2011, ജൂലൈ 28, വ്യാഴാഴ്‌ച

മഹത് വചനങ്ങള്‍


ആത്മബോധം
ആനന്ദത്തെ തനിക്കുള്ളില്‍ കണ്ടെത്തുന്നവന്‍, ഉള്ളിലെ വിളക്ക് കൊളുത്തിയവന്‍, ചിത്തത്തെ ബ്രഹ്മത്തില്‍ പ്രതിഷ്ഠിച്ചവന്‍ ആരോ അവന്‍ ശാശ്വതമോചനം നേടുന്നു. - ഭഗവദ്ഗീത
കാറ്റേല്‍ക്കാത്ത ഒരിടത്ത് ഒരു മണ്‍വിളക്കുണ്ട്. അതിലെ തീനാളം അനങ്ങാതെ നില്‍ക്കുന്നു, ചാഞ്ചല്യമില്ലാത്ത മനസ്സോടെ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവനും അതുപോലെയാണ്. യോഗസാധനയിലൂടെ മനസ്സിനെ അധീനത്തിലാക്കി, പ്രശാന്തിയെ അറിഞ്ഞവനു കേവലമായ ആത്മദര്‍ശനം തന്നെ തൃപ്തിയേകുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക് അതീതനായി സഞ്ചരിക്കുന്ന ആ യോഗി താന്‍ അനുഭവിച്ചറിഞ്ഞ അതിരറ്റ ആത്മാനുഭൂതി അമൂല്യമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ ആ ആത്മജ്ഞാനത്തില്‍നിന്നു പിന്നീടൊരിക്കലും അകലുന്നുമില്ല. ആ നേട്ടത്തിനു മുന്നില്‍ മറ്റു നേട്ടങ്ങളെല്ലാം നിഷ്പ്രഭമായിരിക്കുന്നു. ഇപ്പോള്‍ വന്‍ ദുഃഖങ്ങള്‍ പോലും ആ മനസ്സിനെ മുക്കിക്കളയുന്നില്ല. സാധാരണഗതിയില്‍ ദുഃഖങ്ങള്‍ വരുമ്പോള്‍ തകര്‍ന്നിരുന്ന മനസ്സ് ഇപ്പോള്‍ അതില്‍നിന്നു പോലും അകന്നു കഴിഞ്ഞിരിക്കുന്നു.
വ്യാമോഹങ്ങള്‍ ഒഴിഞ്ഞ മനസ്സോടെ എല്ലാ ദിശയില്‍നിന്നും ഇന്ദ്രിയ കവാടങ്ങള്‍ അടച്ചവന്‍ മനസ്സിനെ അന്തരാത്മാവില്‍ പ്രതിഷ്ഠിച്ച് പടിപടിയായി പരമാനന്ദത്തെ പുല്‍കട്ടെ. കാറ്റാടി മരം കണക്കെ ബാഹ്യവിഷയങ്ങളിലേക്ക് മനസ്സ് ആടി ഉലയുന്നുവെങ്കില്‍ അതിനെ വീണ്ടും ആത്മനിയന്ത്രണത്തിലാക്കൂ.

ഒരു യോഗി ഹൃദയകേന്ദ്രീകരണം നിത്യസാധനയാക്കണം. സ്ഥൂല-സൂക്ഷ്മ ശരീരങ്ങളെ ജയിച്ച് ഏകാന്തതയില്‍ വസിക്കണം. ശുദ്ധമായൊരു ഇടം കണ്ടെത്തി അവിടെ ആസനസ്ഥനായി അവന്‍ ഏകാഗ്രചിത്തനായി ആത്മശുദ്ധീകരണത്തില്‍ മുഴുകണം. പ്രശാന്തമായ ഹൃദയത്തോടെ ഭയരഹിതനായി ബ്രഹ്മചര്യനിഷ്ഠയില്‍ ഈശ്വരനെ പരമലക്ഷ്യമായി വരിക്കുന്നവന്‍ നിത്യമോചനം നേടി ഈശ്വരനെത്തന്നെ പ്രാപിക്കുന്നു.

എന്നാല്‍ അര്‍ജ്ജുനാ, യോഗമാര്‍ഗം അമിതാഹാരികള്‍ക്കും ഉറക്കപ്രിയന്‍മാര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അത്രതന്നെ അല്‍പ്പാഹാരികള്‍ക്കും നിദ്രാവിഹീനന്‍മാര്‍ക്കും ചേര്‍ന്നതല്ല. അന്നത്തിലും ഉറക്കത്തിലും കര്‍മ്മത്തിലും മിതത്വം പാലിക്കുന്നവന്റെ സകല ദുരിതങ്ങളും അകറ്റാനുള്ള വഴിയാണ് യോഗ. മോഹങ്ങള്‍ പെയ്‌തൊഴിഞ്ഞ മനസ്സിനെ പരമാത്മാവില്‍ വിശ്രമിപ്പിക്കുന്നവനെ 'യുക്തന്‍' (ആത്മജ്ഞാനത്തില്‍ അതിവേഗം പുരോഗമിക്കുന്നവന്‍) എന്നു പറയുന്നു. - ഭഗവദ്ഗീത

ആത്മബോധം
ആനന്ദത്തെ തനിക്കുള്ളില്‍ കണ്ടെത്തുന്നവന്‍, ഉള്ളിലെ വിളക്ക് കൊളുത്തിയവന്‍, ചിത്തത്തെ ബ്രഹ്മത്തില്‍ പ്രതിഷ്ഠിച്ചവന്‍ ആരോ അവന്‍ ശാശ്വതമോചനം നേടുന്നു. - ഭഗവദ്ഗീത





മനസ്സ് അസ്വസ്ഥവും ചഞ്ചലവുമാണ്. അതിനെ കാത്തുവെക്കാനും പിടിച്ചുനിര്‍ത്താനും പാടാണ്. ശരങ്ങള്‍ പണിയുന്നവന്‍ അവ നേരെയാക്കുന്ന പോലെ ഒരു വിവേകി സ്വന്തം മനസ്സിനെ നേരെയാക്കണം. അനശ്വരതയിലേക്കുള്ള വഴിയാണ് ശ്രദ്ധ. അശ്രദ്ധ മറ്റൊരു ജന്മത്തിലേക്കുള്ളതും. ശ്രദ്ധയുള്ളവനു മരണമില്ല. അദൃശ്യവും സൂക്ഷ്മവുമാണ് മനസ്സ്. വലിയ സ്വപ്‌നാടകനുമാണ്. എന്നാല്‍ വിവേകികള്‍ അതിനെ നന്നായി കാക്കുന്നു. നിയന്ത്രിക്കപ്പെട്ട മനസ്സ് പരമാനന്ദത്തിന്റെ ഉറവിടമാണ്.
ജേതാവായ ഒരു യോദ്ധാവിന്റെ ജീവന്‍ കാക്കുന്ന പടച്ചട്ട കണക്കെ നേരായ ചിന്ത പഞ്ചേന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക തിരമാലകളില്‍ നിന്ന് മാനസത്തെ കാക്കുന്നു. മനസ്സ് അസ്വസ്ഥവും ജന്മാന്തരങ്ങളുടെ നിയമം അജ്ഞാതവുമായവന്റെ അറിവ് സദാ അപൂര്‍ണ്ണമായിരിക്കും. ഏതൊരുവന്റെ ചിന്തകളാണോ സഞ്ചാരപ്രിയമല്ലാത്തത്, നന്മതിന്മകളെ കുറിച്ചുള്ള ചിന്തകള്‍ ഒരുപോലെ വെടിഞ്ഞത്, ആ മാനസം സദാജാഗരൂകമാണെങ്കില്‍ സംസാരജീവിതത്തിന്റെ പ്രലോഭനങ്ങളെ കുറിച്ചുള്ള ഭയം വേണ്ട. ഈ ശരീരം എളുപ്പം ഉടയാവുന്ന ഒരു കുംഭമാണെന്ന ബോധമുള്ളവന്‍ ചിന്തകളെ ദൃഢമാക്കി അതിനെ ഭൗതികതൃഷ്ണകളില്‍നിന്ന് അകറ്റി നിര്‍ത്തുന്നു. പ്രലോഭനങ്ങളെ ജയിക്കേണ്ടത് ജ്ഞാനത്താലാണ്. ഒരുതവണ കീഴടക്കിയാലും അതിനെ സദാ നിരീക്ഷണത്തില്‍ വെക്കണം.
ഒരു വിദ്വേഷി അപരനോട് വിദ്വേഷം പുലര്‍ത്തുന്നു. ഒരു ശത്രു മറ്റൊരു ശത്രുവിനെ നോവിക്കുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയ വിനാശമാണ് വഴിതെറ്റി അലയുന്ന മനസ്സ് അതിന്റെ ഉടമയ്ക്കു സമ്മാനിക്കുന്നത്. മാതാവിനെക്കാള്‍, പിതാവിനെക്കാള്‍, ബന്ധുമിത്രാദികളെക്കാള്‍ ശ്രേഷ്ഠമാണ് ഉള്‍ക്കാഴ്ച നേടിയ മനസ്സിന്റെ സേവനം. - ശ്രീബുദ്ധന്‍


ഏകാഗ്രത
രാഷ്ട്രീയം, യുദ്ധം, വ്യാപാരം തുടങ്ങി മനുഷ്യസംബന്ധിയായ സകല വിഷയങ്ങളുടെയും ശക്തിസ്രോതസ്സെന്ന് പറയുന്നത് ഏകാഗ്രതയാണ്. - എമേഴ്‌സണ്‍

ഏകാഗ്രതയിലേക്ക് നയിക്കുന്ന നിയമങ്ങളെ അറിയൂ -
ശ്വസന നിയന്ത്രണം, ഇന്ദ്രിയപാലനം, ധ്യാനം, ശ്രദ്ധ, ആത്മവിശകലനം, ഏകാഗ്രചിത്തത - ഇവയെ ഷഡ്ക്രമയോഗ എന്ന് പറയുന്നു. ആ യോഗയിലൂടെ ഒരുവന്‍ ഹേമവര്‍ണ്ണനായ ബ്രഹ്മത്തെ കാണുന്നു. മൈത്രായണ - ബ്രാഹ്മണ ഉപനിഷത്ത്


ഏകാഗ്രതയില്‍ ഒരുവന്റെ മനസ്സ് പരിണാമരഹിതമായ ആത്മസ്വരൂപത്തില്‍ വിശ്രമിക്കുന്നു. അല്ലാത്തപ്പോഴാകട്ടെ മാറിക്കൊണ്ടിരിക്കുന്ന മനസ്സ് താനാകുന്നുവെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്നു.
'ഹൃദയേ ചിത്തസംവിത്' - ഹൃദയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന യോഗിക്ക് ചിത്തജ്ഞാനം നേടാനാകുന്നു. ശിരസ്സിന്റെ ഉള്‍ഭാഗത്തിന് വിശേഷിച്ച് തലച്ചോറിന് ഉള്ള പൊതുനാമമാണ് 'ഹൃദയം'. ശരീരത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയമല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. തലകീഴായി നില്‍ക്കുന്ന ഒരു വെള്ളത്താമര പോലെയാണത് എന്നു പറയുന്നു. അതിനെ 'സഹസ്രാരപത്മദലം' എന്ന് വിശേഷിപ്പിക്കാം. തലച്ചോറിലും ശരീരത്തിലും വ്യാപിച്ചു കിടക്കുന്ന നാഡികളില്‍ നിന്നാണ് നമ്മുടെ എല്ലാ സ്വഭാവവിശേഷങ്ങളുടെയും ഉത്ഭവം. നാഡികളാകട്ടെ തലച്ചോറില്‍നിന്ന് ഉത്ഭവിച്ച് ശരീരത്തിലേക്ക് വേരുകള്‍ പോലെ പടരുന്നവയാണ്. ശിരോമധ്യത്തിലെ ഉള്‍ഭാഗത്തുനിന്നും ഉത്ഭവിച്ച് ബാഹ്യശരീരത്തിലെത്തുന്നതാണ് നാഡികളില്‍ പ്രധാനപ്പെട്ട 'സുഷുമ്‌ന'. സൂക്ഷ്മവും പരിശുദ്ധവുമായ ഈ നാഡിയിലൂടെ കടന്നുപോവുന്ന ഒരു ജീവാത്മാവ് പ്രപഞ്ചാത്മാവില്‍ ചെന്നുചേരുന്നു. - പതഞ്ജലി, യോഗസൂത്രം



മനസ്സ് പ്രശാന്തമായിരിക്കവെ ഒരുവന് ഈശ്വരദര്‍ശനമുണ്ടാവുന്നു. മാനസസരസ്സില്‍ മോഹക്കൊടുങ്കാറ്റുകള്‍ വീശവേ അതിന് ഈശ്വരനെ പ്രതിഫലിപ്പിക്കാനാവുന്നില്ല. അവന് ഈശ്വരദര്‍ശനവും സാധ്യമാവുന്നില്ല. - ശ്രീരാമകൃഷ്ണപരമഹംസര്‍ജീവിതദുഃഖങ്ങളില്‍നിന്ന് ശാന്തനും സ്വതന്ത്രനുമായി മനുഷ്യന്‍ വിരമിക്കുന്നത് സ്വന്തം ആത്മാവിലേക്കല്ലാതെ മറ്റെവിടേക്കാണ്; വിശേഷിച്ചും പരമാനന്ദമേകുന്ന ദൈവികസ്മൃതികള്‍ അവന്‍ ഉള്ളില്‍ കൊണ്ടുനടക്കുമ്പോള്‍. മനസ്സിനെ ക്രമീകരിക്കുന്നതല്ലാതെ പരമാനന്ദം മറ്റൊന്നുമല്ലെന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക് സ്വന്തമായ ആ ആന്തരികലോകത്തിലേക്ക് വാര്‍ദ്ധക്യത്തിലെങ്കിലും വിരമിക്കണമെന്ന കാര്യം മറന്നുപോകരുത്. മറ്റു ശല്യങ്ങളൊന്നുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകമാണത്. വസ്തുക്കള്‍ ആത്മാവിനെ സ്​പര്‍ശിക്കുന്നില്ല. കാരണം, അവ ബാഹ്യമാണ്, അചേതനവുമാണ്. ആ നിലയ്ക്ക് മനുഷ്യന്റെ സകല അസ്വസ്ഥതകളും തലപൊക്കുന്നത് അവന്റെ മനസ്സിന്റെ അഭിപ്രായങ്ങളില്‍നിന്നുതന്നെയാണ്. - മാര്‍ക്കസ് ഓറേലിയസ്

സൗഹൃദം, കാരുണ്യം, സന്തോഷം മുതലായ വിഷയങ്ങളെ ധ്യാനിക്കുന്നവന്റെ ഉള്ളില്‍നിന്ന് സകല വിഷമതകളും വിട്ടൊഴിയുന്നു.
നീചവിചാരങ്ങളെ പുറത്തെറിഞ്ഞു ശ്വസനത്തെ നിയന്ത്രിക്കുന്നവന് അസാമാന്യമായ ഏകാഗ്രതയും മനോനിയന്ത്രണവും സാധ്യമാവുന്നു.
വികാരങ്ങള്‍ക്ക് അതീതമായ ഉള്‍വെളിച്ചത്തെ, വിഷയാസക്തി വെടിഞ്ഞ ചിത്തത്തെ, ഉറക്കത്തില്‍ ഉണ്ടായ ഒരു ആത്മജ്ഞാനത്തെ, ഇതൊന്നുമല്ലെങ്കില്‍ തനിക്കും ലോകത്തിനും നന്മവരുത്തുന്ന ഒരു വിഷയത്തെ ധ്യാനിക്കുന്ന യോഗി ശരീരത്തെ പടുത്തുയര്‍ത്തുന്ന അണുശൃംഖലയില്‍നിന്ന് അനശ്വരതയിലേക്ക് പ്രയാണം ചെയ്യുന്നു.
ഒരു വസ്തുവിലേക്കു മാത്രം മനസ്സ് കേന്ദ്രീകരിക്കലാണ് 'ധാരണ' (ഏകാഗ്രത).
ആ വസ്തുവിലേക്ക് മാത്രമുള്ള അളവറ്റ ജ്ഞാനമാണ് 'ധ്യാനം'.
അങ്ങനെ ഏകാഗ്രമായ അന്തരംഗം മറ്റു രൂപഭാവങ്ങളെല്ലാം കയ്യൊഴിഞ്ഞ് ആത്മാവിന്റെ പൊരുളിനെ മാത്രം പ്രതിഫലിപ്പിക്കുന്നത് 'സമാധി'യും. - പതഞ്ജലി, യോഗസൂത്രം

ധ്യാനം ആത്മാവിനു ചിറകുകള്‍ പ്രദാനം ചെയ്യുന്നു. ഭൗതിക വസ്തുക്കളില്‍നിന്ന് പതുക്കെ നമ്മുടെ താത്പര്യങ്ങള്‍ അകറ്റാനും അലൗകികമായവയെ ധ്യാനിക്കാനും അതു നമ്മെ പ്രാപ്തരാക്കുന്നു. ഭൂമിയും ക്ഷണികമായ ഈ ശരീരവും തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ വന്നുചേര്‍ന്ന അഴുക്കുകളെ കഴുകിക്കളയുന്നു. ഇപ്രകാരം അതു നമ്മെ നവീകരിക്കുന്നു. തനിയേ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പരിശുദ്ധി നിറയ്ക്കാനും ശാശ്വതമായ വിജ്ഞാനപൂര്‍ണ്ണതയിലേക്ക് കൂടണയാനും അതു വഴിയൊരുക്കുന്നു. -ഹിറോക്ലിസ് 
വിജ്ഞാനങ്ങളില്‍ പരിശുദ്ധമായ, സര്‍വ്വശക്തിയായ ഈശ്വരന്‍ എന്നൊന്നുണ്ട്. അറിവുകളുടെ മാറാപ്പുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് മാത്രം അറിയാന്‍ കഴിയുന്നത്; നിലനില്‍ക്കുന്ന സകലതില്‍നിന്നും മനസ്സ് വേറിടുകയും സ്വയം അതിനെത്തന്നെ
വെടിഞ്ഞുകൊണ്ട് ആ മഹാതേജസ്സില്‍ വിലയം പ്രാപിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ അറിവ് സിദ്ധമാവുന്നുള്ളൂ. അവിടെ വിവേകത്തിന്റെ അളവറ്റ പ്രകാശം മാത്രം ഒളിവീശുന്നു.-ഡയോണിസസ്

സ്വയം പവിത്രീകരിക്കപ്പെട്ട പ്രാണന്‍, കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്ന, ഇച്ഛിക്കുന്നതെല്ലാം സാക്ഷാത്കരിക്കുന്ന, കല്‍പ്പിക്കുന്നതെല്ലാം അനുസരിക്കപ്പെടുന്ന ഒരു മഹോന്നത തലത്തിലേക്ക് ഉയരുന്നു.- അവിസെന്ന
മനസ്സിനെ കയറൂരിവിടുന്നതോടെ, സൗമ്യതയിലേക്ക് തിരിച്ചു വിളിക്കാനാവാത്ത വിധം അതു കൈവിട്ടു പോവുന്നത് നീ കാണുന്നില്ലെന്നോ? അക്കാരണത്താലാണ് തത്ത്വജ്ഞാനികള്‍ ഇങ്ങനെ ഉപദേശിച്ചത്: കേവലമായ വിജ്ഞാനസമ്പാദനം കൊണ്ടു മാത്രം തൃപ്തിയടയരുത്; അതിനു സമാന്തരമായി ധ്യാനിക്കുക കൂടി വേണമെന്ന്. പരിശുദ്ധമായ മനസ്സുകൊണ്ടും ദൈവകൃപയാലും സ്വയം മാറ്റപ്പെടാന്‍ കൊതിക്കൂ.
എപ്പിക് റ്റൈറ്റസ്



ഹൃദയപത്മത്തില്‍ അഥവാ ശിരോകേന്ദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 'ധാരണ'യാകുന്നു. ഒരിടത്തു മാത്രമിരുന്ന് ഒന്നിനെ മാത്രം സ്മരിക്കവേ അലൗകികമായ ഓളങ്ങള്‍ മാത്രം ഹൃദയതീരത്ത് അലയടിക്കുന്നതിനെ ധ്യാനമെന്നു പറയുന്നു. യാതൊന്നിനേയും ആധാരമാക്കാതെതന്നെ മാനസം ഒരു മഹാതിരമാലയായിത്തീരുന്നതാണ് 'സമാധി'.
ശിരസ്സിനുമേല്‍ ഒരു താമരപ്പൂ ഉള്ളതായി സങ്കല്‍പ്പിക്കൂ. അതിന്റെ മധ്യഭാഗം ധര്‍മ്മമാണെന്നും വിജ്ഞാനം അതിന്റെ തണ്ടാണെന്നും വിഭാന ചെയ്യൂ. ആ കമലത്തിന്റെ എട്ടു ദലങ്ങള്‍ ഒരു യോഗിയുടെ അഷ്ടശക്തികളാണ്. ആത്മാര്‍പ്പണം അതിന്റെ കേസരങ്ങളാണ്. ബാഹ്യശക്തികളെ തിരസ്‌കരിക്കുമ്പോള്‍ ആ യോഗി മോചനം നേടുന്നു. ആ കമലത്തിനു മധ്യത്തിലായി അസ്​പര്‍ശ്യവും അവര്‍ണ്ണനീയവുമായ ഓംകാരം സ്വര്‍ണ്ണപ്രഭ പരത്തി സ്ഥിതിചെയ്യുന്നതായി സങ്കല്‍പ്പിക്കൂ. അതിനെ ധ്യാനിക്കൂ. ഇനി മറ്റൊരു വഴിയുണ്ട്. ഹൃദയമധ്യത്തില്‍ ശൂന്യമായ ഒരു ഇടമുണ്ടെന്നു കരുതുക. അവിടെ ഒരു തീനാളം ജ്വലിച്ചു നില്‍ക്കുന്നു. അത് നിങ്ങളുടെ ആത്മാവാണെന്നു സങ്കല്‍പ്പിക്കൂ. ആ തീനാളത്തിനുള്ളിലും ശൂന്യമായ ഒരിടമുണ്ട്. അതാകട്ടെ ആത്മാവിന്റെയും ആത്മാവായ ഈശ്വരനാണ്. ഹൃദയത്തിലെ ആ ഭഗവല്‍ ചൈതന്യത്തെയും ഒരു ധ്യാനവിഷയമാക്കി മാറ്റാം.

സംസാരമെന്നാല്‍ ജന്മത്തില്‍നിന്നു മൃത്യുവിലേക്കുള്ള പ്രയാണം എന്നാണര്‍ത്ഥം. ഈ ചക്രത്തില്‍ ചുറ്റുന്ന ജീവജാലങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുക്തിയെ പ്രാപിക്കും. എങ്കില്‍പ്പിന്നെ നാം അതിനുവേണ്ടി ആയാസപ്പെടുന്നതെന്തിനാവും? എല്ലാവരും മുക്തരാകുമെങ്കില്‍ നമുക്ക് അതും കാത്തു സ്വസ്ഥമായിരിക്കാമല്ലോ. ഒന്നിനും നാശമില്ല, എല്ലാം ബ്രഹ്മപദം പ്രാപിക്കയും ചെയ്യും. പിന്നെ യത്‌നിച്ചു കഷ്ടപ്പെടുന്നതെന്തിന്? കാരണം, ഈ പ്രയത്‌നമാണ് കേന്ദ്രസ്ഥാനത്തു ചെന്നെത്തുവാനുള്ള ഏകമാര്‍ഗ്ഗം. നാം എന്തിനു യത്‌നിക്കുന്നു എന്ന് ഇപ്പോള്‍ നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അതു വേണ്ടിയിരിക്കുന്നു എന്നേ പറയാനാവൂ. അനേകലക്ഷത്തില്‍ ഒരാള്‍ക്കു മുക്തി പ്രാപിക്കാമെന്നു ബോധമുണ്ടാവുന്നു. മറ്റുള്ളവര്‍ വിഷയങ്ങളില്‍ സംതൃപ്തരായി കഴിയുന്നു. ചുരുക്കം ചിലര്‍ ഉണര്‍ന്ന്, കളി മതിയാക്കി, മടങ്ങിപ്പോകാന്‍ ബോധപൂര്‍വ്വം പ്രയത്‌നിക്കുന്നു. ശേഷിച്ചവര്‍ ലക്ഷ്യമറിയാതെ ജീവിക്കുന്നു. - സ്വാമി വിവേകാനന്ദന്‍

മഹത് വചനങ്ങളീല്‍ നിന്ന്......ഷിബു. ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...