എന്നിവ 'എ' അറയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്‌
ഇവയുടെ മൂല്യം എങ്ങനെ കണക്കാക്കും എന്നറിയാതെ അധികൃതര്‍ കുഴങ്ങുമ്പോഴാണ്‌ സുപ്രീംകോടതി ഈ ജോലി ഏറ്റെടുക്കാനായി മൂന്നംഗ സമിതിയെ നിശ്‌ചയിച്ചിരിക്കുന്നത്‌.

ഇവര്‍ എങ്ങനെയാണ്‌ ഇതു ചെയ്യുകയെന്നതും അവര്‍ കണ്ടെത്തുന്ന മൂല്യവുമായിരിക്കും ഇനി ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്‌. ലോകത്തിലെ ഏറ്റവും അപൂര്‍വ ധനശേഖരങ്ങളില്‍ ഒന്നായാണു വിദഗ്‌ധര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെ വിശേഷിപ്പിക്കുന്നത്‌.
എന്നാല്‍  ഈ അമൂല്യമായ ശേഖരത്തിനു മുന്നില്‍ ലോകം പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ തേടുകയാണു.ഇതു നിധിയാണന്നു ചിലരും ഭഗവാന്റെ സ്വത്താണന്നു ഭക്തന്മാരും.ഇതു വെറും കാണിക്കയായി കരുതുന്നവരും രംഗത്തുണ്ടു.ഇനിയുമിനിധി കാത്തു  സൂക്ഷിക്കാന്‍ ഏതു ഭൂതത്തിനായിരിക്കൂം വിധിയാകുക...? ഇത്രയും കാലം കാത്തു സൂക്ഷിച്ച ദേവസ്വത്തിനോ...? അവകാശികളെന്ന രാജകുടുംബാംഗങ്ങള്‍ക്കോ....? അതോ ഏതു നിധിയും പുഷ്പം പോലെ കജനാവിലാക്കി നിയമം അതിന്റെ വഴിക്കന്നു പറയുന്ന പോലെ നിധി അതിന്റെ വഴിക്ക് എന്നു വിധി എഴുതുന്ന നമ്മുടെ സര്‍ക്കാര്‍ ഭൂതങ്ങളോ.....? അറിയുമ്പോള്‍ ഭഗവാന്‍ പോലും പൊറുക്കാത്ത കാര്യമായിരിക്കും മുപ്പതു കോടി ചിലവാക്കി സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂതങ്ങള്‍ കാട്ടികൂട്ടുക..ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ സ്വത്തിന്റെ പേരില്‍ ദൈവം പോലും ഇന്നു കാവല്‍ തടങ്കലിലാണു. ഒരു ഭക്തനു ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ തോക്കുധാരികളായ കമാന്‍ഡോകളുടെ  അനുഗ്രഹം വാങ്ങുമ്പോഴേക്കും ഉള്ളഭക്തി ചോര്‍ന്നു പോകുന്ന അവസ്ഥയാണു ഭക്തര്‍ക്കു.
മനുഷ്യന്റെ ജീവനും മാനത്തിനും ഒരു സംരക്ഷണവും കിട്ടാത്ത നമ്മുടെ നാട്ടില്‍ ഈ അമൂല്യ നിധി സൂക്ഷിക്കാന്‍ വിധിക്കപ്പെടുന്ന ഭൂതങ്ങള്‍ ആരായിരുന്നാലും ഭഗവാനെ അനന്തപത്മനാഭാ മഹാ പ്രഭോ  ഇവരുടെ മേല്‍ അങ്ങയുടേയും ഒരു കണ്ണുണ്ടാകണമേ...
ഭഗവാനെ എല്ലാം അങ്ങു അറിയുന്നു....

2011, ജൂലൈ 12, ചൊവ്വാഴ്ച

ഗീതാദര്‍ശനം


ഗീതാദര്‍ശനം - 1


അര്‍ജുന വിഷാദയോഗം


തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.

ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്​പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്.
                                ഗീതാദര്‍ശനം - 2




സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്
സഞ്ജയന്‍ പറഞ്ഞു: വ്യൂഹം ചമച്ച് അണിനിരന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍ രാജഭാവത്തോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-
ദുര്യോധനന്‍, യജമാനഭാവത്തോടെ, തന്റെ ആചാര്യനെ കാര്യങ്ങള്‍ 'പഠിപ്പിക്കാന്‍' തുടങ്ങുകയാണ്. ഇളന്തലയില്‍നിന്ന് കാതലോട്ടം! ദ്രോണരെന്നല്ല ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു നര്‍മമുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിച്ച ആചാര്യബുദ്ധിക്ക് ആ തിന്മയ്ക്ക് കീഴൊതുങ്ങേണ്ടിവരുമെന്നല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം ചെവിക്കൊള്ളേണ്ടിയും വരും!
ദ്രോണാചാര്യരെയും ഭീഷ്മപിതാമഹനെയുമെല്ലാം തിന്മ അതിന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത് കാണുക എന്ന് വ്യാസനര്‍മം നീളുന്നു. ഇവരെല്ലാം, നിലവിലുള്ള നാട്ടുനടപ്പിന്റെ പേരിലാണ് തിന്മയുടെ ഭാഗത്ത് നില്‍ക്കുന്നത്. തെറ്റാണെന്ന അറിവോടെ അവര്‍ എടുത്ത നിലപാടിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിച്ചു തുടങ്ങുന്നതിന്റെ സൂചനകൂടിയാണ് ദുര്യോധനന്റെ ഈ ആചാര്യനിന്ദ. ദുര്യോധനന്റെ ഇനിയുള്ള വാക്കുകള്‍ കേട്ടാല്‍ അയാളാണ് ആചാര്യന്‍ എന്നേ തോന്നൂ! - കഥയില്ലായ്മയുടെ ശൈലിയായ അഹങ്കാരം!
ഓരോ മൂലകവും പ്രകമ്പിതമാകുമ്പോള്‍ തനതായ തരംഗനീളത്തില്‍ ഊര്‍ജം പ്രസരിപ്പിക്കുന്നപോലെ ഓരോ ജീവിയും വിക്ഷുബ്ധമാകുമ്പോള്‍ തനതുഭാവം പ്രകടിപ്പിക്കുന്നു. എല്ലാ യുദ്ധഭൂമികളിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതുതന്നെ!
പശൈ്യതാം പാണ്ഡുപുത്രാണാ-
മാചാര്യ മഹതീം ചമൂം
വ്യൂഢം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ
ആചാര്യ, അങ്ങയുടെ ബുദ്ധിമാനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്‌നന്‍ ഒരുക്കിയ മഹത്തായ പാണ്ഡവ സൈന്യവ്യൂഹത്തെ കാണുക.
ദുര്യോധനന്‍ ശകാരം തുടരുന്നു. അതോടൊപ്പം, ദ്രോണരുടെ മനസ്സ് ചീത്തയാക്കാനുള്ള പുറപ്പാടുമുണ്ട്. വിദ്വേഷം ഊതിക്കത്തിക്കുന്നു. ദ്രുപദനും പുത്രനും ദ്രോണരുടെ ബദ്ധശത്രുക്കളാണ്. ദ്രുപദപുത്രനെ ബുദ്ധിമാനെന്ന് വിശേഷിപ്പിക്കുന്നത് കാണുക. അയാള്‍ ഒരുക്കിയ സേനാവ്യൂഹം 'മഹത്തു'മാണ്. കൊല്ലാന്‍ മുന്നില്‍ വന്നുനില്ക്കുന്നത് സ്വന്തം ശിഷ്യനും ആജന്മശത്രുവുമാണ് എന്ന് ദ്രോണര്‍ക്ക് കണ്ടാലറിയാമെന്നിരിക്കെ ഈ ഓര്‍മിപ്പിക്കല്‍ ആക്ഷേപഹാസ്യവും 'ഇഞ്ചിമൂപ്പിക്കലും' അല്ലെങ്കില്‍ മറ്റെന്താകാന്‍..
ഗീതാദര്‍ശനം - 3


അത്ര ശൂരാ മഹേഷ്വാസാ
ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ദൃഷ്ടകേതുശ്ചേകിതാനഃ
കാശിരാജശ്ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ

യുധാമന്യുശ്ച വിക്രാന്ത
ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച
സര്‍വ ഏവ മഹാരഥാഃ

ശൂരന്മാരും വന്‍വില്ലുകളുള്ളവരും യുദ്ധത്തില്‍ ഭീമാര്‍ജുനന്മാരോളം സമര്‍ഥരുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതു, ചേകിതാനന്‍, വീര്യവാനായ കാശിരാജാവ്, പുരുജിത്ത്, കുന്തിഭോജന്‍, പുരുഷപുംഗവനായ ശൈബ്യന്‍ മുതലായവരും പരാക്രമിയായ യുധാമന്യു, വീര്യവാനായ ഉത്തമൗജസ്സ്, സുഭദ്രാപുത്രനായ അഭിമന്യു, ദ്രൗപദീപുത്രന്മാര്‍ എന്നിവരും പാണ്ഡവസൈന്യത്തില്‍ അണിനിരന്നിട്ടുണ്ട്.
(പ്രണവം വില്ല്, സ്വശരീരം അസ്ത്രം, ലക്ഷ്യം മോക്ഷം എന്നൊരു പരികല്പനയുള്ളത് സ്മരിക്കാം. അതുപോലെ ശരീരം രഥം എന്ന പരികല്പന മഹാരഥന്‍ എന്ന പ്രയോഗത്തിന്റെ സാരത്തിലും പ്രസക്തമാണ്.)
അങ്ങ് ആയുധവിദ്യയുടെ മഹാഗുരുവാണല്ലോ, ചുണയുണ്ടെങ്കില്‍ എതിര്‍നിരയിലെ ഈ മഹാശൂരപരാക്രമികളെ തോല്പിക്കുന്നതു കാണട്ടെ എന്നര്‍ഥത്തില്‍ത്തന്നെയാണ് ദുര്യോധനന്‍ എതിരാളികളെ പ്രകീര്‍ത്തിക്കുന്നത്. വെല്ലുവിളിയുടേതാണ് അതിന്റെ സ്ഥായീസ്വരം. ലക്ഷ്യം പ്രകോപനം തന്നെ.
കുരുക്ഷേത്രമനസ്സിലെ സൈന്യവിന്യാസം ശ്രദ്ധേയമാണ്. ഒരു വശത്ത് പ്രകാശമെന്നും നന്മയെന്നും അര്‍ഥമുള്ള പേരുകളുടെ ഉടമകള്‍ പദ്മവ്യൂഹമായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. (ഭാരതകാവ്യത്തിലുടനീളം നിസ്സംഗതയുടെ പ്രതീകമാണ് താമര). മറുവശത്ത് ദ്രോഹിക്കുന്നവന്റെ (ദ്രോണരുടെ) നേതൃത്വത്തില്‍ ഭീതി ജനിപ്പിക്കുന്ന രക്ഷാപുരുഷന്റെ (ഭീഷ്മരുടെ) കീഴില്‍ സൈന്യം ഗരുഡവ്യൂഹമായി അണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 'കൊത്തിപ്പറിച്ച് കൈയടക്കാന്‍' ചുരമാന്തി നില്പാണ് ഈ വ്യൂഹം.

വൈരുദ്ധ്യവാദത്തിന്റെ (dialectics) വെളിച്ചത്തിലും കുരുക്ഷേത്രത്തെ നോക്കിക്കാണാവുന്നതാണ്. ബലങ്ങള്‍ (forces) ക്ഷേത്രത്തില്‍ (field) പ്രവര്‍ത്തിക്കുന്നത് കരണ-പ്രതികരണങ്ങളായാണല്ലോ. എതിരിടുന്ന ബലങ്ങളുടെ ഉത്പന്നമാണ് വിജയിയായ ബലം. ഇവിടെ പാണ്ഡവര്‍ തീസിസും (thesis) കൗരവര്‍ ആന്റിതീസിസും (antithesis) തന്നെ. സിന്തസിസിന്റെ (synthesis) സ്വഭാവം നിശ്ചയിക്കുന്നത് എതിര്‍ബലങ്ങളുടെ അളവും ദിശയും സ്വഭാവവുമാകയാല്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കുന്നു. തുല്യബലങ്ങള്‍ നേര്‍ക്കുനേര്‍ എതിര്‍ത്താല്‍ ശേഷം ചിന്ത്യം! പക്ഷേ, ഇവിടെ അത്തരം തുല്യത ഇല്ല എന്ന് പലവിധത്തില്‍ സൂചിതമാകുന്നു.
ഗീതാദര്‍ശനം - 4


അര്‍ജുന വിഷാദയോഗം


അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ

ഇനി, ഹേ ബ്രാഹ്മണശ്രേഷ്ഠാ, ഒരു മാമൂല്‍ അറിയിപ്പെന്ന നിലയില്‍, നമ്മുടെ ഭാഗത്ത് എന്റെ സൈന്യത്തിലെ വിശിഷ്ടരായ നായകരുടെ പേരുകള്‍ പറയാം.
ആചാര്യ എന്ന വിളിയുടെ പിന്നാലെ വരുന്നത് ബ്രാഹ്മണശ്രേഷ്ഠ എന്ന അഭിസംബോധനയാണ്. അങ്ങ് ആയുധാചാര്യനൊക്കെയാണെന്നാലും ക്ഷത്രിയനല്ല എന്ന് അനവസരത്തില്‍ ബോധിപ്പിക്കപ്പെടുന്നു. ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ നിര്‍ത്തിയിരിക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉള്ള കഴിവുകളത്രയും പ്രയോഗത്തില്‍ കാണട്ടെ, എന്ന് വെല്ലുവിളി.
മനസ്സില്‍ തിന്മ നാമ്പെടുത്താല്‍ അത് നമുക്കുള്ള ഗുരുപ്രസാദത്തെയും അനുഗ്രഹങ്ങളെയും എവ്വിധം വ്രണപ്പെടുത്തുകയും നിസേ്തജമാക്കുകയും ചെയ്യുമെന്ന് ദുര്യോധനവൃത്തിയില്‍ നിന്ന് കണ്ടറിയാം.
ചാതുര്‍വര്‍ണ്യം അന്നേ നിലവില്‍ ഉണ്ടായിരുന്നു എന്നതിന് ഗീതയില്‍ കാണുന്ന ആദ്യത്തെ സൂചനയാണ് ഇത്. അന്നേ അതിന് അപചയം സംഭവിച്ചിരുന്നു എന്നുകൂടി ധ്വനി. ജന്മസ്വഭാവം പരിഗണിക്കാതെയുള്ള തൊഴില്‍വിഭജനത്തിന് അക്കാലത്തേ ചാതുര്‍വര്‍ണ്യം ഇടവെച്ചതായും സ്ഥാനവും മാനവും മോഹിച്ച് സ്വഭാവാനുസൃതകര്‍മം വെടിയാന്‍ അന്നേ ആളുകള്‍ക്ക് മടിയില്ലാത്തതായും അനുമാനിക്കാം. ബ്രാഹ്മണോത്തമന്‍ അഭ്യസിപ്പിക്കേണ്ടത് ആയുധവിദ്യയല്ല, ബ്രഹ്മവിദ്യയാണ്. പ്രതികാരദാഹമാണ് ദ്രോണരെ ആയുധഗുരുവാക്കുന്നത്. അതേ തിന്മയുടെ അവതാരമായാണ് ഇപ്പോള്‍ ദുര്യോധനന്‍ സംസാരിക്കുന്നത്. ദ്രോണരുടെ ശിരസാ വഹിക്കുന്ന സ്വയംകൃതാനര്‍ഥത്തെ പരാമര്‍ശിച്ചുള്ള വ്യാസനര്‍മമായിക്കൂടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഏതൊരു ആചാര്യനും എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്ന ''വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം'' എന്ന പ്രാഥമിക നിയമം ദ്രോണരെന്ന ഗുരു എന്നേ മറന്നുപോയല്ലോ.
ഗീതാദര്‍ശനം - 5
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച
സൗമദത്തിസ്തഥൈവ ച
(സൗമദത്തിര്‍ജയദ്രഥഃ എന്നും പാഠം.)

അങ്ങ്, ഭീഷ്മര്‍, കര്‍ണന്‍, യുദ്ധവിജയിയായ കൃപര്‍, അശ്വത്ഥാമാവ്, വികര്‍ണന്‍ എന്നിവരും സോമദത്തപുത്രനും (പാഠഭേദപ്രകാരം ജയദ്രഥനും) ഉണ്ട്.

അന്യേ ച ബഹവഃ ശൂരാഃ
മദര്‍ഥേ ത്യക്ത ജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ
സര്‍വേ യുദ്ധവിശാരദാഃ

എനിക്കായി മരിക്കാന്‍ ഒരുങ്ങിയവരും നാനാവിധ ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ മിടുക്കരുമായ വേറെയും നിരവധി ശൂരന്മാരുണ്ട്. ഇവരെല്ലാം യുദ്ധവിശാരദന്മാരുമാണ്.
ഇവിടെയുണ്ട് ഒരു കുത്ത്. അണി നിരന്ന പടയാളികള്‍ക്കിടയില്‍ മറ്റാരുടെയും സമര്‍പ്പണബോധത്തെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും പ്രിയശിഷ്യനായ അര്‍ജുനന്‍ മറുവശത്തുള്ളതിനാല്‍ ദ്രോണരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും തന്നെ!
തനിക്കുവേണ്ടി മരിക്കാന്‍ തന്റെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തയ്യാറുള്ളതിനെപ്പറ്റി ദുര്യോധനന്‍ ഊറ്റം കൊള്ളുന്നു. എന്നാല്‍ ദുര്യോധനന്‍ ആര്‍ക്കെങ്കിലും വേണ്ടി മരിക്കാന്‍ തയ്യാറാണോ? ഒരിക്കലുമല്ല! ഇതാണ് ദുര്യോധനന്റെ മനഃസ്ഥിതിയും അര്‍ജുനന്റെ മനഃസ്ഥിതിയും തമ്മിലുള്ള വാസനാപരമായ അന്തരം. സ്വന്തക്കാരുടെ മരണത്തേക്കാള്‍ സ്വീകാര്യം തന്റെ അന്ത്യമാണെന്ന നിലപാടാണ് അര്‍ജുനന്‍ സ്വീകരിക്കാന്‍ പോകുന്നത്. ആ നിലപാടിന് ജീവശ്ശാസ്ത്രപരമായ സാധുതയുണ്ട്. ജീവശ്ശാസ്ത്രാധിഷ്ഠിതമായ പരക്ഷേമതത്പരത (Biological altruism) എന്ന വികാരത്തിന്റെ അടിത്തറ ''കുലത്തിനായി ഒരാളെയോ ദേശത്തിനായി ഒരു കുലത്തെയോ ത്യജിക്കാ''മെന്ന മൊഴിയുടെ പൊരുളില്‍ കാണാം. ജീവിവര്‍ഗങ്ങളില്‍ പലതും വംശരക്ഷയ്ക്കായി സ്വജീവന്‍ ബലി കൊടുക്കുന്നു. രക്തബന്ധമുള്ളവരുടെ രക്ഷയ്ക്കായുള്ള ആത്മബലിക്കാണ് മുന്‍ഗണന എന്നുകൂടി ഓര്‍ക്കണം. പക്ഷേ, ബന്ധുമിത്രാദികളുടെ ജീവരക്ഷയിലുള്ള ജീവശ്ശാസ്ത്രപരമായ താത്പര്യം അനീതിയുടെ സംരക്ഷണത്തിനായിത്തീരുമ്പോഴോ? ഗെയിം തിയറി ഇവിടെയും ഒരു ഉത്തരം തരുന്നുണ്ട്. അള്‍ട്രൂയിസവും നീതിബോധവും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ ജയിക്കേണ്ടത് നീതിബോധമാണ്. പടിപടിയായുള്ള അത്തരം ജയങ്ങളിലൂടെയാണ് സംസ്‌കാരം (Culture) വളരുന്നത്.
ഭഗവദ്ഗീതയില്‍ നിന്നും....ഷിബു.ജി.

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...