2014, ഡിസംബർ 5, വെള്ളിയാഴ്‌ച

നരജന്മം

നരജന്മം
പേടകങ്ങള്‍ തൊടുത്തുവിട്ടും ചിറകില്ലാതെ പറന്നും മനുഷ്യന്‍ ആകാശത്തിലെ പറവകളായി.ചിറകുള്ള പറവകള്‍ക്കു പറക്കുവാന്‍ ആകാശമില്ലതെയായി. മണ്ണു തുരന്നു തുരന്നു മാളമുണ്ടാക്കി പാമ്പുകള്‍ക്കു മാളമില്ലാതാക്കി മാളത്തിലെ പമ്പായി മനുഷ്യപുത്രന്മാര്‍.രാജവെമ്പലകള്‍.
മണ്ണും വിണ്ണും സ്വന്തമാക്കിയ മനുഷ്യന്‍ ശാസ്ത്രഞ്ജനാകുമ്പോള്‍ , ശാസ്ത്രം ജയിയ്ക്കുന്നു മനുഷ്യന്‍ തോല്‍ക്കുന്നു.
പച്ചക്കിളിയെകൊണ്ടു ചീട്ടെടുപ്പിച്ചു ഭൂതവും ഭാവിയും കണ്ടു പിടിയ്ക്കുന്നവനും പക്ഷിശാസ്ത്രം പഠിച്ച ശാസ്ത്രഞ്ജന്‍.
ചിറകുണ്ടായിട്ടും പറക്കുവാനാവാത്ത പക്ഷികളുടെ ശാസ്ത്രം ഒരു പക്ഷി ശാസ്ത്രക്കരനെങ്കിലും അവറ്റകളോടു പ്രവചിച്ചിരുന്നങ്കില്‍ മാംസം വില്‍ക്കാനായി മനുഷ്യനു മുന്നില്‍ ജനിയ്കുകയില്ലയിരുന്നു ഈ മോഹപക്ഷികള്‍.
അന്നത്തിനു വകയുണ്ടാക്കുവാന്‍ വഴികാട്ടിയായ പച്ചക്കിളി നീയും സുരക്ഷയല്ല ...നിനക്കും നാളെ പക്ഷിപ്പനി ബാധിച്ചാല്‍ നിന്നെയും കഴുത്തു ഞരിച്ചു കൊല്ലാന്‍ മടിയ്ക്കില്ല ആ പക്ഷിശാസ്ത്രഞ്ജന്‍.അതാണു നരന്‍. നരജന്മം!

2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

.......പശുവും പുലിയും കളി.....

.......പശുവും പുലിയും കളി.....

ഓണക്കളികളില്‍ ഒരിനമായി എന്റെ നാട്ടിലൊക്കെ(മാവേലിക്കര) കളിയ്കാറുള്ള വളരെ രസകരമായ ഒരു കളിയാണിതു. സ്ത്രീകളാണു ഇതു കളിയ്ക്കുന്നതു. കുറച്ചു പേര്‍ കൈകള്‍ കോര്‍ത്തു ഒരു വലയമുണ്ടാക്കി അതിനുള്ളില്‍ ഒരു പശു( പശുവായി പെണ്ണുങ്ങളില്‍ ഒരാള്‍) വലയത്തിനു വെളിയില്‍ അതു പോലെ ഒരാള്‍ പുലിയായുംകാണും.പുലി ഈ വലയം മുറിച്ചു അകത്തു കടന്നു പശുവിനെ പിടിച്ചു കൊന്നു തിന്നുക എന്നതാണു കളിയിലെ സാരം. അതിനായി ഈ വലയം ചുറ്റി മുറ്ച്ചു അകത്തുകടക്കാന്‍ പുലി എല്ലാ പരക്രമങ്ങളും കാണിയ്ക്കും. കൈകോര്‍ത്തു നില്‍ക്കുന്നവര്‍ അതിനു സമ്മതിയ്ക്കില്ല.ഇതു കണ്ടു ഭയന്നു പശു വലയത്തിനുള്ളില്‍ പ്ര്ണനും കൊണ്ടു ഓടി നടക്കും. പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തക്കു വിടും പിന്നെ പുലി അകത്തും പശു പുറത്തുമായി.പുലി വലയത്തിനു പുറത്തു വരുമ്പോള്‍ പശു അകത്തു കടക്കും.അങ്ങനെ വളരെ രസകരമായ ഒരു കളിയാണു. ഇതിനു വളരെ മനോഹരമായ പാട്ടുകളും ഉണ്ട്. പാട്ടു കള്‍ പാടി പുലിയെ ചൊടിപ്പിച്ചു കൊണ്ടേയിരിയ്ക്കും.അതിന്റെ രണ്ടു വരി ഇവിടെ കുറിയ്ക്കുന്നു.


 പുലി:... ഈകാട്ടില്‍ പശുവുണ്ടൊ
പശുക്കൂട്ടില്‍ ചുവടുണ്ടൊ

പശു:.... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:...ഈ കാട്ടില്‍ പശുവുണ്ടു
പശുക്കൂട്ടില്‍ ചുവടുണ്ടു

പശു:... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:....ഈ പശുവിനെ തിന്നും ഞാന്‍
ഈ പുഴയിലെ വെള്ളൊം കുടിയ്ക്കും ഞാന്‍

പശു:...ഈ പശുനെ തിന്നില്ല നീ
ഈ പുഴയിലെ വെള്ളോം കുടിയ്ക്കില്ല നീ

പുലി:.... പശു പശു പുല്ലിന്നാ

പശു:....പുലി പുലി കല്ലിന്നാ.....ഇങ്ങനെ മനോഹരമായി പാടികൊണ്ടു കളിയ്ക്കുന്ന ഒരു ഓണക്കളിയായിരുന്നു ഇതു...


                                                                                                    ഷിബു . എസ്സ്. ജി

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

പൊന്നിന്‍ ചിങ്ങം

  പൊന്നണിഞ്ഞ പൂക്കളുടെ സുഗന്ധമേറിയ മന്ദഹാസമായിമലയാളമനസ്സുകള്‍ക്കു ഒരുപാടു കണക്കുകൂട്ടലുകളുടേയും ശുഭ പ്രതീക്ഷകളുടേയും പൊന്‍ പുലരിയായി ചിങ്ങമാസമണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുകയാണു.

പുലരിയിലെ പൂമണത്തിലും രാത്രികളിലെ പൂനിലാവിലും പൂവിളിയും ആര്‍പ്പുവിളിയും കൊട്ടും കുരവയുമായി പൊന്നിന്‍ തിരുവോണത്തിന്റെവരവു കാത്തിരിയ്ക്കുകയാണു ലോകത്തിന്റെ എല്ലയിടങ്ങളിലും എത്തിപ്പെട്ടിരിയ്ക്കുന്ന മലയാളിമക്കള്‍.

 ജാതി‌-മതചിന്തകള്‍ തളച്ചിട്ടിരിയ്ക്കുന്ന ഭ്രാന്തന്‍ ചങ്ങല അഴിച്ചു കളഞ്ഞു കലാപത്തിന്റെ വിലാപമേറ്റു വാങ്ങാതെ, പ്രതീക്ഷകളും ആഹ്ലാദവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ചിങ്ങപകിട്ടില്‍ ദുരിതങ്ങളുടെ കയ്പു നീരുകള്‍ വിസ്മരിയ്ക്കുന്ന പൂക്കാലമാക്കി ആരവത്തോടെ ആഘോഷത്തോടെ പൊന്നോണത്തിനെ വരവേല്‍ക്കാനായി ന്മുക്കു കാത്തിരിയ്കാം.ഇതു നന്മയുടെ പൊന്നിഞ്ചിങ്ങമാസപിറവി ആയിരിയ്ക്കട്ടെ...!

                                                                                                                        ഷിബു.എസ്സ്.ജി

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ഇഷ്ടം...

 
നിന്റെ മിഴികളുടെ നീലക്കടവത്തു
നിശയില്‍ ശിലകളീണമിടുമ്പോള്‍
അടഞ്ഞ നിന്‍ മിഴിപുസ്തകതാളില്‍
പ്രണയ കവിതകളോളിപ്പിച്ചതെന്തിനു...

നീ പഠിപ്പിച്ച അക്ഷരങ്ങള്‍കൊണ്ടു
നിന്റെയുടലില്‍ കവിതയെഴുതി ഞാന്‍,
ഇനിയുമെഴുതണം നിന്നെക്കുറിച്ചെനിയ്ക്കു
നിന്റെ മാറിലെ പൂമൊട്ടുതഴുകിയുണര്‍ത്തി
നിന്റെ പൂവിതള്‍ ചുണ്ടത്തു ചുംബനങ്ങള്‍കൊണ്ട്...
                                                    ഷിബു .എസ്സ്. ജി



2014, ജൂലൈ 23, ബുധനാഴ്‌ച

മന്ദാരം

നിശയുടെ മൌനത്തില്‍
മന്ദഹസിയ്ക്കും മന്ദാരപുഷ്പമേ 
നിശാശലഭമായി നിന്നരുകില്‍ 
പരിമളം പുണരുവാന്‍ വന്നു ഞാന്‍...

ഇതളുകള്‍ തഴുകി നിന്‍ 
ദളങ്ങളിലുതിരും മധുരം നുകരുമ്പോള്‍ 
പ്രണയസുഗന്ധം പരത്തിനീയെന്നില്‍ 
പരാഗരേണുവായി അലിയുകില്ലേ......   

2014, ജൂൺ 21, ശനിയാഴ്‌ച

...ദയ...

വാക്കില്‍ ഉദിക്കുന്ന
ദയയില്‍ തിളങ്ങുന്നു
ആത്മവിശ്വാസത്തിന്റെ
പൊന്‍ കിരണങ്ങള്‍....!

ചിന്തകള്‍ ഉയര്‍ത്തുന്ന
ദയയുടെ പ്രതി ബിംബം
അഹംഭാവമകറ്റുന്ന
വിനയഭാവങ്ങള്‍...!

ദാനമായൊഴുകുന്ന
ദയയുടെ തീരത്തു
തിരികെയെത്തുന്നു
സ്നേഹ ബന്ധങ്ങള്‍....!

2014, ജൂൺ 19, വ്യാഴാഴ്‌ച

വായന


കാഴ്ചയുള്ളവര്‍ ദിവസം ഒരു അക്ഷരമെങ്കിലും വായിയ്ക്കാതിരിയ്ക്കുന്നില്ല.....അറിഞ്ഞും അറിയാതയും ഇങ്ങനെ സംഭവിക്കുമ്പോള്‍ ,വായനയെ ഓര്‍ക്കുവാന്‍ ഒരു വായനാദിനം തിരഞ്ഞെടുക്കുന്നതു വായിയ്കാത്തവര്‍ക്കു വേണ്ടി ആകട്ടെ. വായനാശീലമുള്ളവര്‍ക്കു ഇങ്ങനെയൊരു ദിവസം ആവശ്യണ്ടൊയെന്നു തോന്നുന്നില്ല.

വായന മനസ്സിനു കിട്ടുന്ന ഏറ്റവും നല്ല ഒരു വ്യായാമമാണ്. വായനാശീലമുള്ളവരുടെ മനസ്സു വളര്‍ന്നു കൊണ്ടിരിക്കും.വയനകൊണ്ടു വളര്ന്നു മനസ്സില്‍ വിളയുന്നതു അറിവാണു.വായനാശീലമില്ലാത്തവരുടെ മനസ്സിനു വേണ്ടത്ര വളര്‍ച്ച കിട്ടുന്നില്ല.

വായിയ്ക്കേണ്ടവ പുസ്തകം അഥവാ പുത്തകം , അറിയാനുള്ള പുതിയകാര്യങ്ങള്‍ അകത്തു അടച്ചു വെച്ചിരിയ്ക്കുന്നവയാണു പുത്തകം.എല്ലാവരാലും തുറന്നു വായിക്കേണ്ട രണ്ടു പുസ്തകങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നതാണു എന്നത്തേയും ഇന്നത്തേയും ലോകം. ഒന്നു അവനവനെത്തന്നെ വായിയ്ക്കുക. രണ്ട് ചുടുപാടുമുള്ള പ്രകൃതിയെക്കുറിച്ചു വായിക്കുക. ഇതു അക്ഷരങ്ങളില്‍ കൂടിയല്ലാതെ മനസ്സു കൊണ്ടും കാഴ്ചകൊണ്ടും വിളയിച്ചെടുക്കുന്ന അറിവു മാത്രമാണു.

എഴുത്തുകാരന്റെ മനസ്സാണു പുസ്തകം.ആ മനസ്സു തുറക്കുന്നതു വായനക്കാരും.എഴുത്തില്ലങ്കില്‍ വായനയും വായനയില്ലങ്കില്‍ എഴുത്തും ഇല്ലാതാകുന്നു.ആകയാല്‍ എഴുത്തും വായനയും ഒരു ചുംബനം പോലെ എന്നും പ്രണയമായിരിയ്ക്കുന്നു.

സ്വന്തം ബുദ്ധിയാലല്ലാതെ എഴുത്തുകാരന്റെ തല ഉപയോഗിച്ചു ചിന്തിയ്ക്കലാണു വായന....ചിന്തിക്കുവാനും ഞ്ജാനമാകുവാനും മനസ്സിനു കൊടുക്കുന്ന വ്യായാമം വായനയായി എല്ലാവരും തുടരുക.

“വിശക്കുന്ന മനുഷ്യാ....പുസ്തകം കയ്യിലെടുക്കു അതുമൊരു ആയുധമാണു...”

2014, മാർച്ച് 22, ശനിയാഴ്‌ച

മഗലത്തു വീട്

            മംഗലത്തു വീട്ടിലെ മാധവിയമ്മ എല്ലാകാര്യത്തിലും വളരെ കണിശക്കാരിയാണു.അടുത്തു വരുന്ന അവരുടെ ഷഷ്ടിപൂര്‍ത്തി ആര്‍ഭാടമാക്കാനുള്ള ഒരുക്കത്തിലാണവരിപ്പോള്‍. ബന്ധുക്കളെയും നാട്ടുകരെയും ക്ഷണിച്ചു അന്നേദിവസം കേമമക്കണമെന്ന ഏക ആഗ്രഹം.വയസ്സു അറുപതോടു അടുത്തെങ്കിലും അഴകിനേയും ആരോഗ്യത്തിനേയും വാര്‍ദ്ധക്യത്തിനു വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിക്കുന്നു.കാതിനു അല്പം കേഴ് വി കുറവാണങ്കിലും കണ്ണിനു കാഴ്ചയുള്ളതു കൊണ്ടു താന്‍ എന്തു കേട്ടാലും അതാണു ശരിയെന്ന മട്ടിലാ‍ണു മാധവിയമ്മയെന്നും.
         
        മാധവിയമ്മയുടെ കേള്‍വിക്കുറവു മംഗലത്തു വീട്ടിലും അയല്‍പക്കത്തും ചില രസകരമായ സംഭവങ്ങള്‍ക്കു വഴിയൊരുക്കിയട്ടുണ്ട്.മരുമകള്‍ ശ്രീദേവിറ്റീച്ചറും ചെറുമകള്‍ കാര്‍ത്തുവും ഈ രസകരമായ സംഭവങ്ങളില്‍ പലപ്പോഴും മാധവിയമ്മയുടെ സരസ്വതീ കീര്‍ത്തനം കേട്ടു കണ്ണും കാതും പൊത്തിയിരിക്കാറുണ്ടു.
മാധവിയമ്മയുടെ ഏകമകന്‍ രാമകൃഷ്ണന്റെ ഭാര്യയാണു ശ്രീദേവിറ്റീച്ചര്‍. രാമകൃഷ്ണന്‍ ഗള്‍ഫിലും ശ്രീദേവിറ്റീച്ചര്‍ നാട്ടിലെ സര്‍ക്കാര്‍ സ്കൂളീലും ജോലി നോക്കുന്നു.ഇവരുടെ അരിമകിടാവാണു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാര്‍ത്തു.
        
        മാധവിയമ്മയുടെ അറുപതാം പിറന്നാളു ആഘോഷിക്കുന്ന ദിവസം തന്നെയാണു ശ്രീദേവിറ്റീച്ചര്‍ടെ ജീവിതത്തിലേയും പ്രധാനപ്പെട്ട ആദിനം കടന്നുവരുന്നതു. അതിന്റെ സന്തോഷത്തിലാണു റ്റീച്ചറെങ്കിലും മാധവിയമ്മയുടെ ഷഷ്ടിപൂര്‍ത്തി ചടങ്ങു ആ സന്തോഷത്തിനു അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ടു.രാമകൃഷ്ണന്‍ ശ്രീദേവീ ദമ്പതികളുടെ വിവാഹ വാര്‍ഷികവും അന്നു തന്നെ വന്നു കൂടി.അറുപതു തികയുകയാണങ്കിലും പതിനാറിന്റെ ലാഘവത്തോടെയാണു മാധവിയമ്മ ചട്ടവട്ടങ്ങള്‍ ഒരുക്കുന്നതു.ഈ ചടങ്ങിനു മകന്‍ രാമകൃഷ്ണന്‍ ഇല്ലാത്തതും മാധവിയമ്മയുടെ മനസ്സില്‍ ഒരു കാര്‍മേഘം മൂടി നില്‍ക്കുകയണു.
      
       ശ്രീദേവിറ്റീച്ചര്‍ സ്കൂളീല്‍ നിന്നിം വരുന്ന വഴി സുപ്പര്‍മാര്‍ക്കറ്റില്‍ കയറി ആഘോഷദിവസത്തിലെ സാദനങ്ങള്‍ക്കു വേണ്ട ലിസ്റ്റു കോടുത്തു നേരം വൈകിയാണു വീട്ടില്‍ എത്തിയതു .റ്റീച്ചറെ കണ്ടപ്പോള്‍ തന്നെ മാധവിയമ്മയുടെ വായില്‍ നിന്നും ശകാരവര്‍ഷങ്ങള്‍ പെയ്തു തുടങ്ങി.ഒരുമ്പെട്ടവള്‍....തറവാടിനു മാനക്കേടുണ്ടാക്കാനായി കയറി വന്ന ജന്തു...എന്റെ രാമകൃഷ്ണാ നിനക്കു ഈ പൂതനയെ ആണല്ലോ കിട്ടിയതു...ഇവള്‍ ശ്രീദേവിയല്ല ...മൂതേവിയാണു മൂതേവി...
സന്ധ്യാസമയത്തു നാമം ജപിക്കേണ്ട തള്ളക്കു ഇതെന്തു പറ്റിയന്നറിയാതെ ശ്രീദേവിറ്റീച്ചറൊന്നു പരിഭ്രമിച്ചു.കാര്‍ത്തുവിനോടു തിരക്കി അവള്‍ക്കും അറിയില്ല കാര്യം.ഏതോ വലിയ കാര്യം കിളവിക്കു കിട്ടിയട്ടുണ്ടു. അതാ ഇങ്ങനെ കിടന്നു ചിലക്കുന്നതു.എന്താണാവോ.അതറിയണം. അറിഞ്ഞു കൊണ്ടു ഒരു തെറ്റും ചെയ്തില്ല.രാവിലെ പോകുമ്പോള്‍ വീട്ടിലെ ജോലിയെല്ലാം തീര്‍ത്തു ഭക്ഷണവും ഉണ്ടാക്കി വെച്ചിട്ടാണല്ലോ പോയ്യതു.പിന്നെ തള്ളക്കു തിന്നു കൊണ്ടൂ വേറുതെയിരിക്കുമ്പോള്‍ എന്തിന്റെ കേടാ.കാര്യം അറിയണാമല്ലോ വയസ്സു കാലത്തു പൊന്നു പോലെ നോക്കുന്നതിന്റെ നന്ദിയില്ലാത്തതള്ള എന്നൊക്കെവിചാരിച്ചു റ്റീച്ചര്‍ കാര്യം മാധവിയമ്മയോടു തന്നെ തിരക്കി.
 
“എന്താണമ്മേ ഇങ്ങനെയൊക്കെ പറേണതു....? എന്തുണ്ടയ്യീന്നു പറയ്”
“എടീ കെട്ടിയോന്മാരേ വഞ്ചിക്കരുതു....അങ്ങനത്തവളുമാരു ഒരിക്കലും കൊണം പിടിക്കില്ല”
“ അതിനിപ്പം ഞാനാരെ വഞ്ചിച്ചെന്നാ അമ്മ പറയണേ”
“എന്റെ മോന്‍ രാമകൃഷ്ണനെ....അല്ലാതാരാ നിന്റെ കെട്ടിയോന്‍”
“ദേ...തള്ളേ ...എന്നെക്കൊണ്ടൊന്നു പറയിക്കല്ലേ...ദൈവത്തേപ്പോലെയാ എനിക്കു രാമേട്ടന്‍....ഇങ്ങനൊക്കെ പറഞ്ഞാല്‍ ദൈവദോഷം കിട്ടും”
“ അതേടി ദൈവദോഷം കിട്ടും...നിനക്കു”
“അതിനിപ്പം എന്താ ഉണ്ടായന്നു പറഞ്ഞു തുലക്കു”

“പറയാടി ...നിന്റെ രഹസ്യക്കാരന്‍ ഫോണില്‍ വിളിച്ചു...ഇതു ശ്രീദേവീടെ വീടല്ലേന്നു...അവനു ശ്രീദേവിയെ ഒന്നു വേണവന്നു പോലും.വീട്ടീല്‍വരാന്‍ വഴി ചോദിച്ചേക്കുന്നു ഒരു കൂസലുമില്ലാതെ....ആരാടീ അവന്‍ ആ കുര്യന്‍”
“അമ്മേ....എനിക്കങ്ങനെയൊരു രഹസ്യക്കാരനില്ല...ആരെങ്കിലും നമ്പരു തെറ്റി വിളിച്ചതായിരിക്കും”
“നമ്പരുതെറ്റിയങ്കില്‍ നിന്റെ പേരു തെറ്റിയില്ലാല്ലോ അവനു....ഫോണ്‍ വെക്കടാ പട്ടീന്നു ഞാന്‍ പറഞ്ഞിട്ടുണ്ടു അവനോടു.ഇതിനി എന്റെ രാമകൃഷ്ണനെ അറിയിച്ചിട്ടെ ബാക്കി കാര്യള്ളു.. അതു വരെ നീ ഈ വീട്ടില്‍ മിണ്ടിയേക്കരുതു” ഇതു മരുമകള്‍ക്കു നേരേ മാധവിയമ്മേടേ കര്‍ശ്ശന ഉത്തരവായിരുന്നു.
 
         ശ്രീദേവിറ്റീച്ചര്‍ ഒന്നും മനസ്സിലാകാതെ ഓരൊരോ ചിന്തകള്‍ മനസ്സിലെടുത്തിട്ടു ചികഞ്ഞു നോക്കി. “ഈ കിളവി തള്ള പറഞ്ഞതോരൊന്നും മനസ്സിനെ കുത്തി നോവിച്ചിരുന്നു.എങ്ങും ഒരു തുമ്പും കിട്ടിയില്ല.ആരാണു ഫോണില്‍ വിളിച്ചതു ...ഏതു കുര്യന്‍ ....ആരാണയാള്‍...ആലോചിച്ചു നോക്കുമ്പോള്‍ ബാങ്ക് മാനേജര്‍ കുര്യന്‍ സാറിന്റെ കാര്യം ഓര്‍മ്മ വന്നു.ഇനി അയാളാണോ, ആണങ്കില്‍ അയാളെന്തിനു ഫോണില്‍ വിളിക്കണം.അയാള്‍ വളരെ മര്യാധയോടെ ഇതു വരെ ഇടപെട്ടിട്ടുള്ളു.അയാളാണങ്കില്‍ ഈ തള്ള വെക്കടാ പട്ടീന്നു വിളിച്ചതു...ശ്ശേ , അങ്ങേരുടെ മുഖത്തു എങ്ങനെ നോക്കും...ആബാങ്കിലേക്കു ഇനി എങ്ങനെ ചെല്ലും.ഇയാളിനി മാന്യത മാറ്റി വെച്ചു തനി ആണിന്റെ സ്വഭാവം കാണിച്ചതാണോ,ഈശ്വര ഒരു സമദാനവും കിട്ടുന്നില്ലാലോ, നാളെ രാമേട്ടന്‍ വിളിക്കുമ്പോള്‍ തള്ള എന്തെല്ലാമായിരിക്കും പറഞ്ഞു കൊടുക്കുക,രാമേട്ടന്‍ തന്നെ തെറ്റുകാരിയായി കാണുമോ , ആ മനസ്സു വിഷമിക്കില്ലേ ,അങ്ങനെയെങ്കില്‍ ജീവിച്ചിരുന്നിട്ടെന്താകാര്യം ,അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്കു വരുന്നവരൊക്കെ അറിയില്ലേ , എല്ലാവരും തന്നെ തെറ്റായികാണില്ലേ.സന്തോഷത്തോടെ വരവേല്‍ക്കാനിരുന്ന വിവാഹവാര്‍ഷികത്തിനു ഇനിയും എന്തു സന്തോഷം.....”ഇങ്ങനെ നൂറു ചിന്തകളുമായി മനസ്സു നൊന്തു പുലരും വരെ ശ്രീദേവിറ്റീച്ചര്‍ ഉറങ്ങാതെ കിടന്നു.

         പുലര്‍ച്ചതന്നെ ശ്രീദേവിറ്റീച്ചര്‍ കുളിച്ചൊരുങ്ങി അടുത്തുള്ള കൃഷ്ണനമ്പലത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു മനസ്സിലെ ദു:ഖത്തിനു ശന്തി കിട്ടാന്‍ കേട്ടതൊന്നും സത്യമാകാതിരിക്കാന്‍ വഴുപാടുകളും നടത്തി കലങ്ങിയമനസ്സിന്റെ ഭാരവും പേറി വീട്ടിലേക്കു മടങ്ങി.വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ ഒരു ഇന്നോവാ കാര്‍ അവിടെ വന്നു നിന്നു.അതില്‍ നിന്നും പരിചയ മില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു.ഇതല്ലേ മംഗലത്തു ശ്രീദേവിയൂടെ വീട് അല്പം ഗൌരവത്തോടെ അയാള്‍ ചോദിച്ചു.അതേന്നു മടിച്ചു മടിച്ചു റ്റീച്ചര്‍ മറുപടി നല്‍കി.ഇന്നലെ ഇവിടെക്കു വിളിച്ചിരുന്നു വീടൊന്നു കണ്ടു പിടിക്കാന്‍ എന്നു പറഞ്ഞു അയാള്‍ കാറിനരികിലേക്കു തിരിച്ചു നടന്നു. കാറിനുള്ളിലിരുന്ന ഡ്രൈവര്‍ക്കു എന്തോ നിര്‍ദ്ദേശം കൊടുത്തു.
ശ്രീദേവിറ്റീച്ചര്‍ക്കു നെഞ്ചിടുപ്പും അങ്കലാപ്പും കൂടി വന്നു .ഒരു രാത്രി മുഴുവനും തീ തീറ്റിച്ച ദ്രോഹി ദാ മുന്നില്‍ എത്തിയിരിക്കുന്നു.ഇയാള്‍ എന്തിനു വന്നു.എന്തു ചെയ്യണമന്നറിയാതെ പരിഭ്രമം കൂടി വന്നപ്പോള്‍ മാധവിയമ്മയും വീട്ടിനുള്ളില്‍ നിന്നും പുറത്തെക്കിറങ്ങി വന്നു .അയാള്‍ കാറിനരികില്‍ നിന്നും അവരുടെ അരികിലേക്കു നടന്നടുത്തു . ഒരു പേപ്പര്‍ നീട്ടിക്കൊണ്ടു ഇതിലൊന്നു ഒപ്പിടാന്‍ ആവശ്യപ്പെട്ടു.എന്തിനു എന്ന ഭാവത്തില്‍ നോക്കുന്ന റ്റീച്ചറേയും മാധവിയമ്മയേയും നോക്കി അയാള്‍ ചോദിച്ചു ഇന്നലെ ഫോണ്‍ എടുത്തു ചീത്ത പറഞ്ഞ അമ്മച്ചിയല്ലേ ഇതു.വീണ്ടും വിളിക്കാതിരിക്കാന്‍ അമ്മച്ചി റിസീവറും മാറ്റി വെച്ചിരിക്കയാണല്ലേ.അമ്മച്ചി ഞങ്ങള്‍ പെണ്ണു പിടുത്തക്കാരല്ല. എന്റെ പേരു കുര്യനെന്നുമല്ല . കൊറിയര്‍ സര്‍വ്വീസാണ്.രാമകൃഷ്ണന്‍ ശ്രീദേവിയുടെ പേരില്‍ ഒരു പാഴ്സല്‍ അയച്ചിരുന്നു .അതു തരാന്‍ വേണ്ടിയാ ഫോണ്‍ ചെയ്തു വീടു തിരക്കിയതു.അമ്മച്ചീടെ കേള്‍വി കാരണം കുറച്ചൊന്നു ചുറ്റേണ്ടി വന്നു.

       സങ്കടം നിറഞ്ഞ സന്തോഷം കൊണ്ടു പൊട്ടിക്കരഞ്ഞ ശ്രീദേവിറ്റീച്ചറെ കുറ്റബോധം കടിച്ചമര്‍ത്തി യ മാധവിയമ്മ ആശ്വസിപ്പിച്ചു....അമ്മയുടെ ഷഷ്ടിപൂര്‍ത്തിയും റ്റീച്ചര്‍ടെ വിവാഹ വാര്‍ഷികത്തിനുമുള്ള സമ്മാനമായിരുന്നു ആപാഴ്സല്‍. അവരതങ്ങു അടിച്ചു പൊളിച്ചു നടത്താന്‍ തീരുമാനിച്ചു .

2014, മാർച്ച് 20, വ്യാഴാഴ്‌ച

മരവും വള്ളിചെടിയും


   










 മറ്റു മരങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ പൂവിട്ടു കായിച്ചു നിന്ന മരം ഒരു തണലും ആശ്രിതര്‍ക്കു ഒരു ആശ്രയവുമായിരുന്നു.ആശ്രയം തേടി ആമരത്തിന്റെ തണലില്‍ ഒരു വള്ളിച്ചെടി മുളച്ചു വന്നു.മരത്തിന്റെ തണലില്‍ വളര്‍ന്നു വലുതായ വള്ളിച്ചെടിക്കു മരത്തിനോടു പ്രണയത്തിന്റെ മൊട്ടുകള്‍ നാമ്പിട്ടു.

    നിലാവിള്ള ഒരു രാത്രിയില്‍ ശിഖരങ്ങളും ചില്ലകളും നിശ്ചലമാക്കി ശയിച്ചിരുന്ന ആ മരത്തിനരികിലേക്കു നാമ്പുകള്‍ നീട്ടി വള്ളിച്ചെടിയുടെ പടലുകള്‍ നീങ്ങി.മെല്ലെ ആമരത്തിലെക്കു ഇഴഞ്ഞു കയറന്‍ ശ്രമിച്ച വള്ളിചെടിയെ ആവേശത്തോടെ ആമരം തന്റെ ശിഖരങ്ങളിലേക്കു ആനയിച്ചു.പിന്നീടുള്ള രാവുകളിലെല്ലാം മരത്തിനെ ചുറ്റിപ്പുണര്‍ന്നു എല്ലാശിഖരങ്ങളിലും പടര്‍ന്നു കയറി മരത്തിനെ സ്വന്തമാക്കിയ വള്ളിചെടി തളിരുകളും പൂവുകളും കൊണ്ടു സുഗന്ധം പരത്തി.

   മരത്തിന്റെ മേനിയില്‍ പടര്‍ന്നു കയറി ഊര്‍ജ്ജം വലിച്ചെടുത്തു വള്ളിച്ചെടി നിത്യയൌവ്വനമായി പുഷ്പിച്ചു കൊണ്ടിരുന്നു.കാലങ്ങള്‍ പിന്നിട്ടപ്പോഴും കൂടുതല്‍ കരുത്തോടെ തന്റെ മേനിയില്‍ പടര്‍ന്നു കയറുന്ന വള്ളിപ്പടര്‍പ്പിനെ താങ്ങി നിര്‍ത്താണുള്ള കരുത്തു ആമരത്തി നഷ്ടപ്പെട്ടു കൊണ്ടിരുന്നു.ശുഷ്കിച്ചു തുടങ്ങിയ ആ മരത്തിന്റെ ഇലകള്‍ ചുരുണ്ടു പച്ചിപ്പു മങ്ങി പഴുത്തു കൊഴിഞ്ഞു തുടങ്ങി.അപ്പോഴും പടര്‍ന്നു കയറാനുള്ള മോഹവുമായി വള്ളിചെടിക്കു പുത്തന്‍ നാമ്പുകള്‍ മുളപൊട്ടിക്കൊണ്ടെയിരുന്നു..

   ചുറ്റുമുള്ള മരക്കൂട്ടങ്ങളുടെ ചില്ലകള്‍ കാറ്റിലാടി വന്നു തഴുകി ചുംബിക്കുമ്പോള്‍ മുളപൊട്ടിയ പുതുനാമ്പുകള്‍ ആ ചില്ലയില്‍ ചുറ്റിപടരുവാന്‍ മോഹിക്കുന്നു.തന്റെ ചുമലില്‍ ചുറ്റിപിണഞ്ഞു മറ്റു മരചില്ലകള്‍ക്കു ഉമ്മ വെക്കുന്ന വള്ളിക്കെട്ടിനെ താങ്ങാന്‍ ശക്തിയില്ലാതെ അടി വേരുകള്‍ ക്ഷയിച്ചു ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങി ചില്ലകള്‍ തളര്‍ന്നു ഇലകള്‍ കൊഴിഞ്ഞു മറ്റു മരക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഹാസവും വാങ്ങി നില്‍ക്കുന്നു ഒരു പടുവൃക്ഷം.
  

  ഇതായിരുന്നു ഇപ്പോള്‍ ആമരം നട്ടുവളര്‍ത്തിയ അയാളുടേയും അവളുടെയും അവസ്ഥ....
വാര്‍ദ്ധക്യത്തിലേക്കു പിച്ചവെക്കുന്ന ശക്തി ക്ഷയിച്ച അയാളും യൌവ്വനത്തിന്റെ പടവുകള്‍ വീണ്ടും ചവുട്ടുന്നതിനു മറ്റു മനസ്സുകളില്‍ ഇടം തേടുന്ന അവളും..


2014, ജനുവരി 26, ഞായറാഴ്‌ച

വിധി

പ്രാണനെടുത്തു 
പക തീര്‍ത്തു 
പക പുകഞ്ഞ 
പകപോക്കികള്‍ ...!

              പിന്നെയും 
              കുത്തുന്നുവോ 
              ആത്മാവിനെ 
              ശവം തീനിപുഴുക്കള്‍...! 

നിയമം 
വിധിച്ച വിധിയില്‍ 
വിജയം കണ്ടവര്‍ 
കൊടികുത്തി ...!

             ബലിമൃഗത്തിനു 
             കിട്ടിയ നീതിയില്‍ 
             പാതി ജീവന്‍ 
             വിലപിക്കുന്നു...!

2014, ജനുവരി 2, വ്യാഴാഴ്‌ച

മിസ്റ്റര്‍ ക്ലീന്‍

    ജനങ്ങളെ സമ്പര്‍ക്കത്തിലാക്കി കാര്‍ന്നു തിന്നുന്ന മൂഷികപ്പടക്കു നേരെ കല്ലേറും കരിംകൊടി കാട്ടിയും മാര്‍ജ്ജാരവിപ്ലവം.ഇതു നാം കാണുന്നു, കേള്‍ക്കുന്നു, അനുഭവിക്കുന്നു എന്നാല്‍ ചിന്തിക്കാന്‍ മെനക്കെടുന്നില്ലന്നതു കഷ്ടവും അതിലും വലിയ നഷ്ടവും. 

   കാറ്റിനെതിരെ നിന്നു തൂറ്റിയാലേ നെല്ലും പതിരും തിരിയുകയുള്ളു. കാറ്റു ആഞ്ഞു വീശിയപ്പോള്‍ തൂറ്റി, നെല്ലു വേറെ പതിരു വേറെയായി കല്ലു കടിയും മാറി എല്ലാ പ്രശ്നവും തീര്‍ന്നു.ഞാനും അവനും നിങ്ങളും സന്തോഷിച്ചല്ലോ. അതാണു നമ്മുടെ ഐക്യം. 
തള്ളേ ഒടുക്കത്തെ ഐക്യം തന്നെ ആണങ്കിലും വകുപ്പു മാറ്റിചീകിയാല്‍ തലയിലെ പേന്‍ കടീ മാറുമോ........?തല ആരുടേതായാലും വകുപ്പിലിരുന്നും പേന്‍ തല കടിക്കും..... 

    പോലീസ്സു കാരും കള്ളന്മാരും കൂടി കള്ളനും പോലിസ്സും കളിച്ചു ക്രമസമാധാനം ക്രമീകരിച്ചപ്പോള്‍ ദാ വരുന്നു പുനത്തില്‍ നിന്നും ഉത്തരവു വനത്തിലേക്കു.നാടിനേക്കാള്‍ നല്ലതു കാടാണന്നു വീരപ്പനും അയ്യപ്പനും പറഞ്ഞു. സ്വാമിയേ ശരണം വിളിച്ചു കാടു കേറി അയ്യനെ കാണാന്‍ എന്നും ഭക്തന്മാര്‍......    കാടു കേറുന്നവര്‍ കാടിളക്കാതിരിക്കട്ടെ. 

   വൈകുണ്ഠത്തില്‍ വന്നു പരമശിവനിരുന്നാലോ, പഴനിയില്‍ നിന്നു മുരുകന്‍ പാലാഴിയില്‍ വസിച്ചലോ ,മഹാവിഷ്ണു ദേവലോകം ഭരിച്ചാലോ സംഭവിക്കാന്‍ പോകുന്നതു ബ്രഹ്മാവിനുപോലും തടുക്കുവാന്‍ കഴിയില്ല..!

   കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ കരുതിയിരിക്കണം ദേവലോകത്തെ അപ്സരസ്സുകളേക്കാള്‍ ലാവണ്യവതികള്‍ ഭൂമിയിലും അവതാരമെടുത്തിട്ടുണ്ടേയന്നു.അവര്‍ക്കു പിന്നില്‍ കുതന്ത്രങ്ങള്‍ മെനയുന്ന ശകുനികളും.!

    എവിടെ കാലുകുത്തിയാലും അഴുമതിയുടെ പൊടിപടലങ്ങള്‍ മൂടിക്കിടക്കുന്നു.ഇതെല്ലാം ഒന്നു അടിച്ചു വാരി വൃത്തിയാക്കാന്‍ നമ്മുടെ നാടും ചൂലു എടുക്കുമോ...???

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...