2017, മാർച്ച് 8, ബുധനാഴ്‌ച

ഓർമ്മയിലെ ഓളങ്ങൾ


ഓർമ്മയിലെ ഓളങ്ങൾ


കൈവിട്ടുപോയ ബാല്യത്തിൻ
കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു 
കളിത്തോഴനായി കളിയാടുവാൻ
വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ.

ചാറ്റൽമഴ നനഞ്ഞു സന്ധ്യകളിൽ
അവളുമായിചേർന്നു നിന്നു പൊട്ടിച്ച
വാഴക്കൂമ്പിൻ തേൻ തുള്ളികളിറ്റിച്ച
ചുണ്ടുകൾ നുകർന്നൊരു പ്രണയകഥയുടെ
രഹസ്യമുണ്ടീ വാഴക്കൂട്ടങ്ങൾക്കിടയിൽ .

താളിതേച്ചുനിൽക്കുമവളെ
വേളിയാക്കുംമുന്നേ മേനിയാകെ
കാച്ചെണ്ണ തേച്ചുഴിയുവാൻ
കാത്തിരുന്നൊരു മുറച്ചെറുക്കന്റെ
ഓർമ്മകളിന്നും പതുങ്ങിയിരിക്കുന്നീ
ജീർണ്ണിച്ച കുളപ്പുരയ്ക്കുള്ളിൽ.

അറ്റ വേനൽക്കാലത്തിലും വറ്റാത്ത
നീരുറവയുമായി ചുറ്റു മതിലുകൾക്കുള്ളിൽ
പച്ച പുല്ലുകൾ മരതകരത്നം പോലാരഞ്ഞാണം
ചാർത്തിയ കൽപ്പടവുകളിറങ്ങി
മുങ്ങാം കുഴിയിട്ടു ചെന്ന് പായൽക്കെട്ടിളക്കി
പരൽമീനിനെപ്പോൽ നീന്തിത്തുടിക്കുമവളുടെ
ഓർമ്മകൾ ഓളങ്ങളായി തഴുകുന്നുണ്ടീ
കുളത്തിന്റെ കല്പടവുകളിൽ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...