2017, മാർച്ച് 8, ബുധനാഴ്‌ച

ഓർമ്മയിലെ ഓളങ്ങൾ


ഓർമ്മയിലെ ഓളങ്ങൾ


കൈവിട്ടുപോയ ബാല്യത്തിൻ
കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു 
കളിത്തോഴനായി കളിയാടുവാൻ
വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ.

ചാറ്റൽമഴ നനഞ്ഞു സന്ധ്യകളിൽ
അവളുമായിചേർന്നു നിന്നു പൊട്ടിച്ച
വാഴക്കൂമ്പിൻ തേൻ തുള്ളികളിറ്റിച്ച
ചുണ്ടുകൾ നുകർന്നൊരു പ്രണയകഥയുടെ
രഹസ്യമുണ്ടീ വാഴക്കൂട്ടങ്ങൾക്കിടയിൽ .

താളിതേച്ചുനിൽക്കുമവളെ
വേളിയാക്കുംമുന്നേ മേനിയാകെ
കാച്ചെണ്ണ തേച്ചുഴിയുവാൻ
കാത്തിരുന്നൊരു മുറച്ചെറുക്കന്റെ
ഓർമ്മകളിന്നും പതുങ്ങിയിരിക്കുന്നീ
ജീർണ്ണിച്ച കുളപ്പുരയ്ക്കുള്ളിൽ.

അറ്റ വേനൽക്കാലത്തിലും വറ്റാത്ത
നീരുറവയുമായി ചുറ്റു മതിലുകൾക്കുള്ളിൽ
പച്ച പുല്ലുകൾ മരതകരത്നം പോലാരഞ്ഞാണം
ചാർത്തിയ കൽപ്പടവുകളിറങ്ങി
മുങ്ങാം കുഴിയിട്ടു ചെന്ന് പായൽക്കെട്ടിളക്കി
പരൽമീനിനെപ്പോൽ നീന്തിത്തുടിക്കുമവളുടെ
ഓർമ്മകൾ ഓളങ്ങളായി തഴുകുന്നുണ്ടീ
കുളത്തിന്റെ കല്പടവുകളിൽ .

2016, ജൂലൈ 4, തിങ്കളാഴ്‌ച

   എനിക്കൊന്നു 
            ഉരുകിത്തീരണം 
                      ഒരു  തിരിയുടെ 
                                     തീച്ചൂടില്‍----

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

പ്രണയത്തിന്റെ സപ്ത മുഖങ്ങൾ



പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരാണ് എല്ല്ലാവരും . കാരണം അത്രയേറെ തീവ്രമാണ് പ്രണയത്തിന്റെ ഓരോ നിമിഷവും. പ്രണയ പരാജയമാണെങ്കിലും ആ വേദനയ്ക്ക് ഒരു സുഖമുണ്ടാകുമെന്നാണ് അനുഭവസ്ഥർ  പറയുന്നതും.

  ഒരു   ട്രയാങ്കുലർ  തിയറി ഓഫ് ലൗവ്വിലൂടെ നോക്കിയാൽ പ്രണയത്തിന്റെ  ഏഴ് മുഖങ്ങൾ കാണാനും അനുഭവിക്കാനും തീർച്ചയായും സാദിക്കും . ആ  ഏഴ് മുഖങ്ങൾ ഒന്ന് നോക്കുക ..

  ഒന്നാമതായി ഇഷ്ടം അഥവാ സൗഹൃദമാണ്  പ്രണയത്തിന്റെ ഒരു മുഖം.  ഒരാൾക്ക് പലരോടും ഇഷ്ടം തോന്നാം. ഇഷ്ടത്തിലുപരി പലപ്പോഴും മറ്റുള്ളവരേക്കാൾ  കൂടുതൽ  അടുപ്പം തോന്നാം.  ഏത് കാര്യവും തുറന്നു പറയാൻ  കഴിയുന്ന ഒരാളെ ഓരോരുത്തരും കണ്ടെത്തുന്നു . എന്നാൽ  ഇതിനെ പ്രണയം എന്ന് പറയാൻ  കഴിയില്ല. പലപ്പോഴും ഇത്തരം ബന്ധങ്ങൾക്ക്  സ്നേഹമെന്നോ സൗഹൃദമെന്നോ മാത്രമേ അർത്ഥമുള്ളു .

 രണ്ടാമതായി മറ്റൊരാളോടുള്ള ആഗ്രഹം അഥവാ ഇൻഫാച്വേഷൻ . ചില പ്രശസ്ത  വ്യക്തികളോടുള്ള    ആരാധനയെയാണ് ഇൻഫാച്വേഷൻ . എന്നാൽ  ഇതൊരിക്കലും നീണ്ടു നില്ക്കണമെന്നില്ല. യാതൊരു വിധത്തിലുള്ള കമ്മിറ്റ്‌മെന്റ്‌സോ അടുപ്പമോ ഇത്തരം ബന്ധങ്ങളിൽ തോന്നുകയില്ല .

മൂൂന്നാമത്തതു   ശൂന്യമായ സ്നേഹമെന്നതാണു . ഇത് അതികഠിനമായ അളവിൽ തോന്നുന്ന  സ്നേഹം എന്ന വികാരമാണ്‌ . എന്നാൽ അതിലൊരിക്കലും അടുപ്പമോ ആത്മാർത്ഥതയോ കാണില്ല. ഇതിനെ ശൂന്യമായ സ്നേഹം അഥവാ എംറ്റി ലൗവ് എന്നു പറയും.. പല കുടുംബങ്ങളിലും ഇത്തരം സ്നേഹം കാണാം .

നാലാമതായി റൊമാന്റിക് ലൗവ്. കമ്മിറ്റ്‌മെന്റു തന്നെയാണു   ഏത് ബന്ധങ്ങളുടേയും അടിസ്ഥാനം. രണ്ട് വ്യക്തികൾ  തമ്മിൽ  അടുപ്പവും ആഗ്രഹവും ഉണ്ടാകുമ്പോഴാണല്ലോ റൊമാന്റിക് ലൗവ് ആകുന്നതു . എന്നാൽ  ഇത് പലതും  അധിക കാലം നീണ്ടു നില്ക്കാതെ യാകും .

അഞ്ചാമതായി കംപാനിയനേറ്റ് ലൗവ് .പ്രണയിച്ചു വിവാഹം കഴിച്ചവരിലായിരിക്കും ഇത്തരം ബന്ധങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം കാണുന്നതു . ഇവർക്കിടയിൽ  ഇന്റിമസിയും സ്നേഹവും പരസ്പര വിശ്വാസവും പരസ്പരം മനസ്സിലാക്കാമുള്ള കഴിവും കൂടുതലായിരിക്കും. പങ്കാളി എന്നതിനേക്കാളുപരി സുഹൃത്തിനെപ്പോലെയായിരിക്കും ഇവരുടെ പെരുമാറ്റവും.

ആറാമത്തേതു ദുർബലമായ പ്രണയം. ഇന്നത്തെ കാലത്ത്  ഏറ്റവും കൂടുതൽ  കണ്ടു വരുന്ന പ്രണയമാണ് ഇത്. ദുർബലമായ പ്രണയത്തിൽ  അടങ്ങാത്ത പാഷനും കമ്മിറ്റ്‌മെന്റും എല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇന്റിമസി എന്നു പറഞ്ഞ സാധനം മാത്രം ഉണ്ടാവില്ല. ദുബലമായ പ്രണയമാണങ്കിലും  സ്കൂൾ , കോളേജു , ചില ജോലിസ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ  ഇതു  നിറഞ്ഞു നില്ക്കുന്നു.

എഴാമതായി സമ്പൂർണമായ പ്രണയം പ്രണയത്തിനു വേണ്ട എല്ലാ ചേരുവകളും ഇത്തരം ബന്ധങ്ങളിൽ  ഉണ്ടായിരിക്കും . ഇന്റിമസിയും, സ്‌നേഹവും പ്രണയവും ഈ ബന്ധങ്ങളിൽ ഉണ്ടാവും. ജീവിതകാലം ബന്ധത്തിന്റേതായ തീവ്രതയോട് കൂടി നിലനില്ക്കുന്നതും ഇത്തരം ബന്ധങ്ങളിലാണ്. എന്നാൽ  ഇത്തരത്തിലുള്ള ബന്ധം ഇപ്പോൾ  വളരെ കുറവാണ് എന്നതു ഒരു വലിയ  കാര്യമാണ്‌ .

ഇനി പ്രണയിക്കാൻ ഒരുങ്ങുന്നവരും പ്രണയിചുകൊണ്ടിരിക്കുന്നവരും അതനുഭവിച്ചു കഴിഞ്ഞവർക്കും തീരുമാനിക്കാം ഇതിൽ ഏതായിരിക്കും നിങ്ങളുടെ പ്രണയമെന്നു .





--(മകൾ)--



Image result for യാത്ര

അച്ഛന്റെ സങ്കൽപ്പ സ്വപ്നത്തിലും 
അമ്മതൻ ആഗ്രഹ രൂപത്തിലും 
അമ്മയ്ക്കൊരോമൽക്കിടാവായി പിറന്ന    
ആദ്യത്തെ കണ്മണി  ഐശ്വര്യ ലക്ഷ്മി നീ ...

അമ്മമടിത്തട്ടിൽ മാറോടു ചേർന്നങ്ങു  
അമ്മുഞ്ഞപ്പാലൂറിക്കുടിക്കുന്ന നേരത്തു 
അമ്പിളിമാമനെ മാനത്ത് കാട്ടുവാനി 
അച്ഛനരികിൽ  ഇല്ലാതെ പോയി  കുഞ്ഞേ ...

ബാല്യത്തിൽ ഓമനത്തുമ്പിയായി 
നീ പാറിപ്പറന്നു നടന്നോരുകാലത്ത് 
ദൂരത്തിരുന്നീയച്ഛനു  കാണുവാനായില്ല 
ഒമനകുഞ്ഞേ, നിന്റെ ലീലകളോരോന്നും ... 

കൗമാര സുഗന്ധിയായി പൗർണ്ണമി തിങ്കളയി 
പാവാടപ്പെണ്ണായി  വളർന്നു നീ കുഞ്ഞേ 
നാണം തുളുമ്പുന്ന കാന്തിയുമായി വന്നു 
യൗവ്വനം നിന്നെ  ഋതുമതിയാക്കി മുത്തേ ...

അറിവിന്റെ പീഠത്തിൽ സരസ്വതി നീയിന്നു
അച്ഛനും അമ്മയ്ക്കും  പൊൻകണി നീയെന്നും  
സൗഭാഗ്യ ലക്ഷ്മിയായി അരികിൽ നീ വേണം 
നിൻ ജന്മം പുണ്യമാണു  ഓമനപൈതലേ ...

ഈ സ്നേഹ വാത്സല്യം മുറിച്ചിടാതെ 
മംഗല്യം കൊണ്ടൊരു പത്നിയാകും നീ 
ദാമ്പത്യസൗഭാഗ്യ ലക്ഷ്മിയായി ഓമനേ,
സ്നേഹം തുളുമ്പുന്നൊരമ്മയാകും നീ ....

പത്നി ആയാലും  മകളേ നീ, അമ്മയായാലും മകളേ നീ,
അച്ഛനും അമ്മയ്ക്കും എന്നെന്നും നീ 
നെഞ്ചിലെ വാത്സല്യ പൊൻകുരുന്നല്ലേ 
എന്നും പാറിപ്പറക്കുന്ന പൊൻതുമ്പിയല്ലേ ....


-----------ഷിബുഗോപാലൻ -------------












സഫലമീയാത്ര

Image result for യാത്ര

പിറവി തന്ന പാതയിൽ
പിച്ച വെച്ചു   നടന്നു പിന്നെ
അറിവിനായി വിദ്യതേടി
ആദ്യയാത്ര  തുടങ്ങിഞാൻ

അറിവു തന്ന ബോധമേറ്റി
പിന്നെയും നടന്നു പോയി
അതിരുകൾ കടന്നു ചെന്ന്
ജീവിതത്തിലെത്തി ഞാൻ

ഭാരമായ  ജീവിതവും
പേറി ഞാൻ യാത്രയായി
താങ്ങിനായി തണലിനാ-
യൊരുതാവളം തേടി  ഞാൻ .

സ്നേഹമാം വാതലിൽ താവളമൊരുക്കി 
ജീവിതം പകുത്തൊരു കുടുംബമാക്കി
ഭരങ്ങളേറ്റു യാത്രയാകുവാൻ
കൂട്ടിനായ് വന്നൊരു സ്നേഹപ്പക്ഷി

ആർദ്രമായ യാത്രയിൽ
നൊമ്പരത്തിൻ  വീഴ്ചകൾ
നേർച്ചകൾ നേർന്നതിനു
പുണ്യമായി മക്കളും

മക്കളിൽ മാഹാത്മ്യമേറിയ നാളുകൾ
 പാവകളാകുന്നു പാപിയാം നമ്മളും
പോകാം നമുക്കൊരു യാത്രയിനിയും
കൂട്ടിനായി വന്നയെന്റെ സ്നേഹപ്പക്ഷി

ജീവിതഭാരമിനി  തോളിലില്ല
വാർദ്ധക്യമുണ്ടല്ലോ കൂട്ടായ് നമുക്ക്
സഫലമീയാത്രയെൻ സ്നേഹപ്പക്ഷി
പെരുവഴിയുണ്ടല്ലൊ നമുക്ക് പോകാൻ


                                                                 shibu



സ്ഥാനാർത്ഥികൾ

 
തിരഞ്ഞെടുപ്പുപ്രചരണത്തിനുകൊഴുപ്പുകൂടുംതോറും  സ്ഥാനാർത്ഥികളെന്നപേരിനും ഓമനപ്പേരിട്ടു നാടിന്റെ പൊന്നോമന പുത്രനാക്കി പുത്രിയാക്കി തേരാളിയാക്കി പോരാളിയാക്കി പടയാളിയാക്കി പിന്നെയും ഒരുപാടു ളിയാക്കി ഇളിപ്പിച്ചു കൊണ്ടു പ്രചരണ പ്രഹസന പര്യടനം നടത്തുന്നു  സ്ഥാനാർത്ഥികളും അനുയായികളും .

വോട്ടർമാർ കൂടുന്ന കല്യാണം  ഗൃഹപ്രവേശം മരണം പതിനാറടിയന്ത്രം  കുർബാന തുടങ്ങി ഇരുപത്തെട്ടുകെട്ടു മുതൽ കാതുകുത്തുന്ന സ്ഥലം വരെ ആരും ക്ഷണിചില്ലങ്കിലും പാഞ്ഞു ചെല്ലും നമ്മുടെ സ്ഥാനാർത്ഥികൾ.

ക്ഷണിക്കാത്ത കല്യാണത്തിനു ചെന്നു സദ്യയുണ്ട വിദ്യകൊണ്ട് കണ്ണിലുണ്ണിയായി  വീട്ടുകാരുടെ തോളിൽ തട്ടിയും മുട്ടിയും തലോടിയും  കയ്യിൽ  പിടിച്ചുകുലുക്കിയും വധുവരന്മാർക്കൊപ്പം സെൽഫിയുമെടുത്തു  അനുഗ്രഹിച്ചാശംസിച്ചു   വോട്ടുകൾ ഉറപ്പിച്ചു  തൊഴുതു മടങ്ങുന്നു പൊന്നോമനകളായ നമ്മുടെ സ്ഥാനാർത്ഥികൾ.

രാവിലെ പത്രങ്ങളിലെ  ചരമക്കോളം നോക്കി മണ്ഡലത്തിലെ മരണവീടുകൾ തെരഞ്ഞു പിടിച്ചു ശവമടക്കു സമയത്തു ഓടിയെത്തി ശവത്തിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞന്ത്യ ചുംബനം കൊടുത്തു നാലുതുള്ളികണ്ണുനീരും ഒഴുക്കി പൂവിട്ടു പാദവും തൊഴുതു ശവം പോലെ നിന്നു അവിടെ കൂടിയിരിക്കുന്ന വോട്ടർമാരുടെ വോട്ടുകൾ കീശയിലാക്കുന്നു  നമ്മുടെ സ്ഥാനാർത്ഥികൾ.

ചടങ്ങുകളിൽ മാത്രമല്ല നാട്ടിൽ  നടക്കുന്ന ഉത്സവങ്ങളിലും തലകാണിച്ചു എല്ലാവരോടും പുഞ്ചിരിച്ചു കയ്യ് പിടിച്ചു കുലുക്കി പരിചയം പുതുക്കി വോട്ടു തരണമെയെന്നു പറയാതെ പറഞ്ഞു തലകുലുക്കുമ്പോൾ ഇവിടെ വോട്ടവകാശം ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയാതെ  തൊഴുതു പോകാറുണ്ട്  നമ്മുടെ സ്ഥാനാർത്ഥികൾ.
അങ്ങനെ പൊന്നോമന പുത്രനായ പുത്രിയായ പോരാളിയായ തേരാളിയായ പടയാളിയായ ഒരുകൂട്ടം  ളിമാരെ തിരഞ്ഞു പെറുക്കി എടുത്തു വിടുകയാണ് നമ്മൾ , നമ്മളെ ഭരിക്കാൻ .

                                                                                       ഷിബു.

2016, ഏപ്രിൽ 2, ശനിയാഴ്‌ച

ആത്മാവിനെക്കുറിച്ചു അല്പം

{{ആത്മാവിനെക്കുറിച്ചു അല്പം}} 

എന്താണ് ആത്മാവ് എന്നാൽ  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. പല മതങ്ങളിലും വിശ്വാസങ്ങളിലും  ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. 
എന്നാൽ  ഇന്നും കൃത്യമായ ഒരു  ഉത്തരം കണ്ടെത്താൻ   കഴിഞ്ഞിട്ടില്ല.  ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ആത്മാവിന്റെ രഹസ്യം കണ്ടെത്താൻ  ഇന്നും ആർക്കും  കഴിഞ്ഞിട്ടില്ല. അത്മാവിന്റെ രൂപവും  വലിപ്പവും  ആരുടേയും  ചിന്തകളിൽ  പോലും കല്‍പ്പിക്കാനാവാത്തതാണ്. എന്നിരുന്നാലും ആത്മാവിനെക്കുറിച്ച് ചില നിഗമനങ്ങളുണ്ട് .

ശരീരത്തിലുടനീളം വ്യാപിച്ചു കിടക്കുന്നതാണ് ആത്മാവ്.  മനസ്സകിനും ശരീരത്തിനും ഊര്‍ജ്ജം പകരുന്നതാണ് ആത്മാവ്. ഒരിക്കലും നാശമില്ലാത്ത അരൂപിയായ ഒന്നാണ് ആത്മാവ് .

ശരീരത്തിൽ  എവിടെയാണ് ആത്മാവ് വസിക്കുന്നതെന്നതാണ് ശ്രദ്ധേയം. രണ്ട് കണ്ണിന്റേയും ഇടയില്‍ നെറ്റിയ്ക്ക് മധ്യഭാഗത്തായാണ് ആത്മാവ് വസിക്കുന്നതെന്നാണ് വിശ്വാസം . നെറ്റിയിൽ  തിലകം ചാർത്തുന്നത് ആത്മാവിന്റെ ഓർമ്മപ്പെടുത്തലാണന്ന സങ്കല്പത്തിലാണ് .


ആത്മാവിനു പല ഘടകങ്ങളുണ്ട് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ഒന്ന് മനസ്സ് രണ്ട് ഗ്രഹണശക്തി മൂന്ന് സങ്കല്‍പ്പം. ഇത് മൂന്നും ചേർന്നതാണ് ആത്മാവ്. നമ്മുടെ മനസ്സിലെ പല ചിന്തകളേയും പോസിറ്റീവ് ആയി മാറ്റുന്നതും അതിനുള്ള ഊർജ്ജം പകരുന്നതും ആത്മാവായിരിക്കും .

 ആത്മാവിനു മരണമില്ല .മരണത്തിനു ശേഷം ശരീരം നശിച്ചാലും ഒരിക്കലും നാശമില്ലാത്തതാണ് ആത്മാവ്. എത്രയൊക്കെ  നശിപ്പിക്കാൻ  ശ്രമിച്ചാലും ഒരിക്കലും മരണമില്ലാതെ നിലനില്ക്കുന്നതാണ് ആത്മാവ്.

കർമ്മം ചെയ്യുന്നതും  ആത്മാവാണ്. ഓരോരുത്തരും  ചെയ്ത പുണ്യ പാപത്തിന്റെ ഫലം അനുഭവിയ്ക്കുന്നതും ആത്മാവ് തന്നെയാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അടുത്ത ജന്മം ഓരോരുത്തരുടേയും  മുജ്ജന്മത്തിൽ  ചെയ്ത പാപ പുണ്യങ്ങളുടെ ആകെത്തുകയായിരിക്കും.


സ്വയം മനസ്സിലാക്കാൻ  കഴിവുള്ളതാണു ആത്മാവ്  . ഏത് കാര്യത്തിനും സ്വന്തമായി തീരുമാനമുണ്ടാകുന്നതും മാനസികവും ശാരീരികവുമായ സന്തോഷം നിലനിർത്തുന്നതും ആത്മാവിന്റെ കഴിവിലൂടെയാണു .  അങ്ങനെ ആത്മാവ് ഒരിക്കലും നശിക്കതെ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്നു .









ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...