2013, ഡിസംബർ 24, ചൊവ്വാഴ്ച

കൃസ്തുമസ് ആശംസകള്‍

കാലിത്തൊഴുത്തില്‍ പിറന്നവനേ 
കരുണ നിറഞ്ഞവനേ 
കരളിലെ ചോരയാല്‍  പാരിന്റെ പാപങ്ങള്‍ 
കഴുകി കളഞ്ഞവനെ 
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു 
ഹല്ലേലൂയാ ഹല്ലേലൂയാ.......

ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.......മനുഷ്യര്‍ക്കു ഇതു അസാദ്യമാണു .......... എന്നാല്‍ ദൈവത്തിനു എല്ലാം സാദ്യമാണു........ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപ്പേടും........നാളയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത് നാളത്തെ ദിനം തന്നെ അതിനെക്കുറിച്ചു ആകുലപ്പെട്ടുകൊള്ളും........ ഓരോ ദിവസത്തിനും അതിന്റെ ക്ലേശം മതി, മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍........ കര്‍ത്താവായിറന്ന യേശു നമ്മള്‍ക്കു പഠിപ്പിച്ചു തന്ന ഈ വചനങ്ങള്‍ ഉള്‍ക്കൊണ്ടു ശാന്തിയും സമാദാനവും നിറഞ്ഞ നന്മയുടെ ലോകത്തെക്കു മനസ്സിന്റെ വിശുദ്ധി വ്യാപിപ്പിക്കുവാന്‍ ഈ വരുന്ന കൃസ്തുമസ് നാള്ല്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.......!!!  

സത്യനായകാ മുക്തിദായകാ  
പുല്‍ത്തൊഴുത്തില്‍ പുളകമായ 
സ്നേഹഗായകാ .....ശ്രീയേശു നായകാ..... 
കാല്വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ 
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത 
കണ്ണുകണ്ണാണോ 
നിന്റെ കീര്‍ത്തി കേട്ടിടാത്ത 
കാതു കാതാണോ.....

2013, ഡിസംബർ 14, ശനിയാഴ്‌ച

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു 
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ,

ഭൂമിയില്‍ വന്നു അവതാരമെടുക്കാന്‍ പാതി മെയ്യായ പിതാവിനും മാതാവിനും  ആദ്യം നന്ദി . ഹോ , പിന്നെ ആമുഹൂര്‍ത്തത്തിനും വേണമെല്ലോ നന്ദി. വഴി മുടക്കി  ഉപരോധത്തിനായി അവരോദിക്കപ്പെട്ടവരേയും അവര്‍ക്കു തടയിണ പണിതു മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച ഏമാന്മാര്‍ക്കുനേരേയും പൊട്ടിത്തെറിച്ച പെണ്‍കരുത്തു  പ്രതികരണത്തിന്റെ ശുഭ മുഹൂര്‍ത്തത്തിനും വേണമല്ലൊ നന്ദി.........

നാടിന്റെ  പ്രതി പക്ഷ പ്രസ്ഥാനത്തിനു സമരമെന്ന വരം നല്‍കി നടുറോഡില്‍ കുത്തിയിരുന്നു ഉപരോധമന്ത്രം ജപിക്കാന്‍ പാതി മെയ്യായ ഭരണത്തലവര്‍ക്കും നന്ദി.......

പിന്നെ അതില്‍ പാതി മെയ്യായ അപഹാരമൂര്‍ത്തികളായ മഹിളാരത്നങ്ങള്‍ക്കും നന്ദി..........

നല്ല പ്രതികരണത്തിനുള്ള പാരിതോഷകത്തിനും നന്ദി.........

എങ്കിലും നന്ദിയില്ലാതെ വരും അവര്‍ ഇനിയും വീടുകള്‍ തോറും തൊഴുതു കാലുപിടിച്ചു വോട്ടു യാചിക്കാന്‍ .ദാനം കിട്ടുന്ന വോട്ടു വാങ്ങി ആസനമുറപ്പിച്ചാല്‍ നാളകളില്‍ തെരുവില്‍ കാണാം ഇത്തരം നാടകങ്ങള്‍.

                                                                                                                      ഷിബു . എസ്സ്.ജി

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

സ്നേഹസാഗരം

സ്നേഹസാഗരം
*********
മുള്ളുകള്‍ കുത്തികീറിയ മനസ്സുമായ്
കല്ലുകള്‍ കൊണ്ടുടഞ്ഞ ദേഹവുമായ്
അന്ധകാരത്തിന്റെ കാടുകള്‍ താണ്ടി
ഒഴുകി ഞാനെത്തിയാ സാഗരത്തില്‍
സ്നേഹമാം തിരമാലകള്‍ ചാര്‍ത്തിയെന്നെ
പുണര്‍ന്നാഴങ്ങളിലേക്കാനയിച്ചു സാഗരം
ഇനിയുമെനിക്കു തിരിച്ചൊഴുകുവാനാകില്ല
ഈ സ്നേഹസാഗരത്തില്‍ ലയിച്ചു പോയി ഞാന്‍ !!

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

കേരളത്തിലെ മൂസ്സ് പ്രയോഗം


        വൈദ്യന്മാര്‍ക്കു പ്രദാനമായി വേണ്ടതു ഗുരുത്വവും കൈപ്പുണ്യവുമാണല്ലോ.വൈദ്യന്മാര്‍ നല്ലപോലെ  ശാസ്ത്രനൈപുണ്യവും യുക്തിയും ബുദ്ധിയും ഉള്ളവരായിരിക്കും.ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്ന മഹാവൈദ്യനായിരുന്നു വയസ്കര അച്ഛന്‍ മൂസ്സ്. മരുന്നില്ലാതെ ബുദ്ധി ഉപയോഗിച്ചു അല്‍ഭുതകരമായി ചികിത്സ നല്‍കി ആപത്തുകള്‍ ഇല്ലാതാക്കുന്ന മഹാനായ വൈദ്യന്റെ ഒരു ചികിത്സ രീതി ഇതായിരുന്നു.

        ഒരിക്കല്‍ ഒരു സ്ത്രീക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേഷം നാലു ദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം കുഞ്ഞിന്റെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണാനായി.സാദാരണ പ്രസവത്തിനു ശിരസ്സാണല്ലോ ആദ്യം കാപ്പെടുന്നതു .അങ്ങനെയല്ലാതെ ആദ്യം കയ്യ് പുറത്തെക്കു വന്നു കണ്ടതിനാല്‍ വയറ്റാട്ടികള്‍ക്കും മറ്റും വളരെ പരിഭ്രമവും വ്യസനവും ഉണ്ടായി.അക്കാലത്തു ആശുപത്രികളും ഡാക്കിട്ടര്‍മാരും ഇല്ലാതിരുന്നതിനാല്‍ ഇങ്ങനെയുള്ള സംഗതികള്‍ക്കു നാട്ടു വൈദ്യന്മാരെ ശരണം പ്രാപിക്കണമായിരുന്നു. അതിനാല്‍ സ്ത്രീയുടെ ആള്‍ക്കാരെല്ലാം കൂടി വയസ്കര അച്ഛന്‍ മൂസ്സിന്റെ അടുത്തു ഓടിയെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. അച്ഛന്‍ മൂസ്സവര്‍കള്‍ കുറച്ചു ആലോചിച്ചിട്ടു    “ഒരു  ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ചു  നല്ല പോലെ പഴുപ്പിച്ചു ആകുട്ടിയുടെ കയ്യിന്മേല്‍ വെച്ചാല്‍ മ്തി”   എന്നു പറഞ്ഞു. സ്ത്രീയുടെ ആള്‍ക്കാര്‍ക്കു അങ്ങനെ ചെയ്യാന്‍ മനസ്സില്ലായിരുന്നു വെങ്കിലും വേറേ മാര്‍ഗ്ഗമില്ലാതിരുന്നതിനാലും അച്ഛന്‍ മൂസ്സ് അവര്‍കള്‍ പറഞ്ഞിട്ടു ചെയ്താല്‍ വരികില്ലയെന്ന വിശ്വാസം കൊണ്ടും അവര്‍ അങ്ങനെ ചെയ്തു.ഇരുമ്പു പഴുപ്പിച്ചു വെച്ച ഉടനെ ശിശു കയ്യ് അകത്തേക്കു വലിച്ചു .മാത്ര നേരം കഴിഞ്ഞപ്പോള്‍ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു.തള്ളക്കും പിള്ളക്കും യാതൊരു തരക്കേടും പറ്റിയില്ല..കുട്ടിയുടെ കയ്യു അല്പമൊന്നു പൊള്ളി അതിനു മൂസ്സ് തന്നെ ചികിത്സകള്‍ കൊടുത്തു കുട്ടിക്കു സുഖമാകുകയും ചെയ്തു .

           ഏതാണ്ടു ഈ സ്ത്രീയുടെ അവസ്ഥയാണു കേരളത്തില്‍ നമ്മള്‍ കണ്ടു കൊണ്ടിരുന്നതു. ഈ പ്രസവവേദന മനുഷ്യസ്ത്രീകള്‍ക്കൊന്നും അല്ലന്നു ഓര്‍ക്കണം കേരളഭരണത്തിനായിരുന്നു. കയ്യു വെളിയിലും തല അകത്തുമായി പാടു കുറെപ്പെട്ടു.വേദനകൊണ്ടു പീളര്‍ന്നു പോകുമെന്ന അവസ്ഥ വരെ വന്നു. പിളര്‍ന്നു രണ്ടും രണ്ടു പാത്രമാക്കാനായി കച്ച കെട്ടി കയ്യിടെയും തലയുടെയും ഒപ്പം മറ്റു വാലുകളും.പഴയ മൂസ്സ് വൈദ്യന്റെ കാലമല്ല ഇപ്പോള്‍ കേരളമെങ്കിലും അങ്ങനെ ഓപ്പറേഷനു വേണ്ടി അഡ്മിറ്റാകാന്‍ ആരും തയ്യാറയില്ല.കീറി മുറിക്കുമ്പോള്‍ കയ്യു വെളിയില്‍ കാണിച്ചു കിടക്കുന്ന പിള്ളയോടൊപ്പം മറ്റു വല്ലതും ഈ ഗര്‍ഭത്തില്‍ നിന്നും പുറത്തുവരുമോന്നു പേടിയും.എന്നാല്‍ പിന്നെ ഒരേ ഒരു മാര്‍ഗ്ഗം ഡല്‍ഹിയന്നു കരുതി കയ്യും തലയുമായി അങ്ങോട്ടേക്കു ഓടി.ഈ അവസ്ഥയിലായതിന്റെ വിശദീകരണങ്ങള്‍ ഇങ്ങനെ “സരിതയുടെ ഊര്‍ജ്ജത്തില്‍ ഹരിത കേരളം , കണ്ട കോപ്പനും എരപ്പനും ഒക്കെ അതില്‍ ,ശാലു നര്‍ത്തനമാടിയതു ചുവടു മാറ്റി ചവിട്ടി , പാലു കാച്ചിയ ശാലുവിന്റെ വീട്ടു മുറ്റത്തു നിന്നു കൈകാണിച്ചു വിളിച്ചപ്പോള്‍ കരിക്കു കുടിക്കാന്‍ ചിലര്‍ ,കുടമാറ്റ ചടങ്ങു പോലെ നാടു ആഘോഷിക്കുന്ന മൊഴിമാറ്റം ഹോ... ബ്ബ ...ബ്ബ...ബ്ബൌ...എനിക്കു വയ്യായേ ഇപ്പോള്‍ പൊളക്കും......” ഇതെല്ലാം കേട്ടു സൂഷ്മ പരിശോദന നടത്തിയ ദല്ലിക്കാര്‍ മൂസ്സ് വൈദ്യന്റെ വിദ്യതന്നെ പ്രയോഗിച്ചു.കയ്യില്‍ ചുട്ടു പഴുപ്പിച്ച ഇരുമ്പു കഷ്ണം തന്നെ വെച്ചു കൊടുത്തു. കയ്യു അകത്തോട്ടു വലിച്ചു തല പുറത്തേക്കു വന്നു ഒരു സുഖ പ്രസവം...എല്ലാം ശുഭം: എന്നു പറയാന്‍ വരട്ടെ കയ്യില്‍ ശകലം പൊള്ളലേറ്റു തല്‍ക്കു കുഴപ്പവും ഇല്ല.പൊള്ളലേറ്റ കയ്യു വീണ്ടും പുകയുകയാണു.പുകച്ചിലു മാറ്റാന്‍ ഗ്രൂപ്പു തിരിഞ്ഞു ഔഷധപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ വാലുകളുടെ കയ്പ്ന്‍ കഷായം വേറയും.

      ഈ പുകയുന്ന കയ്യുമായി എത്ര നാള്‍ ഈ ഭരണം തിരിക്കാന്‍ കഴിയും.നാടായാല്‍ അതിനൊരു നായകന്‍ വേണം.നാടിനെ നയിക്കുവാന്‍ സല്‍ബുദ്ധി ഉണ്ടായിരിക്കണം.ജനസേവ ചെയ്യുവാന്‍ അധികാരം അമരമാക്കുമ്പോള്‍ ജനപിന്തുണ തുഴഞ്ഞു മാറ്റി നിലയില്ലാ കയത്തിലെത്തുന്നു !!!!
         
                                                                                                                                                                                        ഷിബു . എസ്സ് .ജി

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ദാരിദ്ര്യം

അഞ്ജാനമെന്നതു ഞാനറിയും ....മഞ്ഞളുപോലെ  വെളുത്തിരിക്കും .

അപ്പോള്‍ മഞ്ഞളു വെളുത്തിരിക്കും അല്ലേ...?
മഞ്ഞളു വെളുത്തിരുന്നാ‍ല്‍ പിന്നെ അഞ്ജത ആളെ കൊല്ലുമന്നു പറയുന്നതില്‍ തെറ്റില്ല . 

നമ്മുടെ രാജ്യത്തു ഭൂരിഭാഗം ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നമാണു ‘ദാരിദ്ര്യം’ എങ്കിലും അതെന്താണന്നു ആരെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ക്കു ശ്രീമാന്‍ രാഹുല്‍ഗാന്ധി മനസ്സിലാക്കിത്തരുന്നു . 

മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയല്ല ഈ ദാരിദ്ര്യം...! 
ജീവിതം നിലനിലനിര്‍ത്താനാവശ്യമായ  കിടപ്പാടമോ ആഹാരമോ ഉടുതുണിയോ ഇല്ലാത്ത അവസ്ഥയുമല്ല ഈ ദാരിദ്ര്യം...! 

പിന്നെ ഏതവസ്ഥയാണന്നു ചോദിച്ചാല്‍ ...? 

“ദാരിദ്ര്യമെന്നാല്‍  ഒരു മാ‍നസികാവസ്ഥമാത്രമാണു .” 

ദാരിദ്ര്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദരിദ്രവാസികളൊക്കെ  അറിയാതെ പോയ മഹാകാര്യം ....

ദരിദ്രര്‍ മാനസികാവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക രോഗികള്‍ എന്നു വിചാരിക്കാം . ഈ മനോരോഗത്തിനുള്ള വളരെ ലളിതമായ പരിഹാരമാര്‍ഗ്ഗവും അദ്ദേഹം ഉരുവിട്ടിരിക്കുന്നു. 

രാജീവ് ഗാന്ധി മഹിളാവികാസ് പരിയോജനയില്‍ അംഗം മാത്രമായാല്‍ മതി ....

എത്ര നിസ്സാരമായിട്ടാണു രാജ്യത്തെ ദാരിദ്ര്യം നിമ്മാര്‍ജ്ജനം ചെയ്തൂ‍ ദാരിദ്ര്യരേഖക്കുള്ളില്‍പെട്ടു പോയവരെ സംരക്ഷണത്തിന്റെ ലക്ഷ്മണരേഖക്കൂള്ളിലൊതുക്കാനുള്ള തന്ത്രം .

ഇനി ദാരിദ്ര്യത്തില്‍ പെട്ടവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ മതി. 

അല്ലലുള്ള പുലിയിയെ ചുള്ളിയുള്ള കാടറിയു....!

                                                                                                 ഷിബു.എസ്സ്.ജി

2013, ജൂലൈ 23, ചൊവ്വാഴ്ച

പൊരുളുകള്‍

വിദ്യ അഭ്യസിച്ചാല്‍ ശിഷ്യനു
ഗുരുവിനെ വേണ്ടാ !
കായ് കള്‍ ഇല്ലാത്ത മരത്തിനെ
പക്ഷികള്‍ക്കു വേണ്ടാ !
ധനം ഇല്ലാത്ത പുരുഷനെ
വേശ്യകള്‍ക്കു വേണ്ടാ !
തീയില്‍ നശിച്ച കാടിനെ
മൃഗങ്ങള്‍ക്കു വേണ്ടാ !
നാടിനെ നശിപ്പിച്ച നാരിയെ
നാട്ടാര്‍ക്കു വേണ്ടാ !
പരാജിതനായ രാജാവിനെ
ജനങ്ങള്‍ക്കും വേണ്ടാ !

2013, ജൂലൈ 18, വ്യാഴാഴ്‌ച

“പൂജനീയാ മഹാഭാഗാ:പുണ്യാശ്ച ഗൃഹദീപ്തയ: സ്ത്രിയ:ശ്രിയോ ഗൃഹസ്യോക്താസ്തസ്മാദ്രക്ഷ്യാ വിശേഷത:”

 “പൂജനീയാ മഹാഭാഗാ:പുണ്യാശ്ച ഗൃഹദീപ്തയ:
സ്ത്രിയ:ശ്രിയോ ഗൃഹസ്യോക്താസ്തസ്മാദ്രക്ഷ്യാ വിശേഷത:”


സ്ത്രീകള്‍ പൂജ അര്‍ഹിക്കുന്നവരാണു.കുടുംബത്തിന്റെ അലങ്കാരമാണു സ്ത്രീ .പവിത്ര മായ മനസ്സുള്ള സ്ത്രീ
വീടിന്റെ ഐശ്വര്യ മായി തെ ളിഞ്ഞു നില്‍ക്കുന്ന നിലവിളക്കു തന്നെയാണു . അതു കൊണ്ടു   അവര്‍
എന്നും രക്ഷിക്കപ്പെടേണ്ടതാണു.സ്ത്രീ  ആഗ്രഹിക്കുന്ന സംരക്ഷണം പുരുഷനില്‍ നിന്നാകുമ്പോഴാണു
അവര്‍ മഹാ ഭാഗ്യവതികള്‍ ആകുന്നതു.സ്ത്രീയെ സംരക്ഷിക്കുന്നതു പുരുഷന്റെ  കര്‍മ്മവുമാണു .  കര്‍മ്മ
ഫലമായി എല്ലാ ഐശ്വര്യവും ഒത്തു കൂടിയ സ്ത്രീത്വം നില നിര്‍ത്തുക എന്നതാണു സ്ത്രീയുടെ തത്വം.

കാലങ്ങളുടെ മാറ്റത്തില്‍ കര്‍മ്മങ്ങള്‍  മാറുന്നില്ല  എങ്കിലും തത്വങ്ങള്‍ എല്ലാവരും  മാറ്റുന്നു .     സ്ത്രീത്വം 
മാറുന്നു .   വിശ്വാസയോഗ്യന്‍  അല്ലാത്തവരെ  വിശ്വസിച്ചു   ആഗ്രഹങ്ങള്‍ക്കു പിന്നാലെ   മനസ്സിനെ   
ഒഴുക്കുന്നു . മനസ്സിന്റെ  ഈ ഒഴുക്കു .ഏറ്റവും  വൃത്തി ഹീനമായ  മാലിന്യത്തില്‍ പ്രവഹിച്ചു മനസ്സിനെ  മലിനപ്പെടുത്തുന്നു. ഇവിടെ  സ്ത്രീയുടെ തത്വവും  മാറ്റുന്നു .സൌന്ദര്യറാണിമാരായി ആടയാഭരണങ്ങള്‍ അണിയുവാനും മണിമാളികപണിഞ്ഞു രാഞ്ജിയായി വാഴാനും മനസ്സില്‍ പൂതിയെന്ന ഒരു പൂതനയെ
ജനിപ്പിക്കുന്നു. സ്ത്രീ ഹൃദയത്തിലെ ഈ പൂതനയെ ലോകത്തിനു തിരിച്ചറിയാന്‍  കഴിയില്ല. ഈ പൂത
നയെ നിഗ്രഹിക്കുക എളുപ്പമാര്‍ഗ്ഗമല്ല .സര്‍വ്വനാശം വരുത്തി ലക്ഷ്യത്തിലെത്താന്‍    വിഷം പുരട്ടിയ
മുലയില്‍ പാലു നല്‍കുന്ന പൂതനയായിമാറുന്ന സ്വഭാവം.

ഏതു പൂതനകളായാലും അവരും നാരിമാരല്ലേ . നാടിന്റെ നാരായ വേരുകളല്ലേ .സഹായവും സംരക്ഷ
ണവും
അത്യാവശ്യ കാര്യമാണല്ലോ   കാറും   വീടും   തിരു മുന്‍പില്‍  പാലുകാച്ചിയപ്പോള്‍    ഇളനീരു 
കുടിക്കാന്‍     ബഹുമാന്യന്മാര്‍....   ഫോണ്‍  കോളില്‍   കേളിയാടാന്‍      ജനപ്രതിനിധികള്‍..........  മാംസക്കച്ചവടത്തിനു വന്‍ നഗരങ്ങളില്‍ ദല്ലാളന്മാരായി പ്രമുഖര്‍ ഇങ്ങനെ സഹായ സംരക്ഷകന്‍ മാ
രുടെ മേല്‍വിലാസങ്ങള്‍ നാള്‍ക്കു നാള്‍ നീളുമ്പോള്‍  പാലു കാച്ചിനു പോയി ഊറിക്കുടിച്ച   ഇളനീര്‍
ചിലരൊക്കെ ജനമധ്യത്തില്‍ ശര്‍ദ്ദിച്ചു വെക്കുന്നു .പൊതുജനം സഹിക്കണം !

കഥാപാത്രങ്ങള്‍ സ്ത്രീകളല്ലേ.....? അവര്‍ക്കും വേണ്ടേ സംരക്ഷണം...? ഇപ്പോള്‍ അവര്‍ സംരക്ഷണയി
ലാണു. ഐശ്വര്യവതികളായ വീടിന്റെ വിളക്കായല്ല. നാടിന്റെ വെളിച്ചം കെടുത്തിയ  കുറ്റവാളികളായി 
നിയമത്തിനു മുന്നില്‍ .....!!!



2013, ജൂലൈ 16, ചൊവ്വാഴ്ച

രാമായണം

ശ്രീരാമ... രാമ... രാമ...ശ്രീരാമചന്ദ്ര...ജയ
ശ്രീരാമ...രാമ രാമ...ശ്രീരാമഭദ്ര... ജയ
ശ്രീരാമ... രാമ രാമ... സീതാഭിരാമ ... ജയ
ശ്രീരാമ... രാമ രാമ... ലോകാഭിരാമ... ജയ
ശ്രീരാമ... രാമാ രാമ... രാവണാന്തക രാമ...
ശ്രീരാമ... മമ ഹൃദി രമതാം രാമ രാമ...
ശ്രീരാഘവാത്മാരാമ... ശ്രീരാമ രമാപതേ...
ശ്രീരാമ... രമണീയവിഗ്രഹ... നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ

   
       
       ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സര്‍വ്വ ഗുണങ്ങളും ഒത്തുചേര്‍ന്നു  ഭൂമുഖത്തു മനുഷ്യനായി പിറന്നു ജീവിച്ച ഏകവ്യക്തി ഭഗവാന്‍ ശ്രീരാമചന്ദ്രനായിരുന്നു.

       രാമായണം എന്നാല്‍ രാമന്റെ യാത്രയെന്നാണര്‍ത്ഥം. കര്‍ക്കിടക മാസം രാമായണമാസമായി വിശ്വാസം അര്‍പ്പിച്ചു രാമായണപാരായണം തുടങ്ങുന്നതിലൂടെ രാമന്റെ യാത്ര തുടരുകയാണു.ഈ യാത്രയില്‍ എല്ലാഇല്ലായ്മകളെയും , ദോഷങ്ങളേയും മറികടന്നു ഭൂമുകത്തു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും കാമവും ,ക്രോധവും വെടിഞ്ഞു അത്യാഗ്രഹങ്ങളില്ലാത്ത യഥാര്‍ത്ഥ മനുഷ്യനു വേണ്ട ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സകല ഗുണങ്ങളും തികഞ്ഞവരായി  ഓരോ മനുഷ്യനും ആയി തീര്‍ന്നെങ്കില്‍ ഈ ഭൂതലം ഒരിക്കലും മലിനമാകില്ലായിരുന്നു !

              ഓം രാം രാമായ നമ: 
                                                                                                                           ഷിബു.എസ്സ്.ജി 
 

2013, ജൂലൈ 13, ശനിയാഴ്‌ച

അമ്പിളി


   ആയിരം നക്ഷത്രങ്ങള്‍
   ആകാശ ഗംഗയില്‍
   ആറാടി നില്‍ക്കുന്നു
   രാത്രിയിലെത്തിയ
   പൊന്നമ്പിളി ഇരുട്ടിനെ
   ഒറ്റയ്ക്കു അകറ്റീടുന്നു......

                           ഷിബു എസ്സ്. ജി

2013, ജൂലൈ 11, വ്യാഴാഴ്‌ച

പ്രണയം


പ്രണയം


ഒരു കുഞ്ഞു പൂവായി വിരിഞ്ഞെന്നുമെന്നില്‍
സുഗന്ധം പരത്തും നിന്‍ പ്രണയം 
അതിനുള്ളിലൂറും മധു നുകരാന്‍ 
ഞാനൊരു ശലഭമായി നിന്നരികില്‍....
 

(ഒരു കുഞ്ഞു പൂവായി )


കുളിര്‍ മഞ്ഞു തുള്ളികള്‍ മുത്തുകളായി
നിന്‍ പൂവിതള്‍ മേനിയില്‍ ചൂടി നില്‍ക്കെ
പുണര്‍ന്നൊരു പ്രണയഗീതം മൂളി
കുളിര്‍ തെന്നലായന്നും നില്‍ക്കട്ടെ ഞാന്‍.....

(ഒരു കുഞ്ഞു പൂവായി )


പൊന്നാമ്പല്‍പ്പൂവായി നീ  നാണിച്ചു നിന്ന രാവില്‍
പൂനിലാവായി വന്നു നിന്റെ പൂവിതള്‍ തഴുകിഞാന്‍
ചുംബനങ്ങള്‍ തന്നു കവിളില്‍ കുങ്കുമം പൂശിയപ്പോള്‍ 
കണ്ടു നിന്‍ മിഴികളില്‍ പ്രണയനീര്‍ മുത്തുകള്‍..... 

(ഒരു കുഞ്ഞു പൂവായി )


ഇരു ഹൃദയങ്ങളിലൊരൊരു മോഹമുണരന്നു 
ഇളംകാറ്റൂ തഴുകുന്നു ഈണമായി മാനസം 
രാഗമായി അലിയുന്നു സ്നേഹത്തിന്‍ മൊഴികള്‍ 
താളമായിമാറുന്നു രണ്ടിളം മേനികള്‍....

(ഒരു കുഞ്ഞു പൂവായി )

2013, ജൂലൈ 3, ബുധനാഴ്‌ച

എന്തന്നറിയാതെ

എന്തന്നറിയാതെ
***********
ഏഴിനേക്കാളും എളുതല്ലൊരുവനും
ഏഴായിട്ടു ഭാഗിച്ചുവെന്നാലും
ഏതിനേക്കാളും തരം താഴ്ന്നു പോകുന്നു
ഏതു നേരവും എന്തന്നറിയാതെ !!

അന്ധനാകാതെ അന്ധത കാട്ടുന്നു
അന്ധകാരത്തെ പഴിചാരി നില്‍ക്കുന്നു
അന്ധനായവന്‍ യാചിച്ചു ജീവിച്ചും
അന്ധകാരത്തില്‍ സ്വസ്തമായി നില്‍ക്കുന്നു !!

കര്‍മ്മം ചെയ്യുവാന്‍ കര്‍മ്മികളായവര്‍
കര്‍മ്മമെന്തന്നറിയാതെ നില്‍ക്കുന്നു
കര്‍മ്മബോധമോ എള്ളോളമില്ലാതെ
കര്‍മ്മബന്ധത്തില്‍ അധര്‍മ്മങ്ങള്‍ കാട്ടുന്നു !!

ഞ്ജാനമില്ലാതെ അഞ്ജത കാട്ടിയും
ഞ്ജാനിയേക്കാളും ന്യായം പുലമ്പുന്നു
ഞ്ജാനക്കേടുകള്‍ കാട്ടിപെരുകുമ്പോള്‍
ഞ്ജാനമാര്‍ഗ്ഗമോ അഞ്ജാതമാകുന്നു !!

2013, ജൂലൈ 2, ചൊവ്വാഴ്ച

ഭാസ്കബിംബത്തിന്‍ ശോഭയില്‍ മിന്നി നാരികള്‍ നാരായ വേരും അറത്തു

 നമ്മുടെ നാട്
മാമലകള്‍ക്കപ്പുറത്തുള്ളൊരു നാടിന്റെ
മരതകപ്പട്ടഴിച്ചു നഗ്നയാക്കുന്നു
ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരമായിന്നു
പീഢന കഥകളോരോന്നു കൂടുന്നു !

കതറിട്ടു രാഷ്ട്രീയം മോന്തി കുടിച്ചൊരു
കൂട്ടങ്ങളിവിടെ ഭരണം തിരിക്കുന്നു
ഏതൊരു പീഢന മാലിന്യം ചികഞ്ഞാലും
കാണാം അതിലൊരു ജനത്തിന്റെ പ്രതിനിധി !

ഭാസ്കബിംബത്തിന്‍ ശോഭയില്‍ മിന്നി
നാരികള്‍ നാരായ വേരും അറത്തു
മാനമഴിച്ചു പുതപ്പിച്ച കോടികള്‍ വീടുകളാകുന്നു
കാവലായി ചുറ്റിനും വന്‍ മതില്‍ക്കെട്ടുകള്‍ !

പുത്രപ്രതിഷ്ടക്കു പുഷ്പാഞ്ജലിയര്‍പ്പിച്ച പൂവിതള്‍
അഛനും അര്‍ച്ചനപ്പൂക്കാളായി കൊഴിഞ്ഞു പോയി

നിധി പോലെ ജനങ്ങള്‍ പ്രതിനിധിയാക്കുമ്പോള്‍
വിധിയായി വീണ്ടും ജനങ്ങള്‍ കഴുതകളാകുന്നു !

2013, ജൂൺ 29, ശനിയാഴ്‌ച

മാനനഷ്ടം വരുത്തും ദു:ഖം തീരുകില്ലൊരിക്കലും .....

 മാനനഷ്ടം

മാനം വില്‍ക്കാതെ
പ്രാണന്‍ ത്യജിക്കുക
പ്രാണത്യാഗത്തിന്‍ ദു:ഖം
ക്ഷണനേരം അനുഭവം
മാനനഷ്ടം വരുത്തും ദു:ഖം
തീരുകില്ലൊരിക്കലും
ജീവനുള്ളൊരുകാലം
ഈ ഭൂമുഖത്തില്‍ !!!

2013, ജൂൺ 25, ചൊവ്വാഴ്ച

പണയം 

മാനമഴിച്ചു
പണയപ്പെടുത്തിയ
പ്രണയം
വീണ്ടെടുക്കുവാന്‍
മാംസം കൊടുത്തതു
കൂട്ടു പലിശയായി
എഴുതിതള്ളി
അടിവരയിട്ടതും
ഒരഛന്‍ !!!

2013, മാർച്ച് 23, ശനിയാഴ്‌ച

നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ മക്കളു നാലും ആണ്‍മക്കളാണേ നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു

നാടന്‍പാട്ട്.... നങ്ങേലി നാണി 


തന്നനംതാനനം തന്നനം താനനം 
താനനം താനനം തെയ് തിമിന്തോ

നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ 
മക്കളു നാലും ആണ്‍മക്കളാണേ 
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ 
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....

(തന്നനംതാനനം......)

തമ്പ്രാന്റെ വേളിയും ഓന്തു നാരേണനും 
താനനം താനനം തെയ് തിമിന്തോ 
വേളിതമ്പ്രാട്ടിക്കു കുളിമാറിവന്നപ്പോള്‍ 
ഓന്തു നാരായണന്‍ നാടുവിട്ടേ....

(തന്നനംതാനനം......) 

നങ്ങേലി നാണി അലമുറയിട്ടേ 
കെട്ട്യോനെ ആരാനും കൊന്നു തിന്നോ 
കൊന്നതുമല്ല തിന്നതുമല്ല 
തമ്പ്രാനെ പേടിച്ചു ഓടിയതാണേ....

(തന്നനംതാനനം......) 

നാരേണനില്ലാത്ത നങ്ങേലിനാണിക്കു 
നാട്ടുകാരൊക്കെയും താങ്ങും തണലുമായി 
താങ്ങിലും തണലിലും നങ്ങേലിനാണി 
മക്കളെ നാലെണ്ണം പെറ്റു കൂട്ടി....


(തന്നനംതാനനം......) 

മക്കളു നാലും ആണ്‍ മക്കളാണേ 
മക്കള്‍ക്കു അഛന്മാര്‍ നാലു പേരാണേ 
നാരേണനാര്‍ക്കും അഛനല്ലേ 
നങ്ങേലിനാണി അമ്മയാണേ....

(തന്നനംതാനനം......) 
ഒന്നാമന്‍ ഓമന ഓമനകുട്ടന്‍ 
കുടിയടപ്പവകാശം തീര്‍ത്തു തമ്പ്രാന്‍ ,
രണ്ടാമന്‍ തണ്ടിലും മെയ്യഴകുള്ളവന്‍ 
മയ്യഴിക്കാരന്റെ സമ്മാനം നാണിക്കു,
മൂന്നാമന്‍ മുന്‍കോപി ഗോപിനാഥന്‍ 
കോമരം തുള്ളുന്ന പിള്ളനല്‍കി ,
നാലാമന്‍ നാട്ടിലെ മദ്ധ്യസ്ഥനാണേ 
വാദ്യാരു നല്‍കിയ സമ്പാദ്യമാണേ....

(തന്നനംതാനനം......) 



നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ 
മക്കളു നാലും ആണ്‍മക്കളാണേ 
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ 
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....


തന്നനംതാനനം തന്നനം താനനം 
താനനം താനനം തെയ് തിമിന്തോ

2013, മാർച്ച് 6, ബുധനാഴ്‌ച

മനനം ചെയ്യുക മനുഷ്യ നീ മരുന്നില്ല ഭൂമിയില്‍ നീകടിച്ചാല്‍ !!

മനുഷ്യന്‍ 
വിശിഷ്ട ബുദ്ധിയില്‍    
വിവേകശാലികള്‍
വിശക്കാതെ കഴിക്കും
വികാരജീവികള്‍ !!

ക്ഷണഭ്രമത്തില്‍
കാമം ജനിപ്പിക്കും
ഇരയാക്കി ഇണ ചേരും
ഇരുകാലികള്‍ !!

കത്തുന്ന കാമാഗ്നി
കെടുത്തുവാന്‍
പെണ്ണിനെ കടിച്ചു കീറി
എറിയുന്നു തെരുവില്‍ !!

കൊഞ്ചിക്കളിക്കുന്ന
പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ
ക്രൂരമായി കൊല്ലുന്നു
കാമം തീര്‍ക്കുവാന്‍ !! 

നര്‍മ്മബോധത്തില്‍
അനുഗ്രഹമായവന്‍
കര്‍മ്മബോധം മറന്നു
അന്ത്യം കുറിക്കുന്നു !!

മര്‍ത്ത്യനു കൈപ്പിഴ
ജന്മസിദ്ധം
മര്‍ത്ത്യസ്വഭാവം
മരണം വരേയ്ക്കും !!

മനനം ചെയ്യുക
മനുഷ്യ നീ
മരുന്നില്ല ഭൂമിയില്‍
നീകടിച്ചാല്‍ !!

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മനസ്സില്‍ വിടര്‍ന്ന മോഹമാണോ ചുണ്ടില്‍ വിരിഞ്ഞ ചുംബനങ്ങള്‍.....

കൂട്ടായി

വിളക്കായി നില്‍ക്കാം 
അരികിലെന്നും 
അണയാതിരിക്കാന്‍ 
നീ മറയായി വേണം.....

നിഴലായി തുടരാം 
പിറകിലെന്നും 
അകലാതിരിക്കാന്‍ 
നിന്‍ മനസ്സു വേണം.....

തുണയായിരിക്കാം 
കൂട്ടിനെന്നും 
പിരിയാതിരിക്കാന്‍ 
നിന്‍ സ്നേഹം മതി.....

മിഴികള്‍ മൊഴിഞ്ഞതു 
പ്രണയമെങ്കില്‍ 
മിഴിനീരെന്തിനു 
ചൊരിയണം നീ ....

മനസ്സില്‍ വിടര്‍ന്ന 
മോഹമാണോ 
ചുണ്ടില്‍ വിരിഞ്ഞ 
ചുംബനങ്ങള്‍.....

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

അമ്മയെ വന്ദിക്കണം ലക്ഷ്മീദേവിയായി...

 മഹിമ

അമ്മയെ വന്ദിക്കണം
ലക്ഷ്മീദേവിയായി...

അഛനെ സ്തുതിക്കണം
വിഷ്ണുദേവനായി...

ബന്ധുക്കളെവണങ്ങണം
വിഷ്ണുഭക്തരായി... 

സ്വദേശത്തിനെ കാണണം
മൂന്നു ലോകമായി...

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

തലയിലേന്തിയ കടുത്ത ഭാരത്തെ താങ്ങി വെച്ചു മനുഷ്യനു ആശ്വാസമായി പണ്ടൊരു കാലം !!

ചുമടുതാങ്ങികള്‍

പണ്ട്
 
തലയില്‍
ഭാരമേന്തി
ചുമടുമായി
വരുന്നവന്റെ
തലക്കു തെല്ലൊരു
താങ്ങായി
വഴിയരികില്‍
നില്‍ക്കും
ചുമടുതാങ്ങികള്‍
അറിഞ്ഞിരുന്നില്ല
മുകളില്‍
കയറ്റി വെക്കുന്ന
ഭാരത്തിന്റെ
കാഠിന്യം !!

കരുത്തരായ
കരിങ്കല്ലുകള്‍
ഉറച്ചു നിന്നു
തൂണുകളായി,
തലയിലേന്തിയ
കടുത്ത ഭാരത്തെ
താങ്ങി വെച്ചു
മനുഷ്യനു
ആശ്വാസമായി 
പണ്ടൊരു കാലം !!

ഇന്ന്

ആ കരിങ്കല്ലുകള്‍ക്കു
കയ്യ് കാലുകള്‍ മുളച്ചു
ജീവനുള്ള
പ്രതിഷ്ഠകളായിരുന്നു
തമോഗുണമില്ലാതെ
ഭരണം നടത്തി
ഭാരിച്ച ഭാരങ്ങള്‍
കെട്ടുകളായി കെട്ടി
മനുഷ്യന്റെ
തലയില്‍ വെച്ചു
പാവം
ചുമടു താങ്ങികളാക്കുന്നു !!

2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

ധര്‍മ്മം വെടിയുമ്പോള്‍ കര്‍മ്മഫലം അധര്‍മ്മമാകുന്നു


അവലോകനം

ജര  ഭവിച്ചൊരുനാള്‍
വികൃതമായി മാറുമീ
അഴകിന്റെ അഴകായി
തുളുമ്പുന്ന സൌന്ദര്യം !

ക്ഷമയെ ക്ഷയിപ്പിക്കാന്‍
ക്ഷണമായി വരുന്നു
അടങ്ങാത്തൊരു മോഹവും
അതിലേറെ ആശയും !

വസന്തങ്ങള്‍ പൂത്തുലയുമീ
ജീവിതത്തിന്‍ പൂമുഖത്തു
പ്രാണനെടുക്കാനായെത്തുന്നു
മൃത്യുവിന്റെ കരങ്ങള്‍ !

ദാനം ചെയ്തു നേടിയൊരീ
ക്ഷേമമാം  ധര്‍മ്മനിഷ്ഠയെ
സംഹരിക്കുവാന്‍  മുളക്കുന്നു
അസൂയയുടെ വിത്തുകള്‍ !

കോപം കൊണ്ടു കാട്ടുന്ന
ചേഷ്ടകളില്‍ നശിക്കുന്നു
സകല ഗുണങ്ങളുടെ
സമ്പത്തും ഐശ്വര്യവും !

തങ്ക മനസ്സുകള്‍ക്കു ക്ലാവു പിടിച്ചു
സല്‍സ്വഭാവത്തിന്റെ
മാറ്റു കുറക്കുവാന്‍ ഹേതുവാകുന്നു
ദുര്‍ജനസംസര്‍ഗം !

സ്വന്തം മറയാക്കി
ബന്ധം പുലര്‍ത്തുവാന്‍
ലഞ്ജയില്ലാതെ തെളിക്കും
കാമം നുരയുന്ന മനോരഥങ്ങള്‍ !

ധര്‍മ്മം വെടിയുമ്പോള്‍
കര്‍മ്മഫലം അധര്‍മ്മമാകുന്നു
ക്ഷമയില്ലാതൊരു അഭിമാനം
കുടുംബത്തിനെ കുളം തോണ്ടുന്നു !

2013, ജനുവരി 28, തിങ്കളാഴ്‌ച

അന്നം കഴിച്ചു വിശപ്പു മാറുമ്പോള്‍ പിന്നെ വേണ്ടാന്നു തൃപ്തിയായി ചൊല്ലുന്നു...


അന്നദാനം 

അന്നദാനം മഹാദാനം 
മാഹാത്മ്യത്തിലേറെ 
മഹത്തായ ദാനം.
വിശന്നു വലയുന്നവനു 
ആശ്വാസമാണന്നദാനം, 
മനസ്സു ഏറെ നിറയുന്ന 
സംതൃപ്തിയാണന്നദാനം .
ദാനാമായി കിട്ടുന്ന 
ധനവും വസ്ത്രവും 
ആര്‌ത്തിയൊട്ടും 
കുറക്കുന്നില്ല മനുഷ്യനും. 
മോഹിച്ചു കിട്ടുന്ന 
ഭൂമിയും സ്വര്‍ണ്ണവും 
എത്ര കിട്ടിയാലും 
തൃപ്തനാവാതെ മനുഷ്യനും . 
അന്നം കഴിച്ചു വിശപ്പു 
മാറുമ്പോള്‍ പിന്നെ വേണ്ടാന്നു 
തൃപ്തിയായി ചൊല്ലുന്നു...


2013, ജനുവരി 21, തിങ്കളാഴ്‌ച

"ഈ ശുപാര്ശ ശിരസ്സാ വഹിക്കണം" നാളെ മുതല്‍ കാലം തീരുന്നതു വരെ . ശിരസ്സാവഹിക്കണോ ...? ശിരസ്സല്ലേ അറുത്തു കൊണ്ടു പോയതു .....? അത് എങ്ങനെ മറക്കും ...?

തിരുവചനം 


"നിന്നെപ്പോലെ  നിന്റെ  അയല്ക്കാരനേയും സ്നേഹിക്കുക.... "
തിരുവചനം വളരെ മഹത്വരം , സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു 
അന്നുമുതലും ഇന്നും ഇനിയും ...

എന്നാലിനിയും സ്നേഹിക്കുക മാത്രം പോരാ  നമ്മുടെ സ്നേഹത്തിനു തൃപ്തി 
കിട്ടണമെങ്കില്‍  അയല്ക്കാരെ മനസ്സിലാക്കി ബഹുമാനിക്കുകകൂടി ചെയ്യണ
മെന്നു കുടിയാലോചാനായായി ഒരു ശുപാര്‌ശ വരുന്നു .
"ഈ ശുപാര്ശ ശിരസ്സാ വഹിക്കണം" നാളെ മുതല്‍ കാലം തീരുന്നതു വരെ .

ശിരസ്സാവഹിക്കണോ ...? ശിരസ്സല്ലേ  അറുത്തു  കൊണ്ടു പോയതു .....?
അത് എങ്ങനെ മറക്കും  ...?

2013, ജനുവരി 16, ബുധനാഴ്‌ച

ദാനം ചെയ്യാത്ത മനുഷ്യനും മഹാ ത്യാഗിയാകുന്നു

        ദാനം 

ദാനം ചെയ്യാത്ത മനുഷ്യനും 
മഹാ ത്യാഗിയാകുന്നു 
ജീവനും വെടിഞ്ഞവന്   
പോകുന്ന നേരത്തു
ആശിച്ചു കൂട്ടിയ 
സമ്പത്തു മുഴുവനും  
തീരെ ഉപയോഗമാക്കതെ 
വിട്ടിട്ടു വെറുംകയ്യോടെ 
പോകുന്നു ....

ദാനം ചെയ്യുന്ന മനുഷ്യനോ 
കൃപണനായിത്തീരുന്നു 
ദാനഫലം കൊണ്ടു കിട്ടിയ 
പുണ്യവും ദേഹം  വെടിഞ്ഞു 
പോകുന്ന ജീവന്റെയൊപ്പം
കൊണ്ടു പോകുന്നു ....

2013, ജനുവരി 6, ഞായറാഴ്‌ച

ശ്രീബുദ്ധന്റെ വിരല്‍ത്തുമ്പില്‍ ചക്രായുധം നല്‍കിയാലെന്ന വ്യവസ്തയാണല്ലോ നീതി പീഠത്തിനു...! ഇനിയൊരു ശിവസുതനോ ഹരിപുത്രനോ ഈ ഭൂലോകത്തിലവതരിച്ചു രക്ഷകരാകില്ല.അവതരിച്ച നീതികൊണ്ടു ഈ അസുരജന്മങ്ങളെ കൊല്ലുവാനുള്ള വിധി കല്പിക്കുക. പുണ്യം ഹോമിച്ച ഈ ജന്മങ്ങളെ മണ്ണിനു വേണ്ടാ.അടുത്തജന്മത്തില്‍ പുണ്യവാന്മാരാകുവാനായി വിധിക്കു വധശിക്ഷ ......!!!


ഈശാപങ്ങള്‍ക്കു മോക്ഷംകൊടുക്കണം


    ടുത്ത ശാപം പേറി ജന്മമെടുത്ത രാക്ഷസന്മാരു തപസ്സു ചെയ്തു ഇഷ്ടവരം വാങ്ങി ശക്തിയാര്‍ജ്ജിച്ചു ദേവലോകം പിടിച്ചടക്കിയപ്പോള്‍ ഭയന്നു വിറച്ച ദേവകളൊക്കെ ഭൂമിയിലഭയം തേടി ഒളിച്ചിരുന്നുവെന്നു പുരാണം പറയുന്നു.

    ദേവന്മാരുടെ ബലഹീനത കണ്ടറിഞ്ഞ പരമശിവനും മഹാവിഷ്ണുവും ദേവന്മാരെ രാക്ഷസന്മാരില്‍ നിന്നും രക്ഷിക്കാന്‍ ശിവസുതന്മാരേയും ഹരിഹരപുത്രനേയും ഓരോ യുഗങ്ങളിലായി അവതാരം നല്‍കി സൃഷ്ടിച്ചുവെന്നും, ഈശിവ ഹരിഹര പുത്രന്മാര്‍ ദുഷ്ട ഭീകരരാക്ഷസന്മാരെ ഒന്നൊന്നായി വധിച്ചു ശാപമോക്ഷം നല്‍കി തിരിച്ചു കൊടുത്ത ജന്മത്തില്‍ എല്ലാ രാക്ഷസന്മാരും നല്ലവരായി ജനിച്ചുവെന്നും പുരാണം പറയുന്നു.

    ഈ പുരാണങ്ങളിലൊക്കെ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്ന മനുഷ്യലോകത്തിലിന്നു ശാപം കിട്ടിയ കുറേ അസുര വിത്തുക്കള്‍ മുളച്ചിരിക്കുന്നു.ഘോര വിഷം നിറഞ്ഞ കാമക്കണ്ണുകളുള്ള അണലികള്‍...! 

    പെണ്ണിന്റെ മണം പേറി മണ്ണിലിഴഞ്ഞു നടക്കുന്ന വിഷപാമ്പുകളു...! സ്ത്രീത്വം കവര്‍ന്നു ഫണം വിടര്‍ത്തുന്നു സ്ഥലകാല ബോധമില്ലാതെ പോലും...!

    ഇലകൊഴിഞ്ഞു ഉണങ്ങിയ മരത്തിന്റെ ശുഷ്കിച്ച ചില്ലകളിലും ചുറ്റിപിണഞ്ഞു കിടക്കുന്നു കാമവെറി പൂണ്ട കരിനാഗങ്ങള്‍...!

    ഈ ശാപം കിട്ടിയ അസുരജന്മങ്ങള്‍ക്കു ശാപമോക്ഷം കൊടുക്കണം സ്ത്രീജന്മങ്ങളുടെ രക്ഷക്കായി.......

      ശ്രീബുദ്ധന്റെ വിരല്‍ത്തുമ്പില്‍ ചക്രായുധം നല്‍കിയാലെന്ന വ്യവസ്തയാണല്ലോ നീതി പീഠത്തിനു...!

    ഇനിയൊരു ശിവസുതനോ ഹരിപുത്രനോ ഈ ഭൂലോകത്തിലവതരിച്ചു രക്ഷകരാകില്ല.അവതരിച്ച നീതികൊണ്ടു ഈ അസുരജന്മങ്ങളെ കൊല്ലുവാനുള്ള വിധി കല്പിക്കുക.

പുണ്യം ഹോമിച്ച ഈ ജന്മങ്ങളെ മണ്ണിനു വേണ്ടാ.അടുത്തജന്മത്തില്‍ പുണ്യവാന്മാരാകുവാനായി വിധിക്കു വധശിക്ഷ ......!!!

2013, ജനുവരി 4, വെള്ളിയാഴ്‌ച

വിണ്ണിലായി മിന്നുന്ന എന്റെ പ്രാണനക്ഷത്രമേ ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല

 വിധി

ഈശ്വരന്റെ വിധിയൊ
പോയജന്മത്തില്‍ പുരണ്ട
ശാപത്തിന്റെ കറയോ !

ജീവിതമെന്നൊരു 
ദൂരം താണ്ടാനായി 
കൂട്ടു വന്നവന്‍
പാതി വഴിയില്‍ 
പാത വെടിഞ്ഞു പോയി !

തങ്കത്താലി കഴുത്തില്‍ 
അണിയച്ചവനീ തലക്കു മീതേ 
താരകമായി ചിമ്മി 
മങ്ങിയ വെളിച്ചം പകരുന്നു !

കുറ്റങ്ങളുടെ കൂടാരം 
സത്യം മറച്ചു 
തെറ്റുകളു കണ്ണികളാക്കി 
ചങ്ങല പണിയുന്നു !

മാംസദാഹികള്‍ 
കരിമൂറ്ഖന്മാര്‍
ഫണം വിടറ്ത്തിയാടുന്നു 
കെണികളൊരുക്കി  
ബന്ധിക്കുന്നു ബന്ധുജനങ്ങളും !

വിണ്ണിലായി മിന്നുന്ന 
എന്റെ പ്രാണനക്ഷത്രമേ 
ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല 
വരുന്നു ഞാനും നിന്നരികിലേക്കു 
മങ്ങിയെങ്കിലും ചെറുതായി മിന്നി
അടുത്തു നില്‍ക്കാനൊരു മോഹം !
                                                                          

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...