തിരഞ്ഞെടുപ്പുപ്രചരണത്തിനുകൊഴുപ്പുകൂടുംതോറും സ്ഥാനാർത്ഥികളെന്നപേരിനും ഓമനപ്പേരിട്ടു നാടിന്റെ പൊന്നോമന പുത്രനാക്കി പുത്രിയാക്കി തേരാളിയാക്കി പോരാളിയാക്കി പടയാളിയാക്കി പിന്നെയും ഒരുപാടു ളിയാക്കി ഇളിപ്പിച്ചു കൊണ്ടു പ്രചരണ പ്രഹസന പര്യടനം നടത്തുന്നു സ്ഥാനാർത്ഥികളും അനുയായികളും .
വോട്ടർമാർ കൂടുന്ന കല്യാണം ഗൃഹപ്രവേശം മരണം പതിനാറടിയന്ത്രം കുർബാന തുടങ്ങി ഇരുപത്തെട്ടുകെട്ടു മുതൽ കാതുകുത്തുന്ന സ്ഥലം വരെ ആരും ക്ഷണിചില്ലങ്കിലും പാഞ്ഞു ചെല്ലും നമ്മുടെ സ്ഥാനാർത്ഥികൾ.
ക്ഷണിക്കാത്ത കല്യാണത്തിനു ചെന്നു സദ്യയുണ്ട വിദ്യകൊണ്ട് കണ്ണിലുണ്ണിയായി വീട്ടുകാരുടെ തോളിൽ തട്ടിയും മുട്ടിയും തലോടിയും കയ്യിൽ പിടിച്ചുകുലുക്കിയും വധുവരന്മാർക്കൊപ്പം സെൽഫിയുമെടുത്തു അനുഗ്രഹിച്ചാശംസിച്ചു വോട്ടുകൾ ഉറപ്പിച്ചു തൊഴുതു മടങ്ങുന്നു പൊന്നോമനകളായ നമ്മുടെ സ്ഥാനാർത്ഥികൾ.
രാവിലെ പത്രങ്ങളിലെ ചരമക്കോളം നോക്കി മണ്ഡലത്തിലെ മരണവീടുകൾ തെരഞ്ഞു പിടിച്ചു ശവമടക്കു സമയത്തു ഓടിയെത്തി ശവത്തിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞന്ത്യ ചുംബനം കൊടുത്തു നാലുതുള്ളികണ്ണുനീരും ഒഴുക്കി പൂവിട്ടു പാദവും തൊഴുതു ശവം പോലെ നിന്നു അവിടെ കൂടിയിരിക്കുന്ന വോട്ടർമാരുടെ വോട്ടുകൾ കീശയിലാക്കുന്നു നമ്മുടെ സ്ഥാനാർത്ഥികൾ.
ചടങ്ങുകളിൽ മാത്രമല്ല നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും തലകാണിച്ചു എല്ലാവരോടും പുഞ്ചിരിച്ചു കയ്യ് പിടിച്ചു കുലുക്കി പരിചയം പുതുക്കി വോട്ടു തരണമെയെന്നു പറയാതെ പറഞ്ഞു തലകുലുക്കുമ്പോൾ ഇവിടെ വോട്ടവകാശം ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയാതെ തൊഴുതു പോകാറുണ്ട് നമ്മുടെ സ്ഥാനാർത്ഥികൾ.
അങ്ങനെ പൊന്നോമന പുത്രനായ പുത്രിയായ പോരാളിയായ തേരാളിയായ പടയാളിയായ ഒരുകൂട്ടം ളിമാരെ തിരഞ്ഞു പെറുക്കി എടുത്തു വിടുകയാണ് നമ്മൾ , നമ്മളെ ഭരിക്കാൻ .
ഷിബു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ